ADVERTISEMENT

ഇരിയണ്ണി ∙ ചൊട്ട പാലത്തിന്റെ പണി അന്തിമ ഘട്ടത്തിലെത്തിയിട്ടും വനഭൂമിയിലുടക്കി അനുബന്ധ റോഡ് നിർമാണം പ്രതിസന്ധിയിൽ. ഇരിയണ്ണി ഭാഗത്തെ റോഡാണ് വീതികൂട്ടാൻ വനംവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.‌പാലത്തിന്റെ നിർമാണം കരാർ കാലാവധി അവസാനിക്കുന്ന അടുത്ത ജൂലൈ മാസത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 2 സ്പാനുകളിൽ മാത്രമാണ് ഇനി ഗർഡറുകൾ സ്ഥാപിക്കാനുള്ളത്. 

സ്ഥാപിച്ച ഗർഡറുകളിൽ ഉടനെതന്നെ പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ആരംഭിക്കും. പാലത്തിൽ നിന്നു 10 മീറ്റർ വീതിയിൽ കുണ്ടംകുഴി ഭാഗത്തേക്കു 985 മീറ്ററും ഇരിയണ്ണി ഭാഗത്തേക്കു 675 മീറ്റർ നീളത്തിലുമാണ് അനുബന്ധ റോഡ് നിർമിക്കുന്നത്. കുണ്ടംകുഴി ഭാഗത്തേക്കു റോഡ് നിർമിച്ചു പകുതിയോളം ടാറിങ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇരിയണ്ണി ഭാഗത്തേക്കുള്ള വനഭൂമിയിലെ റോഡ് നിർമാണം വനംവകുപ്പിന്റെ അനുമതി കിട്ടാതെ ആരംഭിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇവിടെയുള്ള സ്വകാര്യ ഭാഗത്ത് വീതികൂട്ടൽ ആരംഭിച്ചെങ്കിലും വനഭൂമിയുടെ ഭാഗം അങ്ങനെ തന്നെ കിടക്കുകയാണ്.

150 മീറ്ററോളം ദൂരത്തിലാണ് വനഭൂമിയിലൂടെ കടന്നുപോകുന്നത്. ഇവിടെ നിലവിൽ 3 മീറ്റർ വീതിയാണുള്ളത്. ഇതു 10 മീറ്ററാക്കി ഉയർത്തണമെങ്കിൽ ബാക്കി വനഭൂമി വിട്ടുനൽകണം. പാലത്തിനും റോഡിനുമായി 5 സെന്റ് മുതൽ ഒന്നര ഏക്കർ വരെ കൃഷിഭൂമി നാട്ടുകാർ സൗജന്യമായി നൽകിയപ്പോഴാണ് വനംവകുപ്പിന്റെ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ വൈകുന്നത്.റോഡിലെ 150 മീറ്ററിനു പുറമെ കുറ്റിയടുക്കം മുതൽ വെള്ളാല വരെ പാലത്തിലേക്കുള്ള റോഡും 3 മീറ്റർ വീതിയിലുള്ളതാണ്. ഇതും വനത്തിലൂടെയാണു പോകുന്നത്. പാലത്തിലേക്കു വലിയ വാഹനങ്ങൾക്കു പോകാൻ സാധിക്കണമെങ്കിൽ ഇവിടെയും റോഡ് വീതി കൂട്ടേണ്ടി വരും. 

ബേഡഡുക്ക–മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ഇതിലൂടെയുളള വാഹനത്തിരക്കും വർധിക്കും. ബോവിക്കാനം–കുറ്റിക്കോൽ റോഡിലെ ഇരിയണ്ണിയിൽ നിന്നു തെക്കിൽ–ആലട്ടി റോഡിലെ കുണ്ടംകുഴിയിലേക്കു 6 കിമീ ദൂരത്തിൽ എത്താൻ സാധിക്കുമെന്നതാണ് പാലത്തിന്റെ ഗുണം. നിലവിൽ കുറ്റിക്കോൽ വഴിയോ പൊയ്നാച്ചി വഴിയോ പോകുമ്പോൾ 20 കിലോമീറ്ററിലേറെ ദൂരമുണ്ട്. കിഫ്ബിയിൽ നിന്നു 18.30 കോടി രൂപയാണു പാലത്തിനും അനുബന്ധ റോഡിനും അനുവദിച്ചത്. 

അപേക്ഷ നൽകിയിട്ടില്ല; വനംവകുപ്പ്
റോഡിനു അനുമതി തേടി ആരും രേഖാമൂലം അപേക്ഷ നൽകിയിട്ടില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിലാണു രേഖകൾ ഉൾപ്പെടുത്തി അപേക്ഷ നൽകേണ്ടത്. എന്നാൽ, അനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്ബി) അധികൃതർ പറയുന്നു. രേഖകൾ തയാറാക്കാൻ സെന്റർ ഫോർ മാനേജ്മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.  പാലത്തിന്റെ പണി ഒരു വർഷം മുൻപു തുടങ്ങിയതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com