കാട്ടുപന്നി വിളയാട്ടം വാഴക്കർഷകൻ ജോണി യോയാക്കിന് ഒറ്റരാത്രി നഷ്ടം 200 വാഴകൾ
Mail This Article
ഇരിട്ടി∙ നഗരത്തിനു വിളിപ്പാടകലെ പെരുമ്പറമ്പിൽ കാട്ടുപന്നി കൂട്ടത്തിന്റെ ശല്യം മൂലം കൃഷി ചെയ്യാനാവാതെ കർഷകർ. മാതൃകാ കർഷകൻ ജോണി യോയാക്കിനു ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് 2 മാസം പ്രായമായ 200 വാഴകളും ഇടവിളയായി ചെയ്ത 100 മരച്ചീനിയും. സമീപത്തെ കർഷകർക്കും വ്യാപക കൃഷി നാശം ഉണ്ടായി. ജോണി യോയാക്ക് പാട്ടത്തിനെടുത്തു 1.5 ഏക്കർ സ്ഥലത്ത് നട്ടുവളർത്തി ജലസേചനം നൽകി പരിപാലിച്ച 1000 വാഴകളിലാണ് 200 എണ്ണം നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റും ജോണി കോൺക്രീറ്റ് കാലുകളിൽ മുള്ളുകമ്പിവേലി സ്ഥാപിച്ചിരുന്നു.
വേലിയിൽ മുള്ളുകമ്പികൾക്കിടയിലെ അര അടി ഒഴിവിലൂടെ കാട്ടുപന്നിക്കുഞ്ഞുങ്ങൾ ഉള്ളിൽ കയറിയാണ് വൻ നാശം വിതച്ചത്. പ്രവാസിയായി ദീർഘകാലം പ്രവർത്തിച്ച ജോണി നാട്ടിൽ തിരിച്ചെത്തിയ ശേഷം വാഴക്കൃഷി നടത്തിയാണ് ഉപജീവനം നടത്തുന്നത്. മാതൃകാ വാഴകർഷകൻ എന്ന നിലയിൽ അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള കർഷകനാണ്. സമീപവാസികളായ ടി.പി.ലത, പി.വി.പുഷ്പ്പവല്ലി, വിജയരാജൻ, കനകവല്ലി, പ്രമോദ്, വത്സൻ എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ജോണിയുടെ തോട്ടം 3 തവണ നശിപ്പിച്ചു
പെരുമ്പറമ്പിലെ ജോണി യോയാക്കിന്റെ തോട്ടത്തിൽ വാഴ കൃഷി നശിപ്പിക്കുന്നതു 3–ാം തവണ. ആദ്യ 2 തവണയും വാഴ നട്ടു 15 ദിവസം പ്രായം ആയി മുള വരുന്ന ഘട്ടത്തിൽ നശിപ്പിച്ചു. ഇതോടെ മുള്ളുവേലി ഇട്ടു കൃഷിയിറക്കി. 2 മാസം ശല്യം ഉണ്ടായില്ലെങ്കിലും കഴിഞ്ഞ രാത്രി നാശം വിതച്ചു. കഴിഞ്ഞ സീസണിൽ കാലാവസ്ഥ വ്യതിയാനം കാരണം ജോണിക്ക് വൻ നഷ്ടം സംഭവിച്ചിരുന്നു. ഇക്കുറി പ്രതീക്ഷയിൽ ആയിരുന്നു. ബാങ്ക് വായ്പ അടവ് ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയാണെന്നും ജോണി പറഞ്ഞു.