‘കരവലി’ നടത്തിയ ബോട്ട് പിടിയിൽ; രണ്ടര ലക്ഷം പിഴ, ബോട്ടിലെ മീൻ ഒരു ലക്ഷത്തിനു ലേലം ചെയ്തു
Mail This Article
നീലേശ്വരം ∙ അഴിത്തലയിൽ തീരത്തോടു ചേർന്നു മീൻപിടിച്ച മുനമ്പം ട്രോളിങ് ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. രണ്ടര ലക്ഷം രൂപ പിഴചുമത്തി; ബോട്ടിലുണ്ടായിരുന്ന മീൻ ഒരു ലക്ഷം രൂപയ്ക്ക് ലേലം ചെയ്യുകയും ചെയ്തു. പട്ടാപ്പകൽ ട്രോളിങ് നടത്തിയ ബോട്ടാണ് പിടിയിലായത്. തീരത്തു നിന്ന് 5 നോട്ടിക്കൽ മൈൽ അകലെ മീൻപിടിച്ചതിനാണ് ബോട്ട് പിടിച്ചത്. മുനമ്പത്തു നിന്നു മീൻപിടിക്കാൻ വന്ന ഗ്ലാഡിയേറ്റർ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മീൻ ഹാർബറിൽ എത്തിച്ചാണ് ലേലം ചെയ്തത്. അലയ, തിരിയൻ ചാമ്പാൻ, മത്തി എന്നിവയാണ് അനധികൃതമായി പിടിച്ചത്. കസ്റ്റഡിയിൽ എടുത്ത ബോട്ടിന് തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ പുറത്തു നിന്നു മീൻ പിടിക്കാനേ അനുമതിയുള്ളൂവെന്നു അധികൃതർ അറിയിച്ചു.
അനധികൃത മീൻപിടിത്തം പിടികൂടിയാൽ രണ്ടര ലക്ഷം രൂപ വരെ പിഴ ചുമത്താം. റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കും വകുപ്പുണ്ട്. ജില്ലാ ഫിഷറീസ് ഓഫിസിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ, അർജുൻ, റസ്ക്യു ഗാർഡുമാരായ സേതുമാധവൻ, ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പട്രോളിങ് തുടരുമെന്നും കരവലിയും രാത്രികാല നിരോധിത മീൻപിടിത്തവും നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കാസർകോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു.