ദുരിതപ്പെയ്ത്തിൽ കുടക്; ഓറഞ്ച് അലർട്ടും വിദ്യാഭ്യാസ അവധിയും ഇന്നത്തേക്കും നീട്ടി, മണ്ണിടിച്ചിലും ശക്തം
Mail This Article
മടിക്കേരി ∙ മഴ കൂടുതൽ ശക്തമായി തുടരുന്നതിന്റെ ഭീഷണിയിൽ കുടക് ജില്ല. ഓറഞ്ച് അലർട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയും ഇന്നത്തേക്കും നീട്ടി. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ജനം കടുത്ത ആശങ്കയിലാണ്. മടിക്കേരി മണ്ഡലത്തിൽ 250 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നഗരസഭ കൗൺസിൽ നോട്ടിസ് നൽകി. മദനാട് കാരാർട്ടോജിക്ക് സമീപം ദേശീയപാത 275 ൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണു വാഹനങ്ങൾ കടന്നുപോകുന്നത്.
ചാമുണ്ടേശ്വരി നഗറിനു സമീപം മദ്യശാല തകർന്നു. എം.പി.അപ്പാച്ചു രഞ്ചൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. മംഗളൂരു പാതയിൽ കലക്ടറേറ്റിനു സമീപം നിർമിച്ച തടയണ നന്നാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മടിക്കേരി– വീരാജ്പേട്ട റോഡിലെ ബേത്തിരി പാലത്തിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം ഭീഷണിയിലായി. ഒട്ടേറെ ഗ്രാമീണ റോഡുകൾ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഹാരംഗി അണക്കെട്ടിൽ ഇന്നലെയും വെള്ളം കനാൽ വഴി പുറത്തേക്ക് ഒഴുക്കി.
മഴ തുടരുന്നതിനാൽ തലശ്ശേരി–കുടക് അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം–പെരുമ്പാടി ചുരം റോഡ് യാത്ര ഭീതിയുടെ നിഴലിലാണ്.17 കിലോമീറ്റർ ദൂരം ചുരം വരുന്ന ഇവിടെ റോഡിലേക്ക് പതിക്കുമെന്ന നിലയിൽ നൂറുകണക്കിനു മരങ്ങൾ ഉണ്ട്. 3 വർഷം മുൻപ് മഴ കനത്തപ്പോൾ 99 ഇടത്ത് മണ്ണിടിച്ചിൽ ഉണ്ടായി പാത തകർന്നു മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.