വേലിയിറക്കത്തിൽ ബോട്ട് മണ്ണിൽ കുരുങ്ങി; റീസർവേക്ക് എത്തിയ റവന്യു ഉദ്യോഗസ്ഥ സംഘം കുടുങ്ങി
Mail This Article
പാപ്പിനിശ്ശേരി ∙ തുരുത്തിക്ക് സമീപം വളപട്ടണം പുഴയിലെ സ്വകാര്യ തുരുത്തിൽ (ചെറുദീപിൽ) റീസർവേ നടത്താൻ എത്തിയ റവന്യു ഉദ്യോഗസ്ഥ സംഘം തിരിച്ചുവരാൻ കഴിയാതെ ഏറെനേരം കുടുങ്ങിപ്പോയി. ഇന്നലെ വൈകിട്ട് 5നാണ് സംഭവം. പയ്യന്നൂർ റീസർവേ സൂപ്രണ്ട് ഓഫിസിലെ റവന്യു ഉദ്യോഗസ്ഥരായ ഷിനു, സർവേയർ നൂറ റഹിം, ബ്രിജേഷ്, അഖിൽ എന്നിവരും, തൊഴിലാളികളായ ബാബു, പ്രശാന്ത് എന്നിവരുമാണ് കുടുങ്ങിപ്പോയത്. ഇന്നലെ രാവിലെ ഇവർ യാത്രചെയ്തിരുന്ന സ്വകാര്യ ബോട്ട് പിന്നീട് വേലിയിറക്കത്തിൽ മണ്ണിലെ ചെളിയിൽ ആഴ്ന്നുപോയി കുരുങ്ങിയതിനാൽ മറുകരയിലേക്ക് യാത്രചെയ്യാൻ സാധിക്കാതെ പോയി. വളപട്ടണം പുഴയിൽ ഡോ.ബന്ത്വാളിന്റെ ഉടമസ്ഥതയിലുള്ള ചെറുദ്വീപിലേക്ക് റീസർവേ നടത്താനായി ഇന്നലെ രാവിലെയാണ് തുരുത്തിൽ എത്തിയത്.
ചെളിയിൽ കുടുങ്ങിപ്പോയ ബോട്ട് മുന്നോട്ടെടുക്കാൻ കഴിയാതെ വന്നതോടെയാണ് വൈകിട്ട് സഹായത്തിനായി വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. പുഴയിൽ രക്ഷാബോട്ട് ഇറക്കി 6 മണിയോടെ തുരുത്തിൽ കുടുങ്ങിപ്പോയ മുഴുവൻപേരെയും പാപ്പിനിശ്ശേരിയിൽ എത്തിച്ചു. വളപട്ടണം പൊലീസും സ്ഥലത്ത് എത്തിച്ചേർന്നു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.അജയൻ, ആർ.പ്രശേന്ദ്രൻ, എ.കുഞ്ഞിക്കണ്ണൻ, ഒ.വി.വൈശാഖ്, മിഥുൻ.എസ്.നായർ, പി.എം.ഷിജു, എം.അനീഷ്കുമാർ, എ.എസ്.മനു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.