ADVERTISEMENT

പാനൂർ ∙ നിർമാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിൽ വീണ പുലിയെ 7 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു കരയ്ക്കു കയറ്റിയെങ്കിലും വയനാട്ടിലേക്കു കൊണ്ടുപോകും വഴി ചത്തു. പെരിങ്ങത്തൂർ സൗത്ത് അണിയാരം ബാവാച്ചി റോഡിൽ കിഴക്കെമലാൽ സുനീഷിന്റെ കിണറ്റിലാണു പുലി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുറത്തെടുത്തു.

രാവിലെ 11ന് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 6.15 വരെ നീണ്ടു. വനംവകുപ്പിന്റെ വണ്ടിയിൽ സജ്ജീകരിച്ച കൂട്ടിലാക്കി ചികിത്സയ്ക്കായി വയനാട് വെറ്ററിനറി കേന്ദ്രത്തിലേക്കു കൊണ്ടുപോകും വഴി കണ്ണവം ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചപ്പോഴാണു പുലി ചത്തതായി സ്ഥിരീകരിച്ചത്. പുറത്തെടുക്കുമ്പോൾ തന്നെ പുലി അവശനായിരുന്നുവെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആരോഗ്യം മെച്ചപ്പെട്ട ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ തുറന്നു വിടാനായിരുന്നു തീരുമാനം. 

ഇന്നലെ രാവിലെ 7നാണു പുലി കിണറ്റിൽ വീണത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. ആൾമറയില്ലാത്ത കിണറ്റിൽ വെള്ളം ഇളകുന്നതു ശ്രദ്ധയിൽപെട്ട കക്കുഴിപറമ്പത്ത് കുഞ്ഞിരാമനാണ് ആദ്യം കാണുന്നത്. ഈ സമയത്തു പുലിയാണെന്നു തിരിച്ചറിഞ്ഞില്ല. കുഞ്ഞിരാമന്റെ ബന്ധുവും വീടിന്റെ ഉടമയുമായ സുനീഷും സുഹൃത്ത് വിനോദുമാണ് 9.30യോടെ പുലിയാണെന്നു തിരിച്ചറിഞ്ഞത്.

പെരിങ്ങത്തൂർ സൗത്ത് അണിയാരം ബാവാച്ചി റോഡിൽ കിഴക്കെമലാൽ സുനീഷിന്റെ വീട്ടുവളപ്പിലെ കിണറിൽ വീണ പുലി വനം വകുപ്പ് ഒരുക്കിയ വലയിൽ കുടുങ്ങിയപ്പോൾ.        ചിത്രങ്ങൾ: മനോരമ
പെരിങ്ങത്തൂർ സൗത്ത് അണിയാരം ബാവാച്ചി റോഡിൽ കിഴക്കെമലാൽ സുനീഷിന്റെ വീട്ടുവളപ്പിലെ കിണറിൽ വീണ പുലി വനം വകുപ്പ് ഒരുക്കിയ വലയിൽ കുടുങ്ങിയപ്പോൾ. ചിത്രങ്ങൾ: മനോരമ

ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. 11 മണിയോടെ രക്ഷാപ്രവർത്തനം തുടങ്ങി. 12 മീറ്റർ ആഴവും രണ്ടര മീറ്റർ പൊക്കത്തിൽ വെള്ളവുമുള്ള കിണർ വലയിട്ടു സുരക്ഷിതമാക്കി. പുലി കിണറ്റിൽ അകപ്പെട്ട വിവരമറിഞ്ഞതോടെ ജനം ഒഴുകിയെത്തുകയായിരുന്നു.ആൺപുലിയാണെന്നും കഴിഞ്ഞ ദിവസം രാത്രിയായിരിക്കാം കിണറ്റിൽ വീണതെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ജഡം ഇന്നു വയനാട് വെറ്ററിനറി കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും.

മയക്കുവെടിയേറ്റ് മയങ്ങിയ പുലിയെ കൂട്ടിലേക്കു മാറ്റിയപ്പോൾ.
മയക്കുവെടിയേറ്റ് മയങ്ങിയ പുലിയെ കൂട്ടിലേക്കു മാറ്റിയപ്പോൾ.

ജില്ലാ ഫോറസ്റ്റ് ഓഫിസർ പി.കാർത്തിക്, കണ്ണവം റേഞ്ച് ഓഫിസർ അഖിൽ നാരായണൻ, കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നേരോത്ത് എന്നിവരുടെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.  കിണറ്റിലെ വെള്ളം  രണ്ടു തവണ പമ്പ് ചെയ്തു കളഞ്ഞാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കിണറ്റിൽ വലയിറക്കിയാണു പുറത്തെടുത്തത്. വലയിലാക്കി ഉയർത്തുമ്പോൾ രണ്ടു തവണ മയക്കുവെടി വച്ചു.

വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സർജൻ‌ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ടീമാണു മയക്കുവെടി വച്ചത്. ആദ്യത്തെ മയക്കുവെടി വലയ്ക്കു തട്ടി ലക്ഷ്യം കണ്ടില്ല. പിറകെ രണ്ടാമത്തെ വെടി വച്ചു വൈകിട്ട് 6.03നാണു പുറത്തെടുത്തത്.

പുലിക്ക് അപകടം സംഭവിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുക്കുമ്പോൾ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ വീണു ചത്തതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.  സുരക്ഷയോടെ പുറത്തെടുത്തെങ്കിലും പുലിയുടെ ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ വീണതിന്റെ ആഘാതം, തളർച്ച എന്നിവ കാരണമായിരിക്കാം പുലി ചത്തതെന്ന നിഗമനത്തിലാണു വനം ഉദ്യോഗസ്ഥർ. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. 5 വയസ്സായിരുന്നു ചത്ത പുലിയുടെ പ്രായം.

