ADVERTISEMENT

85 വയസ്സിൽ പ്രായമുള്ളവരും വീട്ടിൽ വോട്ട് ആവശ്യമുള്ള ഭിന്നശേഷി വോട്ടർമാരും ഉൾപ്പെടെ 10,363 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ അർഹരായവരുടെ യോഗ്യത പരിശോധിക്കുന്നു. 18 മുതൽ ഇവർക്ക് വീടുകളിൽ വോട്ട് ചെയ്യുന്ന സംവിധാനം ആരംഭിക്കും. അതിനു മുൻപ് അർഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറും.

18ന് 9നു വീട്ടിൽ വോട്ടിന്റെ പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ നിലവിൽ 108 ടീം ഉൾപ്പെടെ 7 നിയമസഭാ മണ്ഡലങ്ങളിലായി 155 ടീമിനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 15 വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കും. ഒരു ദിവസം ശരാശരി 2355 വീടുകളിൽ വോട്ട് രേഖപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18, 19, 20, 21, 22 എന്നീ 5 ദിവസങ്ങളിലായി വീട്ടിൽ വോട്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം.

12ഡി ഫോമിൽ അപേക്ഷ നൽകിയ അർഹരായവർക്കാണു വോട്ട് അവകാശമുണ്ടാകുക. വോട്ട് ചെയ്യാൻ ആദ്യത്തെ തവണ ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ സാധിക്കാതെ പോയാൽ ഒരു തവണ കൂടി ഉദ്യോഗസ്ഥർ ആ വീടുകളിൽ എത്തും. രണ്ടാം തവണയും വോട്ട് ചെയ്തില്ലെങ്കിൽ പിന്നീട് അവർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ല. പോളിങ് ബൂത്തിൽ പോയാലും വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് കലക്ടർ പറഞ്ഞു.

വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ മെറ്റൽ ബിന്നിൽ സൂക്ഷിക്കും. ഓരോ ദിവസവും അതത് നിയമസഭാ മണ്ഡലത്തിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ മെറ്റൽ ബിൻ അന്ന് വൈകിട്ട് കൊണ്ടുവരും. എആർഒയുടെയും രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മെറ്റൽ ബിൻ തുറന്ന് പരിശോധിച്ച് പ്രത്യേക കവറുകളിലാക്കി എആർഒ അടയാളപ്പെടുത്തി വരണാധികാരിയുടെ കാര്യാലയമായ കലക്ടറേറ്റിൽ എത്തിക്കും.

കലക്ടറേറ്റിൽ ഹോം വോട്ട് സെക്‌ഷനിൽ പ്രത്യേക സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ടീമിന്റെ വിവരം, ടീം എത്തുന്ന സമയം, പോളിങ് സ്റ്റേഷൻ, വോട്ട് ചെയ്യാൻ എത്തുന്ന വീട് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്ലാൻ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും.

പരിശീലനം 15ന്
7 നിയമസഭാ മണ്ഡലങ്ങളിലുമുള്ള വീട്ടിൽ വോട്ട് രേഖപ്പെടുത്താനുള്ള പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കാസർകോട് ഗവ. കോളജിൽ 15ന് 9.30ന് നടക്കും. ഒരു ടീമിൽ ഒരു മൈക്രോ ഒബ്‌സർവർ, ഒന്നാം പോളിങ് ഓഫിസർ, രണ്ടാം പോളിങ് ഓഫിസർ, ബൂത്ത് ലവൽ ഓഫിസർ, ഒരു പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ എന്നിവരുണ്ടാകും.

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ സൈനികരുൾപ്പെടെ 3300 സർവീസ് വോട്ടർമാരാണുള്ളത്. 12 ഫോമിൽ അപേക്ഷ നൽകുന്ന കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ വോട്ട് അവകാശമുള്ളവരും ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായവർ എത്രയും വേഗം അപേക്ഷ വരണാധികാരിക്ക് നൽകണം. 18, 19, 20 തീയതികളിൽ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കും.

അതത് നിയമസഭാ മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടിങ്ങിനുള്ള സൗകര്യവും ഒരുക്കും. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ വോട്ടവകാശം ഉള്ള മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർക്ക് അവർ ജോലി ചെയ്യുന്ന ബൂത്തിൽ ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കും.

ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് പരിശീലന സമയത്ത് നൽകും. 21, 22, 23 തീയതികളിൽ പോസ്റ്റൽ വോട്ടിങ് സൗകര്യം അവശ്യ സേവന വിഭാഗത്തിൽപെട്ട കാസർകോട് ജില്ലക്കാർക്ക് ഇവിടെ വോട്ട് രേഖപ്പെടുത്താം. ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 22 വരെ സ്വീകരിക്കും. 

19ന് 3.30നു രാഷ്ട്രീയ പാർട്ടികളുടെ യോഗം വീണ്ടും ചേരുമെന്ന് കലക്ടർ അറിയിച്ചു. കാസർകോട് മുനിസിപ്പാലിറ്റിയിലെ ഒരു ബൂത്തിൽ 60 വോട്ടുകൾ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തള്ളിയതിലുള്ള രാഷ്ട്രീയ പാർട്ടികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.ബി.എം.ജമാൽ പട്ടേൽ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.മുഹമ്മദ് ഹനീഫ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.കമലാക്ഷൻ,  പി.വി.മല്ലികാർജുനൻ, എം.രഞ്ജിത്ത്, കെ.എ.മുഹമ്മദ് വാസിൽ, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ പി.അഖിൽ, ഇലക്‌ഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

സ്ട്രോങ് റൂം സന്ദർശിച്ചു
മഞ്ചേശ്വരം∙മണ്ഡലത്തിലെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോങ് റൂം, ജിവിഎച്ച്എഎസ് കുഞ്ചത്തൂർ ഒന്നാം പോളിങ് സ്‌റ്റേഷൻ, ഉദുമ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകൾ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ റിഷിരേന്ദ്ര കുമാർ സന്ദർശിച്ചു.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കാസർകോട്, കണ്ണൂർ അതിർത്തിയിലെ ചെറുപുഴ സ്റ്റാറ്റിക് സർവയലൻസ് ടീമിന്റെ പ്രവർത്തനം വിലയിരുത്തി. ചെറുപുഴ ടൗണിലും സന്ദർശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com