ചീമേനിയിലെ പുരാവസ്തു ഗവേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ
Mail This Article
ചീമേനി ∙ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ചീമേനി മേഖലയിൽ നടത്തുന്ന പര്യവേഷണത്തിൽ പുതിയ കണ്ടെത്തലുകൾ. മഹാശിലായുഗത്തിന്റെ ബാക്കിപത്രമായ കല്ലറകൾ ഈ മേഖലയിൽ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മഹാശിലാ സ്മാരകങ്ങളിൽ നിന്ന് അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള ചുണ്ടുള്ള കോപ്പ കഴിഞ്ഞ ദിവസം പോത്താംകണ്ടത്ത് കണ്ടെത്തി. സംസ്ഥാനത്ത് കാസർകോട് ജില്ലയിലെ തന്നെ ഉമിച്ചിപ്പൊയിലിൽ നിന്നു മാത്രമാണ് മുൻപ് ഇത്തരം പാത്രങ്ങൾ കിട്ടിയിട്ടുള്ളത്.
ചെങ്കല്ല് സുലഭമായ ചീമേനി മുത്തന്നംപാറയിൽ കരിങ്കല്ലിൽ നിർമിച്ച കൽവലയവും കണ്ടെത്തിയിരുന്നു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ഇവിടെ പഠനങ്ങൾ നടക്കുന്നത്. അരിയിട്ടപാറയിൽ നിന്ന് പാറകളിൽ കോറിയ മനുഷ്യരൂപങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകൾ വടക്കൻ മലബാറിന്റെ തന്നെ ചരിത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായകമാകുന്നവയാണ്.