ഓർമവേണം, ആ വിയോഗങ്ങൾ; റോഡപകടങ്ങൾക്ക് ഇരയായവരുടെ ഓർമദിനാചരണം ഇന്ന്
Mail This Article
കണ്ണൂർ ∙ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ഇരകളുടെയും ഓർമദിനാചരണം ട്രോമാകെയർ കണ്ണൂരിന്റെ (ട്രാക്ക്) നേതൃത്വത്തിൽ നടക്കും. ഇന്ന് രാവിലെ 9 മുതൽ ആർടി ഓഫിസിൽ ഡോക്ടർമാരും മോട്ടർ വകുപ്പ് ഉദ്യോഗസ്ഥരും ട്രാക്കിന്റെ 229ാമത്തെ ബാച്ചിനു പരിശീലനം നൽകും.
വൈകിട്ട് 3.30ന് കാൾടെക്സ് ജംക്‌ഷനിൽ ബോധവൽക്കരണ ക്ലാസിന് ആസ്റ്റർ മിംസിലെ ഡോക്ടർമാർ നേതൃത്വം നൽകും. 4ന് കാനന്നൂർ സൈക്കിൾ ക്ലബ്ബിന്റെ റോഡ് സുരക്ഷാ റാലിയുണ്ടാകും. 2014ൽ ആരംഭിച്ച ട്രാക്കിൽ നിലവിൽ 11,000 അംഗങ്ങളുണ്ട്. പി.എം.സൂര്യയാണ് പ്രസിഡന്റ്. സെക്രട്ടറി കെ.സി.ഷിജു.
∙ ക്ലാസുകളിൽ പങ്കെടുക്കാൻ: 9447854170, 9895643445.
റോഡിൽ ഒരു മാസം മരിക്കുന്നത് 315 പേർ
കണ്ണൂർ∙ വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് പ്രതിമാസം ശരാശരി 315 പേർക്കു ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നു കണക്കുകൾ. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കു മാത്രമാണിത്. കഴിഞ്ഞ വർഷത്തെ പ്രതിമാസ ശരാശരി നോക്കിയാൽ ഇത് 340 ആണ്. സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ റിപ്പോർട്ട് ചെയ്തത് 36,561 റോഡപകടങ്ങളാണ്. 2843 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 40,886 പേർക്കു പരുക്കേറ്റു. 48,091 അപകടങ്ങളാണ് 2023ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അപകടങ്ങളിൽപെട്ട് 54,320 പേർക്കു പരുക്കേറ്റപ്പോൾ 4080 പേർക്കു ജീവൻ നഷ്ടപ്പെട്ടു. 2019ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ. 4440.
ഓർക്കാം, ശ്രദ്ധിക്കാം
∙ ബൈക്ക് യാത്രികർ ഹെൽമറ്റ് നിർബന്ധമായും ധരിക്കുക.
∙ കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക. ചൈൽഡ് സീറ്റ് നിർബന്ധമായും ഉപയോഗിക്കുക.
∙ മദ്യപിച്ചു വാഹനമോടിക്കരുത്.
∙ ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗം ഒഴിവാക്കുക.
∙ അമിതവേഗം ജീവനു ഭീഷണിയാണെന്ന് ഓർക്കുക.
∙ സന്ധ്യാസമയത്തും രാത്രിയിലും കൂടുതൽ കരുതൽ വേണം.