ചരിത്രസ്മൃതികൾ കാത്തുസൂക്ഷിക്കാൻ കണ്ണൂർ ജില്ലയിൽ ഏഴ് മ്യൂസിയങ്ങൾ
Mail This Article
കണ്ണൂർ ∙ ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും അറിവേകാൻ ജില്ലയിൽ ഒരുങ്ങുന്നത് ഏഴ് മ്യൂസിയങ്ങൾ. കണ്ണൂരിൽ കൈത്തറി മ്യൂസിയം, പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ സയൻസ് പാർക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറിൽ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ നാടിന് സമർപ്പിച്ചു. പെരളശ്ശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിർമാണത്തിലാണ്. കഥ പറയുന്ന മ്യൂസിയങ്ങളായാണിവ സജ്ജീകരിക്കുന്നതെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
'മലബാറിന്റെ പൈതൃകം' എന്ന വിഷയത്തിൽ യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ചടങ്ങിൽ കോർപറേഷൻ കൗൺസിലർ പി.വി.ജയസൂര്യൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കേരള ദിനേശ് ചെയർമാൻ എം.കെ.ദിനേശ് ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി.എസ്.മഞ്ജുളാദേവി, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, ഹാൻവീവ് ഡയറക്ടർ താവം ബാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, കോഴിക്കോട് കൃഷ്ണ മേനോൻ ആർട് ഗാലറി ആൻഡ് മ്യൂസിയം സൂപ്രണ്ട് പി.എസ്.പ്രിയരാജൻ, രാഷ്ട്രീയപാർട്ടി നേതാക്കളായ വെള്ളോറ രാജൻ, എം.ഉണ്ണിക്കൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, അസ്‌ലം പിലാക്കീൽ എന്നിവർ പ്രസംഗിച്ചു.