2.5 ലക്ഷം കവർന്ന ദാസനെ ‘പൊക്കി’; ഇഷ്ടം യാത്രയും ധൂർത്തും പാലക്കാട് പോയി ലോട്ടറി ടിക്കറ്റെടുക്കലും
Mail This Article
ഇരിട്ടി ∙ പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിലെ ‘പരാഗ് ഫാഷൻ’ എന്ന വസ്ത്രസ്ഥാപനത്തിൽനിന്നു 2.5 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെയാണ് (61) ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നു പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. കെട്ടിടത്തിന്റെ പിന്നിലെ ഭിത്തിയിലെ എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റിയാണ് ഉള്ളിൽ കടന്ന് മേശവലിപ്പിൽ സൂക്ഷിച്ച പണം കവർന്നത്. സമീപത്തെ വെട്ടുകല്ലുകൾ അടുക്കിവച്ച് അതിൽ കയറിനിന്നാണ് ഫാൻ പൊളിച്ചുനീക്കിയത്.
കഴിഞ്ഞ 17നു രാത്രിയാണു സംഭവം. സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, പ്രത്യേക സംഘം രൂപീകരിച്ച് പിന്തുടർന്നിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയുടെ ഒളിയിടം കണ്ടെത്താൻ തുടക്കത്തിൽ സാധിച്ചില്ല. വിവിധ ജില്ലകളിലായി അൻപതോളം മോഷണക്കേസുകളിൽ പ്രതിയാണു ദാസനെന്ന് പൊലീസ് പറഞ്ഞു. ചില കേസുകളിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇരിട്ടി എസ്ഐ ഷറഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രബീഷ്, ഷിജോയ്, സുകേഷ് ഊരത്തൂർ, ബിജു, കെ.ജെ.ജയദേവൻ (ആറളം പൊലീസ് സ്റ്റേഷൻ) എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്ര സ്ഥാപനം.
2 കവർച്ച കേസുകളിലും പ്രതിയെ ‘പൊക്കി’ പൊലീസ്
ടൗൺ നിത്യസഹായ മാതാ പള്ളി കവർച്ചക്കേസിലെ പ്രതിയെ 8 ദിവസത്തിനകം പിടികൂടിയെങ്കിലും ഇതിനു മുൻപ് നടന്ന വസ്ത്രസ്ഥാപന മോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ സാധിക്കാത്ത പ്രതിസന്ധിയിലായിരുന്നു ഇരിട്ടി പൊലീസ്. ഇതിനിടെ ഏതാനും ദിവസം മുൻപ് കോഴിക്കോട്ടെ ഒരു കടയിൽ കവർച്ചാശ്രമം നടത്തിയതു ദാസനാണെന്നു സിസിടിവി ദൃശ്യത്തിൽ വ്യക്തമായി. ഉടൻ ഇരിട്ടി പൊലീസ് കോഴിക്കോട്ടെത്തി ടൗൺ പരിസരം അരിച്ചു പെറുക്കുന്നതിനിടയ്ക്കു റോഡിലൂടെ നടന്നുനീങ്ങുന്ന ദാസനെ കയ്യോടെ പൊക്കുകയായിരുന്നു. വസ്ത്രസ്ഥാപന കവർച്ചക്കേസിലും ഒരു മാസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം.
കേരളം മുഴുവൻ ബസിൽ സഞ്ചരിച്ചു; കയ്യിലുള്ളത് 2500 രൂപ മാത്രം
ദാസന്റെ ഇഷ്ടം യാത്രയും ധൂർത്തും പാലക്കാട് പോയി ലോട്ടറി ടിക്കറ്റെടുക്കലും ആണെന്ന് പൊലീസ്. 2.5 ലക്ഷം രൂപ മോഷ്ടിച്ചെങ്കിലും ഒരു മാസം തികയും മുൻപ് പിടികൂടുമ്പോൾ കയ്യിലുള്ളതു 2500 രൂപ മാത്രം. ഇരിട്ടിയിൽ കവർച്ച നടത്തിയ ശേഷം കേരളം മുഴുവൻ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലാണ് ഉറക്കം. ദീർഘദൂര സർവീസ് ബസുകളിൽ ടിക്കറ്റ് എടുത്തു കറങ്ങും. ഇരിട്ടിയിൽ കവർച്ചയ്ക്ക് 3 ദിവസം മുൻപേ എത്തി കട കണ്ടുവച്ചു. അന്നു വിജയിക്കാത്തതിനാൽ കണ്ണൂരിൽ പോയി കിടന്നു. കവർച്ച നടത്തിയ ദിവസം വീണ്ടും എത്തി രാത്രി എട്ടോടെ പാലത്തിനടുത്തുള്ള ബാറിൽ പോയി മദ്യപിച്ച ശേഷം തിരിച്ചെത്തി കൃത്യം നടത്തി. ഇതിനു ശേഷം രാത്രി നടന്ന് കീഴൂർക്കുന്ന് മേഖലയിലെത്തി ഒഴിഞ്ഞ ഷെഡിൽ കിടന്നു. പുലർച്ചെ ഉണർന്ന് അണ്ടിക്കമ്പനി വരെ നടന്നു കെഎസ്ആർടിസി ബസിൽ കയറി കണ്ണൂർ വഴി പാലക്കാട്ടേക്ക് പോയതായി ദാസൻ അന്വേഷണസംഘത്തിനു മൊഴിനൽകി.