വെള്ളോറയിൽ അജ്ഞാതജീവി വളർത്തുനായയെ ആക്രമിച്ചു
Mail This Article
വെള്ളോറ ∙ പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ പരിസര പ്രദേശത്ത് പുലിയെന്ന് കരുതുന്ന അജ്ഞാതജീവി കൂട്ടിലെ വളർത്തുനായയെ കടിച്ചു പരുക്കേൽപ്പിച്ചു. കഴിഞ്ഞ ആഴ്ച കൂട്ടിൽ കയറി ആട്ടിൻകുട്ടിയെയും കക്കറ കരിമണലിൽ വളർത്തു നായയെയും കടിച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനിൽ പുലിയാണെന്നാണ് നിഗമനം.കക്കറ കാനാ ജനാർദന്റെ വീട്ടു മുറ്റുത്തു കുട്ടിലുണ്ടായിരുന്ന നായയെയാണ് ഇന്നലെ വൈകിട്ട് കടിച്ചു പരുക്കേൽപ്പിച്ച നിലയിൽ കണ്ടത്. കഴുത്തിനു താഴെയാണ് കടിയേറ്റത്. വനം വകുപ്പ് പരിശോധന നടത്തി. വെള്ളോറ അറക്കാൽ പാറ നീലിയാർ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പന്തമാക്കൽ രവീന്ദ്രന്റെ വീട്ടിലെ ആടിനെയാണ് കഴിഞ്ഞ ആഴ്ച അജ്ഞാത ജീവി കടിച്ചു കൊന്നത്.
ആടിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വെള്ളോറ കോയിപ്ര താളിച്ചാൽ റോഡിൽ പുലി കടന്നു പോകുന്നത് വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. പുലി ഭീഷണി നിലനിൽക്കുന്ന വെള്ളോറയുടെ സമീപ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചിരുന്നു. എന്നാൽ ഈ നിരീക്ഷണ ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. കൂട്ടിൽ പുലി കുടുങ്ങിയില്ല. .കഴിഞ്ഞ ദിവസം മുതൽ വനം വകുപ്പ് സംഘം വ്യാപകമായി ഡ്രോൺ ക്യാമറ വച്ച് പരിശോധന നടത്തുന്നുണ്ട്.
കെണിയിൽ വീഴാതെ പുലി
വെള്ളോറ ∙ വെള്ളോറയിൽ പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയില്ല. പുലിയെ ആദ്യം കണ്ടതായി പറയുന്ന പൊതുശ്മശാനത്തിന്റെ സമീപത്താണ് കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചത്. ഇവിടെ സ്ഥാപിച്ച ക്യാമറകളിലും പുലിയുടെ ദൃശ്യമില്ല. ഇതിനിടെ വെള്ളോറ ടഗോർ ഹയർസെക്കൻഡറി സ്കൂളിന്റെ പിറകു ഭാഗത്തായി അനിക്കം റോഡിൽ ഇന്നലെ പുലർച്ചെ പുലിയെ കണ്ടതായി ആളുകൾ പറയുന്നു.