ഹരിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍; സ്നേഹയുടെ മരണത്തിൽ ദുരൂഹത ?
Mail This Article
കൂത്തുപറമ്പ്∙ ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കൂത്തുപറമ്പ് ഫയർ സ്റ്റേഷന് സമീപം അടിയറപ്പാറ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ (35) ആണ് ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അവിടെ ഐടി മേഖലയിൽ പ്രവർത്തിക്കുകയായിരുന്ന സ്നേഹയുടെ മൃതദേഹത്തെ അനുഗമിച്ച് ഭർത്താവ് എത്താതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐടി രംഗത്ത് പ്രവർത്തിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ഹരി എസ്.പിള്ളയ്ക്കും മകൻ ശിവാങിനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
മകനോടൊപ്പം താൻ പത്തനംതിട്ടയിലേക്ക് മടങ്ങുകയാണെന്നും സ്നേഹയെ കൂട്ടിക്കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ട് ഹരി ഭാര്യാപിതാവ് രാജനെ ബന്ധപ്പെട്ടിരുന്നു. പ്രമേഹ രോഗി കൂടിയായ സ്നേഹയെ ആശുപത്രിയിൽ എത്തിപ്പിക്കുന്നത് വൈകിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു. മരണശേഷം ഹരിയുടെ സുഹൃത്താണ് സ്നേഹയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചതായി ബെംഗളൂരുവിലുള്ള ബന്ധുവിനെ അറിയിച്ചത്. വിമുക്തഭടൻ രാജൻ ആലക്കാട്ടിന്റെയും സുലോചനയുടെയും മകളാണ് സ്നേഹ. മടിവാള മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുലർച്ചെ വീട്ടിൽ എത്തിച്ച സ്നേഹയുടെ മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിച്ചു. റീ പോസ്റ്റ്മോർട്ടം ആവശ്യമെങ്കിൽ അതിന് സൗകര്യമൊരുക്കിയായിരുന്നു സംസ്കാരം. ഭർത്താവ് ഹരി എസ്.പിള്ളയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.