റോഡുകൾ കയ്യേറി കാട്ടുപന്നിക്കൂട്ടം
Mail This Article
ചെറുപുഴ ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികൾ ഇപ്പോൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. മലയോരത്ത് കാട്ടുപന്നികളുടെ എണ്ണം വൻതോതിൽ വർധിച്ചതാണു യാത്രക്കാർക്കും കൃഷികൾക്കും ഒരുപോലെ ഭീഷണിയായി മാറിയത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടുപന്നികൾ റോഡിൽ തമ്പടിക്കുന്നതും കുറുകെ ചാടുന്നതുമാണു യാത്രക്കാർക്കു ഭീഷണിയായത്.കാട്ടുപന്നികൾ കുറുകെ ചാടി ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഭാഗ്യം കൊണ്ടു മാത്രമാണു പലർക്കും ജീവൻ തിരികെ ലഭിച്ചത്.
എട്ടും പത്തും കാട്ടുപന്നികൾ അടങ്ങുന്ന കൂട്ടങ്ങളാണു രാത്രികാലങ്ങളിൽ റോഡിൽ നിലയുറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ-തിരുമേനി റോഡിൽ കോക്കടവിനും തിരുമേനിക്കും ഇടയിൽ കാട്ടുപന്നിക്കൂട്ടം ഏറെ നേരം വാഹനയാത്ര തടസ്സപ്പെടുത്തി. ഏറെ നേരം കഴിഞ്ഞാണു പന്നിക്കൂട്ടം റോഡിൽനിന്നു മാറിയത്.
കുന്നിൻ മുകളിലെയും ജനവാസമില്ലാത്ത സ്ഥലങ്ങളിലെയും കൃഷികൾ നശിപ്പിച്ച ശേഷം കാട്ടുപന്നികൾ ഇപ്പോൾ തീറ്റ തേടി ജനവാസകേന്ദ്രങ്ങളിൽ എത്താൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ കേന്ദ്രമായ തിരുമേനി, മുളപ്ര, പാറോത്തുംനീർ, കട്ടപ്പള്ളി എന്നി സ്ഥലങ്ങളിലെ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു. പകൽ സമയങ്ങളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള കാടുകളിൽ കഴിയുന്ന കാട്ടുപന്നികൾ രാത്രിയാകുന്നതോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി വിതയ്ക്കുകയാണ്.