സിബിഐ ചമഞ്ഞ് 3.15 കോടി രൂപ തട്ടിച്ചു: സംഘത്തിലെ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
Mail This Article
തളിപ്പറമ്പ് ∙ സിബിഐ അറസ്റ്റ് ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി സ്വദേശി എം.പി.ഫഹ്മി ജവാദിനെയാണ് (22) കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ വൈത്തിരിയിൽ അറസ്റ്റ് ചെയ്തത്. ആന്തൂർ മോറാഴ പാളിയത്തുവളപ്പ് കരോത്ത് വളപ്പിൽ ഭാർഗവനെ(74) കബളിപ്പിച്ച് 3.15 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൊൽക്കത്ത സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെങ്കിലും പണത്തിന്റെ ഒരു ഭാഗം വന്നത് ഫഹ്മി ജാവേദിന്റെ അക്കൗണ്ടിലേക്കാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ സിംകാർഡ് എടുക്കുകയും ആ കാർഡ് ഉപയോഗിച്ച് ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും ആരോപിച്ച് മുംബൈ ടെലികോമിൽ നിന്നാണ് എന്നു പരിചയപ്പെടുത്തി ഒരാൾ ഭാർഗവനെ വിളിച്ചു പറഞ്ഞിരുന്നു.
ഈ തട്ടിപ്പിന് ഇരയായ ഒരു കുടുംബം ജീവനൊടുക്കിയതായും പറഞ്ഞിരുന്നു. പിന്നീടാണ് മുംബൈ പൊലീസ് ആണെന്നും സിബിഐ ആണെന്നും പറഞ്ഞ് വിഡിയോ കോളുകൾ വന്നത്. ഭാർഗവനെ അറസ്റ്റ് ചെയ്തതായും വിദേശത്തുള്ള മക്കളെയും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. ഭാർഗവന്റെ അക്കൗണ്ടുകളിലുള്ള പണം പരിശോധിക്കണമെന്നും അത് സംഘം പറയുന്ന അക്കൗണ്ടുകളിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഭാർഗവൻ തന്റെയും ഭാര്യയുടെയും പേരുകളിലുള്ള അക്കൗണ്ടുകളിൽ നിന്ന് 3.15 കോടി രൂപ അയച്ചു. പിന്നീട് സംഘത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.
കൊൽക്കത്ത അഫ്സന ടൂർസ് ആൻഡ് ട്രാവൽസിന്റെ പേരിലാണു പണം പോയത്. തളിപ്പറമ്പ് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് എസ്പി പ്രജീഷ് തോട്ടത്തിലിന്റെയും ഡിവൈഎസ്പി കീർത്തി ബാബുവിന്റെയും നേതൃത്വത്തിൽ അന്വേഷിച്ചപ്പോൾ 360 അക്കൗണ്ടുകളിലേക്ക് ഈ പണം കൈമാറിയതായി കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫഹ്മി ജവാദിന്റെ അക്കൗണ്ടിലേക്ക് ഇതിൽ നിന്ന് 27 ലക്ഷം രൂപ എത്തിയതായി കണ്ടത്. പണം തട്ടിപ്പ് സംഘത്തിനു കൈമാറുന്നതിന്റെ ഇടനിലക്കാരനാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 4 സുഹൃത്തുക്കളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് 7 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ വാങ്ങിയെടുത്താണ് ഇവരുടെ തട്ടിപ്പ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ സിന്ധു, മഹേഷ്, ഷൈൻ, അശോകൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.