ADVERTISEMENT

മാതമംഗലം∙ ക്യാമറയും കൂടും സ്ഥാപിച്ചിട്ടും പുലി കാണാമറയത്ത്, ഭീതിയോടെ വെള്ളോറ, കക്കറ പ്രദേശവാസികൾ. ഒരു മാസത്തിനിടെ വെള്ളോറയിൽ ഒരു ആട്ടിൻകുട്ടിയെയും കക്കറയിൽ ഒരു വളർത്തു നായയെയുമാണ് പുലി കടിച്ചുകൊന്നത്. വീട്ടുമൃഗങ്ങളെ ആക്രമിച്ചും കൊന്നും പ്രദേശങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പുലിയെ പിടിക്കാൻ ആഴ്ചകൾക്കു മുൻപു വനംവകുപ്പിന്റെ നേതൃത്വത്തിൽ വെള്ളോറ പൊതുശ്മശാനത്തിനു സമീപത്തും കടവനാട് പ്ലാന്റേഷൻ ഭാഗത്തും  നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അനിക്കം, കക്കറ എന്നിവിടങ്ങളിൽ കൂടും സ്ഥാപിച്ചു. പക്ഷേ, പുലിയെ പിടിക്കാനായില്ല. നിരീക്ഷണ ക്യാമറകളുടെയും കൂടിന്റെയും സ്ഥാനം മാറ്റി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഡ്രോൺ ക്യാമറകളുടെ സഹായവും തേടുന്നുണ്ട്.

തിരച്ചിലോടു തിരച്ചിൽ
തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശൻ, ഡോ.ഇല്യാസ് റാവുത്തർ, ആർആർടി കണ്ണൂർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷൈനി കുമാർ,  പഞ്ചായത്ത് അംഗം എം.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് പുലിക്കായുള്ള തിരച്ചിൽ നടത്തിയത്. ഇപ്പോഴും വെള്ളോറയിലും കടവനാടും തിരച്ചിൽ നടത്തുന്നുണ്ട്.

പക്ഷേ, പുലിയെ ഇതുവരെ പിടിക്കാനായിട്ടില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങളുടെ ഭീതിയകറ്റാനും വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയാനും പുലിയെ പിടികൂടാൻ സഹായിക്കാനുമായി ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്

പുലി, പുലി തന്നെ
എരമം കുറ്റൂരിലെ അനിക്കം, കാര്യപ്പള്ളി, കായപ്പൊയിൽ ചെമ്പുല്ലാഞ്ഞി ഭാഗങ്ങളിൽ 20 ദിവസം മുൻപാണു പുലിയെന്നു കരുതുന്ന വന്യജീവിയെ നാട്ടുകാർ കണ്ടത്. വെള്ളോറ പൊതുശ്മശാനത്തിന്റെ സമീപത്തേക്കു വന്യജീവി പോകുന്നതാണ് ആദ്യം കണ്ടത്. തുടർന്ന്, കാര്യപ്പള്ളി ട്രാൻസ്‌ഫോർമറിന് സമീപത്തും കായപ്പൊയിൽ ചെമ്പുല്ലാഞ്ഞിയിലും വന്യജീവിയെ കണ്ടു. അനിക്കത്ത് വളർത്തു നായകളെ കടിച്ചുകൊന്ന നിലയിലും കണ്ടെത്തിയിരുന്നു.വെള്ളോറ പൊതുശ്മശാനത്തിന് സമീപം പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടും താളിച്ചാൽ  റോഡിൽ പുലി  മുറിച്ച കടക്കുന്ന  ദൃശ്യം വാഹന യാത്രക്കാർ എടുത്തിരുന്നു. വന്യജീവി പുലിയാണെന്ന് പ്രാഥമിക പരിശോധനയിൽ  വനംവകുപ്പ് കണ്ടെത്തിയിരുന്നു.  ഇതിനെ തുടർന്നു വെള്ളോറ, അനിക്കം, കരിമണൽ, കക്കറ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ ക്യാംപ് ചെയ്തിട്ടുണ്ട്.

ബുദ്ധിമുട്ടി കർഷകർ
പുലിയെ പിടിക്കാനാകാത്തതിനാൽ ദുരിതത്തിലായതു നാട്ടുകാരും കർഷകരുമാണ്. റബർ കർഷകർക്കും തൊഴിലാളികൾക്കും തൊഴിലും പണവും ഒരുപോലെ നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. കാട്ടുപന്നിയോടു പടവെട്ടിയാണു കർഷകരിൽ പലരും ക‍ൃഷിയിറക്കിയത്. പുലി ഇറങ്ങിയതോടെ കൃഷിപ്പണിക്കു പോകാൻ പോലും കഴിയുന്നില്ലെന്നു കർഷകർ പറയുന്നു. തോട്ടം മേഖലയായ എരമം, കുറ്റൂർ പഞ്ചായത്തിൽ പുലർച്ചെയുള്ള റബർ ടാപ്പിങ് പലപ്പോഴും പാതിവഴിയിൽ മുടങ്ങുകയാണ്.

English Summary:

Fear grips the residents of Mathamangalam, Kerala, as a tiger continues to evade capture despite weeks of intensive search efforts by the Forest Department. The tiger, responsible for attacks on domestic animals, has disrupted the lives of farmers and instilled fear in the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com