കരുതലും കൈത്താങ്ങും അദാലത്ത് 9 മുതൽ
Mail This Article
കണ്ണൂർ∙ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകൾ ഡിസംബർ 9 മുതൽ 16 വരെ നടക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പി.പ്രസാദ്, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. ഡിസംബർ 9ന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
പരാതികൾ താലൂക്ക് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇമെയിൽ, മൊബൈൽ നമ്പർ, വാട്സാപ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫിസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.
ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പിഎസ്|സി സംബന്ധമായവ, വായ്പ എഴുതിത്തള്ളൽ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളളവ), സർക്കാർ ജീവനക്കാരുടെ വിഷയങ്ങൾ, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും തുടങ്ങിയ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.