ADVERTISEMENT

കാസർകോട് ∙ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ രാവും പകലും തോക്കേന്തി ഇന്ത്യയുടെ സുരക്ഷയ്ക്കു കാവൽ നിൽക്കുകയാണ് നീലേശ്വരം ചായോത്ത് സ്വദേശി ടി.ജസീല. മലപ്പുറം വളാ​ഞ്ചേരിയിൽ മരം വ്യാപാരിയായിരുന്നു പിതാവ് മുഹമ്മദ്. കുടുംബം വർഷങ്ങൾക്കു മുൻപാണ് കാസർകോടെത്തി കാലിച്ചാനടുക്കത്തു താമസം തുടങ്ങിയത്. മുഹമ്മദിനെ നഷ്ടപ്പെട്ടതോടെ വീടുകളിൽ ജോലി ചെയ്താണ് ഉമ്മ മറിയം മക്കളെ വളർത്തിയതും  പഠിപ്പിച്ചതും. ജസീല 5 വർഷം മുൻപാണ് അതിർത്തി രക്ഷാ സേനയിൽ വനിതാ കോൺസ്റ്റബിൾ ആയത്. പകലും രാത്രിയും 6 മണിക്കൂർ വീതം റോന്ത്. പകൽ 500 മീറ്ററും രാത്രി 300 മീറ്റർ പരിധിയിലുമാണ് സുരക്ഷാ നോട്ടം.

2008 മുതലാണ് വനിതകളെ ഈ ജോലികളിലേക്കു നിയമിച്ചു തുടങ്ങിയത്. അതിർത്തികളിലെ കൃഷിയിടങ്ങളിൽ ഉൾപ്പെടെ വന്നു പോകുന്ന സ്ത്രീകളെ പരിശോധിക്കുക മാത്രമായിരുന്നു ആദ്യ കാലത്ത് ജോലി. പിന്നീട് രാജ്യത്തിന്റെ അതിർത്തി സുരക്ഷാ ജോലി വനിതാ സൈനികർക്കും ലഭ്യമായി. ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് ചായോത്ത് സ്വന്തം വീട് പണിതു. സേനാ പരിശീലനത്തിലൂടെ ആരോടും നിർഭയം സംസാരിക്കുവാനും ഏതു പാതിരാത്രിയിലും എവിടെയും തനിച്ചു യാത്ര ചെയ്യാനും കരുത്ത് ലഭിച്ചു. പല ഭാഷകളിൽ സംസാരിക്കാനും പല സംസ്കാരങ്ങളിലുള്ളവരോടൊപ്പം ജോലി ചെയ്യാനും സാധിച്ചു.

ഇതിനെല്ലാം ഉപരി അതിർത്തി രക്ഷാസേന അംഗം എന്ന നിലയിൽ തനിക്കു കിട്ടുന്ന ആദരം ഉമ്മയ്ക്കും ലഭിക്കുന്നു എന്ന സന്തോഷവും. ദേശീയ സുരക്ഷാ സേന കമാൻഡോ ആകുന്നതിനു മേയിൽ നടക്കുന്ന പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് ജസീല. വിജയകരമായി പൂർത്തിയാക്കാനായാൽ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളുടെ സുരക്ഷാ ചുമതലയുള്ള കമാൻഡോ സംഘത്തിലാകും പിന്നെ നിയമനം. 3 മാസമാണ് പരിശീലനം. ഇപ്പോൾ പ്രായം 28. പ്രായം 30 പിന്നിട്ടാൽ അവസരം നഷ്ടമാകും. കമാൻഡോ ജോലി ലഭ്യമാക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ജസീല പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com