ADVERTISEMENT

കാസർകോട്∙ ധാരാളം സുരക്ഷാവീഴ്ചകളുമായി ഒന്നരക്കോടിയോളം രൂപ എടിഎമ്മിൽ നിറയ്ക്കാനെത്തിയതു സംബന്ധിച്ച് ദുരൂഹത. പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണത്തിൽ. ഉപ്പളയിൽ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ആക്സിസ് ബാങ്ക് എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ മുംബൈയിലെ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപ കവർന്നതിനു പ്രധാന കാരണം സുരക്ഷാവീഴ്ച തന്നെ. 1.65 കോടി രൂപയാണ് വാഹനത്തിൽ ആകെ ഉണ്ടായിരുന്നത്. ഇതിൽ 20 ലക്ഷം രൂപ മറ്റൊരു എടിഎമ്മിൽ നിക്ഷേപിച്ച ശേഷമാണ് 1.45 കോടി രൂപയുമായി വാഹനം ഉപ്പളയിലെ എടിഎമ്മിൽ എത്തിയത്. വാഹനത്തിനകത്തെ ലോക്കറിലായിരുന്നു ഈ പണം മുഴുവൻ.

എടിഎമ്മിൽ നിക്ഷേപിക്കാനായി 50 ലക്ഷം രൂപയുമായി സ്വകാര്യ ഏജൻസി ജീവനക്കാർ പോകുമ്പോൾ മറ്റൊരു 50 ലക്ഷത്തിന്റെ ബാഗ് കൂടി ലോക്കറിൽ നിന്നെടുത്ത് വാഹനത്തിന്റെ പിറകിലെ സീറ്റിൽ വച്ചിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ ഇങ്ങനെ പണം വാഹനത്തിൽ വച്ചതിൽ ദുരൂഹതയുണ്ട്. എന്നാൽ വാഹനം പുറത്തു നിന്ന് തുറക്കാൻ പറ്റാത്തതിനാലാണ് ഇങ്ങനെ പണം വച്ചു പോയതെന്നാണ് ഏജൻസി ജീവനക്കാരുടെ മൊഴി. വാഹനത്തിന്റെ സ്ഥിരം ഡ്രൈവർ അവധി ആയതിനാൽ 2 പേർ മാത്രമായാണ് ഇത്ര വലിയ തുകയുമായി വന്നത്. ഇതും സുരക്ഷാ വീഴ്ചയായി. എടിഎമ്മിൽ നിറയ്ക്കാൻ 50 ലക്ഷം രൂപയിൽ കൂടുതൽ തുക കൊണ്ടുപോകുമ്പോൾ ആയുധ ധാരിയായ സുരക്ഷാ ജീവനക്കാരൻ വേണം എന്ന നിബന്ധനയും പാലിച്ചിട്ടില്ല.

വാഹനത്തിന്റെ ഇരുവശത്തും സൈഡ് ഡോറിന്റെ വിൻഡോയിലെ ഇരുമ്പു ഗ്രിൽ വാഹനത്തിൽ അഴിച്ചു വച്ച നിലയിലായിരുന്നു. ഇതു നേരത്തേ കേടായതിനാലാണ് അഴിച്ചു വച്ചത് എന്ന സ്വകാര്യ ഏജൻസി ജീവനക്കാരുടെ മൊഴിയും പൊലീസ് സംശയത്തോടെ പരിശോധിക്കുന്നു. ഇരുവശത്തെയും ഇരുമ്പു ഗ്രിൽ ഒരേ സമയം കേടായതെങ്ങനെ എന്നതാണ് ദുരുഹത.  ഇരുമ്പു ഗ്രിൽ ഇല്ലാതിരുന്നത് സൈഡ് ഗ്ലാസ് തകർത്ത് കവർച്ച എളുപ്പമാക്കി. ഈ സുരക്ഷാ വീഴ്ചകളെല്ലാം കൃത്യമായി അറിയുന്നവരാവണം കവർച്ചയ്ക്കു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. എടിഎമ്മിൽ പണം നിറയ്ക്കാനെത്തുന്ന വിവരവും ദേശീയപാതയ്ക്കരികിലെ ഫുട്പാത്തിൽ വാഹനം നിർത്തിയ വിവരവുമെല്ലാം കൃത്യമായി കവർച്ചാ സംഘത്തിനു ലഭിച്ചതു സംശയങ്ങൾക്കിടയാക്കുന്നു. വാഹനത്തിന്റെ കാമറയാകട്ടെ എൻജിൻ സ്റ്റാർട്ട് ആക്കിയാൽ മാത്രം പ്രവർത്തിക്കുന്നതാണ്.

ബാഗുമായി ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ സമയത്ത് ഇതു വഴി പോയ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. 40 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവ് ബാഗുമായി ഓടുന്നതു കണ്ടതായാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. നീല ജീൻസും ചാര നിറത്തിലുള്ള ഷർട്ടും കറുപ്പും വെളുപ്പും നിറമുള്ള ഷൂവും ധരിച്ച് ക്ലീൻ ഷേവ് ചെയ്ത, കഷണ്ടിയുള്ള യുവാവ് എന്നതാണ് പൊലീസിനു ലഭിച്ച വിവരം.

പിന്തുടർന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും പരിശോധിക്കുന്നു
പൊലീസ് സ്ഥലത്ത് എത്തി ടൗണിലെ വിവിധ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ 2.06 ന് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ  കടയിലെ സിസി‍‍വിയിൽ ഒരാൾ ബാഗുമായി ഓടുന്ന ദൃശ്യം പതിഞ്ഞിരുന്നു.  മറ്റു ക്യാമറകളും പരിശോധിച്ചു കൊണ്ടിരിക്കുന്നു 'മറ്റൊരു കടയുടെ കാമറയിൽ ബസ് സ്റ്റാൻഡിന്റെ വടക്കു ഭാഗം സർവീസ് റോഡിലൂടെ 150 അടി വരെ പോകുന്നതായി കണ്ടെങ്കിലും പിന്നീട് ഉള്ള ഭാഗം മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പൂർണമായി കാണാൻ കഴിഞ്ഞില്ല. ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും കൂടുതൽ പേർ പിന്നിലുണ്ടാവുമെന്നാണ് പൊലീസ് നിഗമനം.

കാസർകോട് സ്വദേശികളാണ് വാഹനത്തിൽ പണവുമായെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിലുണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളിൽ ഈ വാഹനം പിന്തുടർന്ന് മറ്റു വാഹനങ്ങളും പൊലീസ് സിസിടിവിയിൽ പരിശോധിക്കുന്നുണ്ട്. ഉപ്പളയിൽ മേൽപാലത്തിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. റമസാൻ പകുതി ആയതോടെ ടൗണിൽ വൻ തിരക്കും ഗതാഗത തടസ്സവും ഉണ്ടായിരുന്ന സമയത്ത് പട്ടാപ്പകലിലെ കവർച്ച നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

English Summary:

One and a half crore rupees with security breaches, mystery; How did the iron grill get damaged at the same time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com