നടാൽ, എടക്കാട് മേഖലകളിലെ ഗതാഗതപരിഷ്കാരം: അപകടസാധ്യതയിൽ ആശങ്ക; മൗനം പൂണ്ട് അധികൃതർ
Mail This Article
എടക്കാട്∙ ദേശീയപാതവികസന ഭാഗമായി നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളിൽ ഏർപ്പെടുത്താൻ പോകുന്ന ഗതാഗതപരിഷ്കാരം വൻ അപകടത്തിന് വഴിവയ്ക്കുമെന്ന് ജനം ആശങ്കപെടുമ്പോഴും അധികൃതരും ജനപ്രതിനിധികളും മൗനത്തിൽ. ദേശീയപാത നിർമാണത്തിന്റെ നിലവിലെ പ്ലാൻ അനുസരിച്ച് കണ്ണൂർ–തോട്ടട വഴി നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ബസുകളടക്കം വലിയ വാഹനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കണമെങ്കിൽ മൂന്നര കിലോമീറ്റർ തിരിച്ച് കണ്ണൂർ ഭാഗത്തേക്ക് ഓടി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലേക്ക് എത്തേണ്ടി വരും.
ഇത്തരത്തിൽ ഓടാനാവില്ലെന്നും നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞയുടനെ ഒ.കെ. യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ഗതാഗത ക്ലേശത്തിന് പരിഹാരമായി ദേശീയപാത അധികൃതർ മുന്നോട്ട് വയ്ക്കുന്ന പുതിയ ഗതാഗതക്രമീകരണത്തിലാണ് ജനത്തിന് ആശങ്ക. നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന ബസുകൾ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ എടക്കാട് അടിപ്പാതവരെ ഓടി അവിടുന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കണം. തിരിച്ച് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച് എടക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് സർവീസ് റോഡിലേക്കിറങ്ങണം എന്നാണ് പുതിയ ഗതാഗതക്രമീകരണമെന്ന് അറിയുന്നു.
അതിവേഗപാതയിലേക്ക് ഗതാഗതം കടത്തിവിട്ടാൽ ഉണ്ടാകുന്ന അപകടസാധ്യതകളിലാണ് ആശങ്ക. മാത്രമല്ല കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസുകളെ ഉയരത്തിലൂള്ള ദേശീയപാതയിലൂടെ കടത്തിവിട്ടാൽ എടക്കാട് ടൗണിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് ബസ് ലഭിക്കാൻ ദേശീയപാതയിലേക്ക് കയറേണ്ടിവരും. നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞയുടനെ ഊർപഴശ്ശിക്കാവ് ക്ഷേത്രം റോഡിൽ തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത പണിതിട്ടുണ്ട്. എന്നാൽ ഇത് ഉയരം കുറഞ്ഞ അടിപ്പാതയായത് കൊണ്ട് മിനി ബസുകൾക്കും ചെറിയ വാഹനങ്ങൾക്കും മാത്രമേ കടന്നുപോകാൻ കഴിയുകയുള്ളൂ.