‘കാട്ടാനയുടെ അടിയേറ്റ് തെറിച്ചുവീണത് 10 മീറ്ററോളം അകലേക്ക്; എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തി ചവിട്ടി’
Mail This Article
രാജപുരം ∙ മരുതോം ശിവഗിരി എസ്റ്റേറ്റിന് സമീപം വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരുക്ക്. പനത്തടി പഞ്ചായത്തിലെ മൊട്ടയംകൊച്ചിയിലെ ടി.ജെ.ഉണ്ണിയെയാണ് (31) കാട്ടാന ആക്രമിച്ചത്. ശുദ്ധജലം കൊണ്ടുവരുന്നതിനായി വനത്തിനുള്ളിൽനിന്നു താമസസ്ഥലത്തേക്ക് ഇട്ട പൈപ്പ് നന്നാക്കി തിരിച്ചുവരുന്നതിനിടെ തൊട്ടുമുന്നിൽ ആനയെ കാണുകയായിരുന്നു. ഓടാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് ഉണ്ണിയുടെ തുടയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ദൂരെ തെറിച്ചുവീണ ഉണ്ണി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിയെത്തി ചവിട്ടിയെങ്കിലും ഉരുണ്ടുമാറി ഓടുകയായിരുന്നു.
വനത്തിനു പുറത്തെത്തി തൊട്ടടുത്ത് ടാപ്പിങ് നടത്തുകയായിരുന്ന പി.സുകുവിനോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് സുകു 108 ആംബുലൻസിനെയും വീട്ടുകാരെയും വിവരമറിയിച്ചു. വനപാലകരും സ്ഥലത്തെത്തി. പരുക്കേറ്റ ഉണ്ണിയെ സുകു തന്റെ ബൈക്കിൽ മലയോര ഹൈവേയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ പൂടുംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഈ സമയം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.പി.ശ്രീജിത്ത്‍, മരുതോം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.എസ്.വിനോദ്കുമാർ, രാജപുരം പൊലീസ് എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.
പ്രാഥമിക പരിശോധനയിൽ കാര്യമായ പരുക്കുകൾ കണ്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി വനപാലകർ തന്നെ ഉണ്ണിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സ്കാനിങ് ഉള്‍പ്പെടെ നടത്തി. അടിയേറ്റ ഭാഗത്ത് ശക്തമായ വേദന ഉള്ളതിനാൽ രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ഉണ്ണിയെ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ജീവിതത്തിലേക്ക് 500 മീറ്റർ
വീണുകിടന്ന ഉണ്ണിയെ ചവിട്ടാനായി ചിന്നംവിളിച്ച് ആന വീണ്ടും കാലുയർത്തി. വേദനകൊണ്ട് പുളയുന്ന കാലുവലിച്ചുനീക്കി ഉണ്ണി ഉരുണ്ടുമാറി. പിന്നെയൊരു ഓട്ടമായിരുന്നു. വനത്തിലൂടെ അര കിലോമീറ്ററോളം ഓടിയാണ് ടാപ്പിങ് നടത്തുകയായിരുന്ന സുകുവിന്റെ അരികിലെത്തിയത്. സുകു തന്റെ ബൈക്കിലിരുത്തി ഉണ്ണിയെ ഹൈവേയിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കും. തൊട്ടടുത്ത് ആന നിൽക്കുമ്പോൾ ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. പിന്നെ രണ്ടും കൽപിച്ച് ഓടുകയായിരുന്നെന്നു ചികിത്സയിൽ കഴിയുന്ന ഉണ്ണി പറഞ്ഞു.
മൊട്ടയംകൊച്ചിലെ കുടുംബങ്ങൾ വേനലായാൽ കുടിവെള്ളം കൊണ്ടുവരുന്നത് മരുതോം വനത്തിനോട് ചേർന്നുള്ള ശിവഗിരി എസ്റ്റേറ്റിൽ നിന്നാണ്. വനത്തിനകത്തുകൂടി ചെറിയ പൈപ്പിട്ടാണ് വെള്ളം എത്തിക്കുന്നത്. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വേണം ജലസ്രോതസ്സിനു അടുത്തെത്താൻ. പൈപ്പ് പലപ്പോഴും പന്നി നശിപ്പിക്കുന്നത് പതിവാണ്. വെള്ളം വരാത്തതിനാൽ ഇന്നലെ രാവിലെ 7.45നാണ് പൈപ്പ് ശരിയാക്കാൻ വനത്തിൽ കൂടി ശിവഗിരി എസ്റ്റേറ്റിൽ പോയത്. സാധാരണ ഒന്നിലധികം ആള്‍ക്കാരുണ്ടാകും. ഇന്നലെ തനിച്ചായിരുന്നു. ശിവഗിരി എസ്റ്റേറ്റിൽ നിന്നും പൈപ്പ് ശരിയാക്കി വനത്തിനകത്തേയ്ക്ക് കയറുന്നതിനിടെയാണ് തൊട്ടുമുന്നിൽ ആനയെ കണ്ടതും ആക്രമണം ഉണ്ടായതും.