നാട്ടുകാരുടെ കൂഞ്ഞൂട്ടിച്ചേട്ടന് വിട; മികച്ച കർഷകൻ, കർഷക സമര നായകൻ, സാമൂഹിക പ്രവർത്തകൻ
Mail This Article
പെരുമ്പുന്ന∙ കഷ്ടപ്പാടുകളും അസൗകര്യങ്ങളും കൊണ്ട് മലയോരം വലഞ്ഞിരുന്ന കാലത്ത് 1943ൽ പ്രവിത്താനത്ത് നിന്ന് മലബാറിലെ പെരുമ്പുന്നയിലെത്തിയതാണ് തെങ്ങുംപള്ളിൽ ജോൺ. മുഴക്കുന്നുകാർക്ക് അദ്ദേഹം ജന സേവകനായ പ്രിയപ്പെട്ട കുഞ്ഞൂട്ടി ചേട്ടനായിരുന്നു. അദ്ദേഹം ഇന്നലെ വിട പറഞ്ഞു. കുടിയേറ്റ കർഷകൻ എന്ന വാക്കിൽ ഒതുക്കാവുന്നതല്ല മുഴക്കുന്നുകാർ കുഞ്ഞൂട്ടി ചേട്ടൻ എന്ന് വിളിക്കപ്പെടുന്ന തെങ്ങുംപള്ളിൽ ജോണിന്റെ ജീവിതം. മികച്ച കർഷകൻ, മികച്ച കർഷക സമര നായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ 10 വർഷത്തോളം കോൺഗ്രസിന്റെ മുഴക്കുന്ന മണ്ഡലം പ്രസിഡന്റായും കർഷക കോൺഗ്രസ് പ്രസിഡന്റായും ജോൺ പ്രവർത്തിച്ചു.
പെരുമ്പുന്ന, കാക്കയങ്ങാട്, പാലപ്പുഴ എന്നീ മേഖലയുടെ വികസനത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കും ജനകീയമായ ഇടപെടലുകൾ നടത്തിയ കുഞ്ഞൂട്ടിച്ചേട്ടനാണ് പാലപ്പുഴ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായി പ്രവർത്തിച്ചത്. പെരുമ്പുന്നയിൽ എൽപി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും പ്രഥമ പിടിഎ പ്രസിഡന്റായിരുന്നതും കുഞ്ഞൂട്ടിച്ചേട്ടനാണ് വാർധക്യത്തിൽ ആലംബമില്ലാതെ വലയുന്നവർക്കായി പെരുമ്പുന്നയിലെ മൈത്രീഭവൻ സ്ഥാപിച്ചു.
അതിനായി സ്ഥലവും കെട്ടിടവും എല്ലാം നൽകുകയും ദീർഘകാലം അവിടെയുള്ളവർക്ക് സേവനം ചെയ്യുകയും ചെയ്തതിലൂടെ ഒട്ടേറെപ്പേരുടെ കണ്ണുനീർ തുടച്ചു. അങ്ങനെ ഒട്ടേറെ സാമൂഹിക സംഘടനകളുമായും നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹം സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ച് സൗഹൃദങ്ങളും ബന്ധങ്ങളും നിലനിർത്തിയിരുന്നു.
കൃഷിയിൽ നിന്ന് പിന്നോട്ടുപോകാൻ ഒരിക്കൽ പോലും അദ്ദേഹം ശ്രമിച്ചില്ല. സാധാരണക്കാരുടെ ആശ്രയമായിരുന്ന കുഞ്ഞൂട്ടി ചേട്ടന്റെ വേർപാട് പാർട്ടിക്ക് എന്നതിനെക്കാൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടായ നഷ്ടമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മാർട്ടിൻ ജോർജ് വീട്ടിലെത്തി അനുശോചനം അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.