പുലിഭീതിയുടെ പകൽ
പാനൂർ ∙ അണിയാരവും പെരിങ്ങത്തൂരും ഇന്നലെ പകൽ മുഴുവൻ പുലി ഭീതിയിലും ആശങ്കയിലുമായിരുന്നു. ഒരു പുലി മാത്രമാണോ എത്തിയതെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് പ്രദേശത്തുകാർ. കനകമലയുടെ താഴ്‌വാരമാണു പ്രദേശം. കിണറ്റിൽ വീണതു കാട്ടുപന്നിയെന്നു സമാധാനിച്ചവർ പുലിയെന്നറിഞ്ഞതോടെ പേടിയിലായി. കിണറിന് 12.5 മീറ്റർ ആഴമുണ്ടെങ്കിലും പുലി സ്വയം കയറി വന്ന് ആക്രമിക്കുമോ എന്നായിരുന്നു പേടി. 

പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിലേക്കു മാറ്റുമ്പോൾ തടിച്ചു കൂടിയ ജനക്കൂട്ടം.
പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിലേക്കു മാറ്റുമ്പോൾ തടിച്ചു കൂടിയ ജനക്കൂട്ടം.

രാവിലെ 10 മണിയോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. മണിക്കൂറുകൾക്കുള്ളിൽ വിവിധ ഭാഗങ്ങളിൽ നിന്നു ജനം ഒഴുകിയെത്തി. പൊലീസും അഗ്നിരക്ഷാസേനയും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. കാണാനെത്തിയവർ സുരക്ഷാ പ്രവർത്തനത്തിനു തടസ്സമായതോടെ റോഡിൽ വടം കെട്ടി നിയന്ത്രിച്ചു. ആൾമറയില്ലാത്ത കിണറ്റിൽ പേരിനു മാത്രം ഒരു നൈലോൺ വലയുണ്ട്. ഇതിനകത്തു കൂടിയാണു പുലി കിണറ്റിൽ വീണത്.

പുലി കിണറ്റിൽ നിന്നു പുറത്തേക്കു ചാടാതിരിക്കാനും ജനത്തെ നിയന്ത്രിക്കുവാനും അഗ്നിരക്ഷാസേന കിണറിനു ചുറ്റും ഒരാൾ ഉയരത്തിൽ കയർ കെട്ടി സുരക്ഷാകവചം ഒരുക്കിയിരുന്നു. ഒരു ഘട്ടത്തിൽ സുരക്ഷാ പ്രവർത്തനത്തിനു പോലും ത‍ടസ്സമാകുന്ന തരത്തിൽ ജനം കൂടി നിന്നു. അഗ്നിരക്ഷാസേന പാനൂർ സ്റ്റേഷൻ ഓഫിസർ എൻ.കെ.ശ്രീജിത്ത്, തലശ്ശേരി സ്റ്റേഷൻ ഓഫിസർ വാസത്ത് തേയത്തൻകണ്ടി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ കെ.ശ്രീകുമാർ, വി.കെ.സന്ദീപ്, ചൊക്ലി എസ്ഐ ആർ.എസ്.രഞ്ജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

എത്തിയത് എവിടെ നിന്ന് ?
പെരിങ്ങത്തൂർ ∙ പുള്ളിപ്പുലി എവിടെ നിന്നാണു പെരിങ്ങത്തൂർ ഈസ്റ്റ് അണിയാരത്ത് എത്തിയതെന്ന് അവ്യക്തം. മയ്യഴിപ്പുഴയുടെ തുടക്കകേന്ദ്രമായ വിലങ്ങാടിന് ഇരുവശവും കാടാണ്. ഒരു ഭാഗത്തു കണ്ണവം കാടും മറുഭാഗത്തു കോഴിക്കോട് ജില്ലയിലെ വനമേഖലയും. വിലങ്ങാട് നിന്നാരംഭിക്കുന്ന പുഴ പെരിങ്ങത്തൂർ വഴി ഒഴുകിയാണു മയ്യഴിപ്പുഴയാകുന്നത്. ഈ പുഴ വഴി പുലിക്കു സംഭവസ്ഥലത്ത് എത്താൻ കഴിയും. സംഭവസ്ഥലത്ത് നിന്നു പെരിങ്ങത്തൂർ പുഴയിലേക്ക് 500 മീറ്റർ ദൂരം മാത്രമാണുള്ളത്.

നാലു ഭാഗവും ജനവാസമുള്ള ഉയർന്ന മേഖലയാണു കനകമല. ഈ മലയുടെ ചെരിവിലാണു സംഭവസ്ഥലം. കനകമലയിൽ ഒരു സ്നേഹമന്ദിരമല്ലാതെ മറ്റു കെട്ടിടങ്ങളോ കൃഷിയോ ഇല്ല. ഇവിടെ കാട്ടുപന്നികൾ പെരുകിയിട്ടുമുണ്ട്. ഇവിടെ ഇര തേടി എത്തിയതാവാനും സാധ്യതയുണ്ട്. സംഭവസ്ഥലത്തു നിന്ന് 10 കിലോമീറ്റർ അകലെയാണ് കണ്ണവം വനത്തിന്റെ ഭാഗമായ നരിക്കോട്, വാഴമല പ്രദേശങ്ങൾ. ഈ ഭാഗത്തു നിന്നും പുള്ളിപ്പുലിക്ക് ഇവിടെ എത്താനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com