ഫാഷൻ ഗോൾഡ് കേസ്: ജ്വല്ലറി മാനേജറും അറസ്റ്റിൽ
Mail This Article
കാസർകോട്∙ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ച കോടിക്കണക്കിനു രൂപ തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന കാട്ടിയ കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജ്വല്ലറി ജനറൽ മാനേജർ ടി.കെ.സൈനുൽ ആബിദി (43) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 8നു ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതോടെ അന്വേഷണ സംഘം തിരച്ചിൽ നടത്തുകയായിരുന്നു.
അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സൈനുൽ ആബിദ് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റു പ്രതികളായ ജ്വല്ലറി മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളും മകനും പയ്യന്നൂർ ശാഖയുടെ മാനേജരുമായ എ.പി. ഹിഷാം എന്നിവർ ഒളിവിലാണ്.
കമ്പനി ചെയർമാനും കേസിലെ പ്രതിയുമായ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലാണ്. കേസിലെ പ്രതിയായ ഹിഷാം ദുബായിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളുമുള്ള പൂക്കോയ തങ്ങൾ കാസർകോട് ജില്ലയ്ക്ക് പുറത്ത് ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കേസിലെ ഒന്നാം പ്രതിയായ ടി.കെ.പൂക്കോയ തങ്ങൾക്കായി മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ അടക്കം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായിരുന്നില്ല. ജില്ലയ്ക്കകത്ത് വ്യാപക തിരച്ചിൽ നടത്തിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സൈനുൽ ആബിദ് ഹൈക്കോടതിയെ സമീപിച്ചത്. ഫാഷൻ ഗോൾഡിന്റെ പയ്യന്നൂർ, ചെറുവത്തൂർ,
കാസർകോട് എന്നീ ശാഖകളുടെ ജനറൽ മാനേജരായിരുന്നു സൈനുൽ ആബിദ്. ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.എന്നാൽ മുഴുവൻ വിവരങ്ങളും അറിയാവുന്നത് പൂക്കോയ തങ്ങൾക്കാണെന്നും ജീവനക്കാരൻ മാത്രമാണ് താനെന്നുമാണ് സൈനുൽ ആബിദ് അന്വേഷണ സംഘത്തിനു നൽകിയ മൊഴിയെന്നു പറയുന്നു.