പ്രിന്റിങ് പേപ്പർ തീർന്നു; ഡ്രൈവിങ് ലൈസൻസ്, ആർസി വൈകും
Mail This Article
കാസർകോട് ∙ പ്രിന്റിങ് പേപ്പർ തീർന്നു. ഡ്രൈവിങ് ലൈസൻസ്, ആർസി എന്നിവയുടെ വിതരണം ജില്ലയിൽ വൈകും. കാസർകോട്, കാഞ്ഞങ്ങാട് ഓഫിസുകളിലാണ് പ്രിന്റിങ് പേപ്പറുകൾ ഇല്ലാത്തത്. വെള്ളരിക്കുണ്ട് ഓഫിസിൽ നിലവിൽ ഉണ്ടെങ്കിലും തീരാറായിരിക്കുന്നു. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യേണ്ടത് സി–ഡിറ്റാണ്. എന്നാൽ ഈ സ്ഥാപനവുമായുള്ള കരാർ ഡിസംബർ 31 വരെയായിരുന്നു. പുതുക്കി നൽകുന്നത് സംബന്ധിച്ചുണ്ടായ കാലതാമസമാണ് സ്റ്റേഷനറി സാധനങ്ങൾക്കു ക്ഷാമം ഉണ്ടാകാൻ ഇടയാക്കിയത്.
കാസർകോട് ഓഫിസിൽ ജനുവരി 31 വരെ അപേക്ഷിച്ചവർക്കുള്ള ലൈസൻസുകളും ആർസികളും വിതരണം ചെയ്തു. എന്നാൽ ഈ മാസം പുതിയ വാഹനം വാങ്ങിയവർക്കുള്ള ആർസിയും ഡ്രൈവിങ് ടെസ്റ്റ് പാസാവയവർക്കും പുതുക്കുന്നവർക്കുള്ള ലൈസൻസുമാണ് വൈകുന്നത്. ലൈസൻസ് കിട്ടാത്തതിനാൽ പൊലീസ്–മോട്ടർ വാഹന ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ ചോദിച്ചാൽ എന്തു കാണിച്ചു നൽകുമെന്നാണ് വാഹന ഉടമകൾ ചോദിക്കുന്നത്.
കാസർകോട് ആർടി ഓഫിസിൽ ദിവസം പുതുക്കുന്നത് അടക്കം 120 ലൈസൻസുകളും 80 ലേറെ ആർസികളുമാണ് ശരാശരി നൽകുന്നത്. ഇത്രയും ദിവസത്തിനുള്ളിൽ ആയിരത്തിലേറെ പേർക്കാണ് ലൈസൻസുകൾ നൽകാൻ ബാക്കിയുള്ളത്.കാഞ്ഞങ്ങാട്ട് ഇന്നു മുതൽ ലൈസൻസുകളും ആർസികളും നൽകുന്നത് പേപ്പറുകളില്ലാത്തതിനാൽ തടസ്സപ്പെടും.
ലൈസൻസുകളും ആർസിയും തപാൽ വഴിയാണ് അയയ്ക്കുന്നത്. എന്നാൽ വാഹന ഉടമകൾ ഇതിനായി തപാൽ ഓഫിസിലെത്തി അന്വേഷിക്കുമ്പോൾ ഇല്ലെന്ന മറുപടിയാണ് കിട്ടുക. തപാൽ വഴി കിട്ടാത്തതിനാൽ പലരും ആർടി ഓഫിസുകളിലെത്തി അന്വേഷിച്ച് തിരിച്ചു പോവുകയാണ്. എന്നാൽ പ്രിന്റിങ് പേപ്പറുകൾ തീർന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ചയോടെ ഇതു പരിഹരിക്കപ്പെടുമെന്നും ആർടി അധികൃതർ അറിയിച്ചു.