അഴീക്കൽ ടി.കെ.ബാലൻ സ്മാരക ബസ് സ്റ്റാൻഡ് നവീകരണം ഉടൻ
Mail This Article
അഴീക്കോട്∙ അഴീക്കൽ ടി.കെ.ബാലൻ സ്മാരക ബസ് സ്റ്റാൻഡ് നവീകരണം ഉടൻ ആരംഭിക്കും. 2 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതർ ബസ് സ്റ്റാൻഡ് സന്ദർശിച്ചിരുന്നു. എസ്റ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിച്ച് ഭരണാനുമതി ലഭ്യമാകുന്നതോടെ പ്രവൃത്തി ആരംഭിക്കും.
ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നിലവിലെ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിയും. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 4 കടമുറികളും മുകളിൽ ഒരു കോൺഫറൻസ് ഹാളും, ബസ് തൊഴിലാളികൾക്കായി വിശ്രമ മുറിയും, ശുചിമുറിയും നിർമിക്കാനാണ് പദ്ധതി.
അഴീക്കോട്, വളപട്ടണം, പുതിയതെരു, വായിപ്പറമ്പ് റുട്ടുകളിലായി 35 ബസുകളാണ് അഴീക്കൽ ബസ് സ്റ്റാൻഡിലൂടെ സർവീസ് നടത്തുന്നത്. ഒരു കെഎസ്ആർടിസി ബസും അഴീക്കൽ- കണ്ണൂർ റൂട്ടിൽ ഓടുന്നുണ്ട്. കണ്ണൂർ ആശുപത്രി റൂട്ടിലെ പ്രധാന ബസ് സർവീസ് കൂടിയാണ് അഴീക്കൽ ഫെറി കേന്ദ്രീകരിച്ചുള്ള ബസ് റൂട്ട്. മാട്ടൂൽ ബോട്ടു യാത്രക്കാരും അഴീക്കൽ ബസ് സ്റ്റാൻഡിനെയാണ് ആശ്രയിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ യാത്രക്കാർക്കൊപ്പം ബസ് തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയതല്ലാതെ മുഖഛായ മാറ്റുന്ന പദ്ധതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ബസ് സ്റ്റാൻഡ് ആധുനികവൽകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി.സുമേഷ് എംഎൽഎയുടെ നിവേദനം പരിഗണിച്ച് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
എംഎൽഎയായിരുന്ന ടി.കെ.ബാലന്റെ ശ്രമഫലമായി 2003ലാണ് ബസ് സ്റ്റാൻഡ് യാഥാർഥ്യമായത്. തീരദേശ ഹൈവേ യാഥാർഥ്യമായാൽ അഴീക്കൽ ബസ് സ്റ്റാൻഡിന് സമീപത്തു കൂടിയാണ് പാത കടന്നു പോവുക. ഒട്ടേറെ വികസന സാധ്യതകൾ ഉള്ള അഴീക്കലിൽ നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു.