വീണ്ടും പുലി, കരടി; പള്ളിക്കരയിലും പുലിയെ കണ്ടെന്ന് അഭ്യൂഹം
Mail This Article
ചെറുകുന്ന് ∙ പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ രാവിലെ 7.30ന് മത്സ്യത്തൊഴിലാളി നിഷാന്ത് പോളാണു പുലിയെ കണ്ടെന്ന് അറിയിച്ചത്. പള്ളിക്കര പുഴയിൽ നിന്നു മീൻപിടിത്തം കഴിഞ്ഞു മടങ്ങുന്നതിനിടെ പുലിയെന്നു സംശയിക്കുന്ന ജീവി പെട്ടെന്നു റോഡ് മുറിച്ചുകടന്നു ചതുപ്പിലെ കണ്ടൽക്കാടുകളിലേക്കു പോകുന്നത് കണ്ടതായാണ് അറിയിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു കണ്ണപുരം പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
തളിപ്പറമ്പ് റേഞ്ച് ഓഫിസിൽ നിന്നെത്തിയ വനം ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളോ മറ്റു ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷയും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനം സ്പെഷൽ ഡ്യൂട്ടി വിഭാഗം ഫോറസ്റ്റ് ഓഫിസർ സി.പ്രദീപൻ, പി.പി.രാജീവൻ, എം.വീണ, അനിൽ തൃഛംബരം, ഷാജി ബക്കളം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വീണ്ടും കരടിയെ കണ്ടെന്ന് നാട്ടുകാർ
ചെറുപുഴ∙ പ്രാപ്പൊയിൽ ഈസ്റ്റിൽ കരടിയെന്നു കരുതുന്ന അജ്ഞാത ജീവിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രിയിലാണു ജീവിയെ പ്രദേശത്തെ ചിലർ കണ്ടത്. പട്ടികൾ നിർത്താതെ കുരച്ചതിനെത്തുടർന്നു നോക്കിയവരാണു പ്രാപ്പൊയിൽ -എയ്യങ്കല്ല് റോഡിലൂടെ ജീവി പോകുന്നത് കണ്ടത്. ബുധനാഴ്ച കരടിയെ കണ്ട എയ്യങ്കല്ലിലെ തുമ്പുങ്കൽ കുര്യന്റെ കൃഷിയിടത്തിൽ നിന്നു 300 മീറ്റർ അകലെയാണു ഇന്നലെ ജീവിയെ കണ്ടത്. രാത്രി മുഴുവൻ നായ്ക്കൾ കുരച്ചതായും നാട്ടുകാർ പറയുന്നു. തിരുമേനി-ചെറുപുഴ, പ്രാപ്പൊയിൽ-എയ്യങ്കല്ല്-രയരോം മരാമത്ത് റോഡിനോട് ചേർന്നുള്ള ഭാഗത്താണ് വ്യാഴാഴ്ച രാത്രി ജീവിയെ കണ്ടത്.
ഇവിടം ജനവാസ കേന്ദ്രമാണ്. തുമ്പുങ്കൽ കുര്യന്റെ കൃഷിയിടത്തിൽ കാണുന്നതിനു മുൻപും ജീവിയെ പലരും കണ്ടിരുന്നു. എന്നാൽ പലരും കാട്ടുപന്നിയെന്നാണ് കരുതിയിരുന്നത്. കുര്യന്റെ കൃഷിയിടത്തിൽ കണ്ടതോടെയാണു കരടിയാണെന്ന സംശയം ബലപ്പെട്ടത്. വീണ്ടും ജീവിയെ ജനവാസകേന്ദ്രങ്ങളിൽ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ആശങ്കയിലായി. ഇതിനിടെ വലിയ പട്ടിയെയാണു കണ്ടതെന്നു പ്രദേശവാസികളായ ചിലർ പറയുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. കരടിയാകാൻ സാധ്യതയില്ലെന്നാണു വനംവകുപ്പ് അധികൃതരും പറയുന്നത്.
പുലിയെ പിടിക്കാൻ ഒരു കൂട് കൂടി
വെള്ളോറ∙ പുലി ഭീതി നിലനിൽക്കുന്ന വെള്ളോറയിൽ പുലിയെ പിടിക്കാനായി വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിക്കും. കഴിഞ്ഞദിവസം വനം വകുപ്പ് ഒരു കൂട് സ്ഥാപിച്ചിരുന്നു. കൂടിന്റെ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലും പുലിയുടെ ദൃശ്യമില്ല. ഇതിന്റെ സമീപത്താണ് രണ്ടാമത്തെ കൂട് ഇന്ന് സ്ഥാപിക്കുകയെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീശൻ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം താളിച്ചാൽ കോയിപ്ര റോഡിൽ പുലിയെ കണ്ടതായി അഭ്യൂഹമുണ്ട്.
കോറോം കുറുമ്പ ഭാഗത്തും പുലിയെന്ന് വിവരം
പയ്യന്നൂർ ∙ നഗരസഭയിൽ കോറോം കുറുമ്പ ഭാഗത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായി ഓട്ടോ ഡ്രൈവർ ശശി പറയുന്നു. ഇറക്കത്തിൽ കലുങ്കിനടുത്ത് എത്തിയപ്പോൾ ഒരു ജീവി റോഡിന് കുറുകെ ഓടിയെന്നും അത് പുലിയാണെന്നുമാണു പറയുന്നത്. വ്യാഴം രാത്രിയിൽ ഹോട്ടൽ തൊഴിലാളിയും പുലിയെ കണ്ടതായി പറയുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.