തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം: തളിപ്പറമ്പിൽ ഒരു വാർഡ് കൂടി
Mail This Article
തളിപ്പറമ്പ്∙ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ കരട് പുറത്തിറങ്ങിയത് ഇന്നലെ രാത്രി വൈകി. വിചിത്രമായ രീതിയിലാണ് പലയിടത്തും വാർഡുകൾ വിഭജിച്ചതെന്ന് ആദ്യം തന്നെ പരാതികൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. രാത്രി വൈകിയാണ് ലഭിച്ചതെന്നതിനാൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ ഇത് പരിശോധിച്ച് വരുന്നതേയുള്ളൂ. തളിപ്പറമ്പ് നഗരസഭയിൽ 34 വാർഡുകൾ ഉള്ളത് 35 ആയി വർധിച്ചിട്ടുണ്ട്. വാർഡ് വിഭജനത്തിൽ യുഡിഎഫിനും എൽഡിഎഫിനും ക്ഷീണം സംഭവിച്ചിട്ടുണ്ടെനാണ് സൂചന. നിലവിലുള്ള 2ാം വാർഡായ രാജരാജേശ്വര വാർഡ് 2 ആയി വിഭജിച്ചിട്ടുണ്ട്. അതു പോലെ കുറ്റിക്കോൽ വാർഡും തൃച്ചംബരം വാർഡും രണ്ടായി വിഭജിച്ചു. കുപ്പം വാർഡ് ദേശീയപാതയുടെ 2 ഭാഗത്തുമായി വരുന്ന അവസ്ഥയുണ്ട്.
ദേശീയപാത ബൈപ്പാസ് അതിരായി നിർണയിച്ചാണ് ഇവിടെ വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. 372 വീടുകളാണ് ഒരു വാർഡിൽ ഉണ്ടാകേണ്ടത്. ഇത് 10 ശതമാനം അധികരിക്കുകയോ കുറയുകയോ ചെയ്യാമെന്നും വ്യവസ്ഥയുണ്ട്. ലീഗ് വാർഡായ കുപ്പത്തിനൊപ്പം സിപിഎം വാർഡായ ചാലത്തൂരിന്റെ ഭാഗങ്ങളും കൂട്ടി ചേർത്തു. മുക്കോല, ഞാറ്റുവയൽ തുടങ്ങിയ ലീഗ് വാർഡുകളിലും ഈ അവസ്ഥയുണ്ട്. ബിജെപി സ്വാധീനമുള്ള കോടതി വാർഡ് പ്രദേശത്തോടൊപ്പം ഹബീബ് നഗർ വാർഡിന്റെ ഭാഗങ്ങളും ചേർന്നതായി ആദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തി പരാതികൾ നൽകാനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ. പഞ്ചായത്തുകളുടെയും അവസ്ഥ ഇത് തന്നെയാണ്.