ADVERTISEMENT

പെരിയ ∙ ‘അന്വേഷണത്തിനു സമയമെടുത്താലും മക്കളെ ഇല്ലാതാക്കിയവരെല്ലാം ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ആഗ്രഹം മാത്രമാണുള്ളത്.’ പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തോടു പ്രതികരിക്കവേ ശരത്‍ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ പറഞ്ഞു.  ജയിലിൽ കഴിയുന്ന 11-ാം പ്രതി പ്രദീപൻ എന്ന കുട്ടൻ നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കേസന്വേഷണം നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ആർ.നാരായണ പിഷാരടി ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്(19), ശരത്‍ലാൽ(24) എന്നിവർ 2019  ഫെബ്രുവരി 17ന് രാത്രിയാണ് കൊല്ലപ്പെട്ടത്.

സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ 14 പേരാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ‍. കൃപേഷിന്റെയും ശരത്‍ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയെത്തുടർന്നാണു ഡിസംബറിൽ സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലും തള്ളിയതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവച്ചതോടെയാണു സിബിഐ അന്വേഷണത്തിനു വഴിതുറന്നത്. ‘ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്കൊപ്പം നിന്നപ്പോൾ നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ചാണു ഞങ്ങൾ പോരാടിയത്.

അതിനു ഫലവുമുണ്ടായി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു സിബിഐ അന്വേഷണം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണം ശരിയായ പാതയിലാണെന്നാണു വിശ്വാസം. കഴിഞ്ഞദിവസവും അന്വേഷണ ഉദ്യോഗസ്ഥർ കാണാനെത്തിയിരുന്നു. സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ട‌്.’ സത്യനാരായണൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു ഡിവൈഎസ്പി അനന്തകൃഷ്ണൻ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com