ADVERTISEMENT

കാസർകോട്∙സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ ഉൾപ്പെടെ മറ്റു ഡിപ്പോകൾക്ക് വിട്ടുനൽകിയപ്പോൾ കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് പകരം കിട്ടിയത് പഴയ ബസുകൾ. ഇങ്ങനെ കിട്ടിയ കാലപ്പഴക്കം വന്ന ബസുകൾ ഉപയോഗിച്ച് മലയോര സർവീസുകൾ ഉൾപ്പെടെ നടത്താൻ പ്രയാസപ്പെടുകയാണ് ഡിപ്പോ അധികൃതർ. ഇന്റർ സ്റ്റേറ്റ് പെർമിറ്റുണ്ടായിരുന്ന 2 ഫാസ്റ്റ് ബസുകൾ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നു മാറ്റി. മാനന്തവാടി, കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസുകളാണ് ഇവ. ഈ ബസുകൾ കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ നടത്താൻ മറ്റു ഡിപ്പോകൾക്കു നൽകി.

കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് കൊണ്ടുപോയ വാഹനങ്ങൾക്കു പകരം കിട്ടിയ 6 ബസുകൾ കാലപ്പഴക്കമേറിയതാണെന്നാണ് ആക്ഷേപം. 11 ബസുകളാണ് ആകെ ആവശ്യപ്പെട്ടത്. ഇതിൽ 8 എണ്ണം വന്നതിൽ 2 എണ്ണം മാത്രമാണ് ഭേദപ്പെട്ട അവസ്ഥയിലുള്ളത്. 6 ബസുകൾ പഴക്കമുള്ളതാണ്. ഇത്തരത്തിൽ എത്തിയ ബസുകളിലൊന്ന് പാണത്തൂരിൽ വച്ചും മറ്റൊന്ന് നീലേശ്വരത്തു വച്ചും തകരാറിലായി. ഒടയംചാൽ – പരപ്പ റൂട്ടിൽ ഒരു ബസ് കയറ്റം കയറാൻ കഴിയാതെ നിന്നുപോയി. യാത്രക്കാർ ഇറങ്ങി നടക്കേണ്ടി വന്നു.

ഇത്തരം കാര്യങ്ങൾ കെഎസ്ആർടിസിക്കു മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നുവെന്നും അതിനാൽ മെച്ചപ്പെട്ട ബസുകൾ പകരം ലഭ്യമാക്കണമെന്നുമാണു ജീവനക്കാരുടെ ആവശ്യം. വെള്ളരിക്കുണ്ട്, കൊന്നക്കാട്, ചെറുപുഴ മേഖലകളിലേക്കാണ് സർവീസിന് കൂടുതൽ ബസുകൾ ആവശ്യമുള്ളത്. കണ്ടീഷൻ മെച്ചമല്ലാത്തതിനാൽ മറ്റു റൂട്ടുകളിൽ ബസ് ഓടിക്കേണ്ട അവസ്ഥയിലാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോ അധികൃതർ. പഴയ മോഡൽ വാഹനങ്ങൾക്ക് കൃത്യമായ സ്പെയർ പാർട്സ് കിട്ടാത്തതിന്റെ പ്രതിസന്ധിയുമുണ്ട്. 

കെഎസ്ആർടിസിക്ക് മികച്ച കലക്‌ഷൻ ലഭിക്കുന്ന മലയോര മേഖലയിലെ സർവീസ് മെച്ചപ്പെടുത്താൻ സാധിക്കുന്നില്ല. പെർമിറ്റ് കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകളിൽ നിന്ന് ഏറ്റെടുത്ത റൂട്ടുകളിൽ പോലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. നല്ല ബസ് ഓടിക്കുമ്പോൾ കിട്ടുന്നതിന്റെ 60 % വരുമാനം മാത്രമാണ് സമയത്ത് ഓടിയെത്താൻ കഴിയാത്ത പഴയ ബസ് ഓടിച്ചപ്പോൾ ലഭിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം മംഗളൂരുവിലേക്ക് പുതിയ സർവീസ് ഉൾപ്പെടെ 5 ബസുകൾ എത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com