ADVERTISEMENT

നീലേശ്വരം ∙ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ജില്ലയിലെ ആദ്യ മത്സ്യബന്ധന തുറമുഖമായ തൈക്കടപ്പുറത്തെ ബോട്ട് ജെട്ടി നാശത്തിലേക്ക്.നിരവധി മീൻപിടിത്ത ബോട്ടുകൾ അടുക്കുന്ന ജെട്ടിയുടെ പ്ലാറ്റ്ഫോം എതു നിമിഷവും നിലംപൊത്താവുന്ന വിധം അടിഭാഗം ദ്രവിച്ച നിലയിലാണ്. വർഷങ്ങളായി തുരുമ്പെടുത്തു നിൽക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്ഫോം നവീകരിക്കാൻ ഫണ്ട് അനുവദിക്കാതെ ലക്ഷങ്ങൾ ചിലവഴിച്ചു പുറംമോടി മാത്രം വരുത്തിയതാണു വിനയായതെന്നു മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു.

നീലേശ്വരം തൈക്കടപ്പുറം ഹാർബറിന്റെ ജെട്ടിയോടു ചേർന്ന് അടുത്തിടെ ആസ്ബറ്റോസ് ഷീറ്റ് ഇട്ട മേൽക്കൂര തകർന്ന നിലയിൽ.
നീലേശ്വരം തൈക്കടപ്പുറം ഹാർബറിന്റെ ജെട്ടിയോടു ചേർന്ന് അടുത്തിടെ ആസ്ബറ്റോസ് ഷീറ്റ് ഇട്ട മേൽക്കൂര തകർന്ന നിലയിൽ.

ഇതിനെതിരെ ഇവർ ആദ്യഘട്ടത്തിൽ തന്നെ പ്രതിഷേധവുമുയർത്തിയിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് അടുത്തകാലത്തു തുടങ്ങിയ നവീകരണം പാതിവഴി നിലച്ച മട്ടാണ്. ജെട്ടിയോടു ചേർന്നുള്ള മേൽക്കൂരയുടെയുടെ മാറ്റിയിട്ട ആസ്ബറ്റോസ് ഷീറ്റ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ വീണ്ടും തകർന്നു. പഴയ മേൽക്കൂരയിലെ  ഷീറ്റ് കൂടി ഉപയോഗിച്ചതിനാലാണ് ഇങ്ങനെയുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ നടത്തേണ്ട കോൺക്രീറ്റ് റോഡിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ല. 

ജില്ലയിലെ ഏറ്റവും തിരക്കേറിയ വ്യാപാരം നടന്നിരുന്ന മത്സ്യബന്ധന തുറമുഖത്തിനാണ് ഈ ദുർഗതി. അഴിത്തലയിൽ പുലിമുട്ട് നിർമിക്കുകയും തീരദേശത്തേക്കുള്ള റോഡ് സൗകര്യം വികസിക്കുകയും ചെയ്തതോടെ മത്സ്യ വിപണനത്തിൽ വൻ വർധന നടത്തേണ്ട സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഹാർബർ കിതച്ചു നിൽക്കുന്നതെന്നു മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com