ADVERTISEMENT

പനമരം ∙ ഇക്കുറി വേനൽ കടുക്കുമെന്ന സൂചന നൽകി ജില്ലയിലെ ചെറുതോടുകളും കുളങ്ങളും വറ്റിവരണ്ട‌ു വിണ്ടുകീറിത്തുടങ്ങി. കൊയ്ത്ത് തുടങ്ങിയതും കഴിഞ്ഞതുമായ പാടങ്ങളിലെ ചെറുകുളങ്ങളും തോടുകളുമാണു ജനുവരി അവസാന ആഴ്ചയോടെ വറ്റിവരണ്ടു വിണ്ടു കീറുന്നത്. ഇക്കുറി മഴ മാറിയ ഉടൻ തന്നെ പകൽ സമയത്തെ ചൂട് വർധിച്ചിരുന്നു. തോടുകളിലും ചെറിയ പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെറിയ തോതിൽ തന്നെ വരൾച്ച ആരംഭിച്ചതോടെ വയലുകളിലുള്ള ചെറിയ കുളങ്ങളിലെ വെളളം വറ്റി വിണ്ടുകീറുന്നതു പുഞ്ചക്കൃഷിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണു കർഷകർ. വേനൽ മഴയും ആവശ്യത്തിനു വെള്ളവും ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കാനായി കൊയ്ത്തിനു മുൻപു തന്നെ വിത്തുപാകിയവരുമുണ്ട്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഇടമഴ ലഭിച്ചെങ്കിലും ഡിസംബർ അവസാനം തന്നെ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. സംസ്ഥാന ശരാശരിയെക്കാൾ ചൂട് കുറവാണെന്ന പ്രത്യേകത ജില്ലയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഓരോ വർഷം കഴിയുംതോറും ചൂട് കൂടിവരികയാണ്. വരൾച്ച ആരംഭിച്ചെങ്കിലും വരൾച്ച മുന്നറിയിപ്പുകൾ സർക്കാരോ ത്രിതല പഞ്ചായത്തുകളോ ഗൗരവമായി കാണുന്നില്ലെന്ന വിമർശനമുയരുന്നു. വർഷങ്ങൾ കഴിയുന്തോറും ജില്ലയിൽ ചൂടിലുണ്ടാകുന്ന വർധനയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും ആശങ്കയോടെയാണ് കാലാവസ്ഥ വിദഗ്ധർ അടക്കമുള്ളവർ കാണുന്നത്.

മീൻ പിടിത്തം വ്യാപകം
പനമരം ∙ വേനൽ ആരംഭിച്ചതോടെ വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങളിലും പുഴകളിലും ചിറ കെട്ടിയുള്ള മീൻപിടിത്തം സജീവം. പുഴകളെ അപേക്ഷിച്ച് പാടശേഖരങ്ങളിലും മറ്റും വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങൾ തേകി വറ്റിച്ചും മറ്റു കുളങ്ങളിൽ വലവീശിയും ചൂണ്ടയിട്ടും കുളം ഇളക്കിയുമാണ് ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരുടെ മീൻപിടിത്തം. ഒരു സംഘം മീൻപിടിത്തം കഴിഞ്ഞു പോകുന്നതിന് പിന്നാലെ അടുത്ത സംഘവും വലയും മറ്റുമായി കുളത്തിലിറങ്ങും. ആദ്യം കുളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവർക്കു തരക്കേടില്ലാത്ത രീതിയിൽ തന്നെ ചെറുമീനുകളെ ലഭിക്കുന്നുണ്ട്. മീൻ ലഭിച്ചില്ലെങ്കിലും ഒഴിവു ദിനത്തിൽ കൗതുകത്തിനു മീൻപിടിത്തത്തിനായി ഇറങ്ങുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com