ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവർത്തകൻ ദേവദാസ് തളാപ്പ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇരുവരിൽനിന്നും റിപ്പോർട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടർ അരുൺ കെ.വിജയന്റെ റിപ്പോർട്ടിൽ പറയുന്നു.  സാധാരണ ഇത്തരം ചടങ്ങുകളിൽ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല. എന്നാൽ, ഈ ചടങ്ങിന് പ്രാദേശിക ചാനലിന്റെ വിഡിയോഗ്രഫറും റിപ്പോർട്ടറും വന്നു.

എഡിഎമ്മിനെപ്പോലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന് നൽകുന്ന യാത്രയയപ്പായതിനാൽ ആരും സംശയിച്ചില്ല. താനൊരു വഴിപോക്കയാണെന്നും ഇങ്ങനെയൊരു പരിപാടി ഇവിടെ നടക്കുന്നെന്ന് അറിഞ്ഞാണു വന്നതെന്നുമുള്ള ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. പൊതുകാര്യങ്ങൾ പറഞ്ഞശേഷം പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നു. താൻ പലതവണ വിളിച്ചിട്ടും നടക്കാത്ത കാര്യം എഡിഎം സ്ഥലംമാറ്റം കിട്ടി പോകുന്നതിന് 2 ദിവസം മുൻപ് നടന്നതിൽ നന്ദിയുണ്ടെന്നും അതെങ്ങനെ ലഭിച്ചുവെന്ന് 2 ദിവസത്തിനകം നിങ്ങളെല്ലാം അറിയുമെന്നും പറഞ്ഞു.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥനു നൽകുന്ന ഉപഹാര സമർപ്പണത്തിന് സാക്ഷിയാവരുതെന്ന് ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. പൊലീസ് നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായി കലക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിനെ മരണത്തിലേക്കു നയിച്ചത് ദിവ്യ നടത്തിയ വിവാദ പരാമർശമാണെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിലും പറയുന്നു. ദിവ്യയെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് ഫയലുകൾ കോടതിക്കു കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

തെളിവുകൾ സംരക്ഷിക്കണമെന്ന് എഡിഎമ്മിന്റെ കുടുംബം
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ കോടതിയുടെ ഇടപെടൽതേടി കുടുംബം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷിയായ കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും സംരക്ഷിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ ഹർജി നൽകിയത്.

പി.പി.ദിവ്യയുടെയും അരുൺ കെ.വിജയന്റെയും ഔദ്യോഗിക മൊബൈൽ നമ്പറുകൾക്കു പുറമേ പഴ്സനൽ മൊബൈൽ നമ്പറുകളിലെ ഫോൺ വിളികളുടെ വിവരങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നിർദേശിക്കണമെന്ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജോൺ എസ്.റാൽഫ് മുഖേന നൽകിയ ഹർജിയിൽ പറയുന്നു. എഡിഎമ്മിന്റെ മരണം നടന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. കലക്ടറേറ്റ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷൻ പരിസരം, പള്ളിക്കുന്ന്, ക്വാർട്ടേഴ്സ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ കുടുംബം നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മറ്റേതെങ്കിലും ഏജൻസി അന്വേഷിച്ചാൽ ഈ വിവരങ്ങൾ ലഭ്യമാകുന്നതിനു വേണ്ടിയാണ് ഇവ സംരക്ഷിക്കാൻ ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ പറയുന്നു.

English Summary:

The untimely death of Kannur ADM K. Naveen Babu has taken a controversial turn with accusations against former District Panchayat President P.P. Divya. Both the Collector and City Police Commissioner have submitted reports to the Human Rights Commission alleging that Divya's conduct at Naveen Babu's farewell ceremony contributed to his death. The reports claim Divya's remarks about a petrol pump NOC were insulting and led to Naveen Babu's suicide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com