ADVERTISEMENT

ചെറുവത്തൂർ ∙ ടൗണിൽ പഴയ ദേശീയപാത ജംക്‌ഷൻ മുതൽ മത്സ്യ മാർക്കറ്റ് വരെ ഇരുഭാഗത്തുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ റോഡിനോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിടുന്നത് വ്യാപാരികൾക്കും, ഇതുവഴി നടന്നുപോകുന്ന ജനങ്ങൾക്കും, വാഹന യാത്രക്കാർക്കും ദുരിതമാകുന്നു. രാവിലെ ജോലിക്കും മറ്റും ട്രെയിൻ വഴി പോകുന്നവരാണ് ഭൂരിഭാഗവും ഇവിടെ ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടുന്നത് എന്നാണ് പറയുന്നത്. ഇവർ ജോലി കഴിഞ്ഞ് വന്ന് വൈകിട്ടാണ് ഇവിടെ നിന്ന് നിർത്തിയിട്ട വാഹനങ്ങൾ തിരികെ എടുക്കുന്നത്. ഇവിടത്തെ തന്നെ ചില വ്യാപാരികളും തങ്ങളുടെ സ്ഥാപനങ്ങൾക്ക് മുൻപിലെ റോഡിനോട് ചേർന്ന് സ്വന്തം വാഹനം നിർത്തിയിടുന്നതായും പരാതിയുണ്ട്. 

കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനവും കടകൾക്ക് മുന്നിൽ തന്നെയാണ് നിർത്തിയിടാറാണ് പതിവ്.  ഇങ്ങനെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ തിങ്ങിനിറയുന്നതോടെ ഈ സ്ഥലത്തെ റോഡിൽ ഗതാഗത തടസ്സം പതിവാകുകയാണ്.ദേശീയപാത 66 വഴിയാണ് പയ്യന്നൂർ നീലേശ്വരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മത്സ്യ മാർക്കറ്റിനു സമീപത്തു കൂടി ഇപ്പോൾ ചെറുവത്തൂർ ബസ്‌ സ്‌റ്റാൻഡിൽ എത്തുന്നതും തിരിച്ചു പോകുന്നതും.  ഇതോടെ ഈ റോഡിലെ ഗതാഗത ത‌ടസ്സം ഇരട്ടിച്ചിരിക്കുകയാണ്. റോഡിന് ഇരുവശത്തും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കാരണം ഇവിടെ റോഡ് ഇടുങ്ങിയതിനാൽ വാഹനാപകടങ്ങളും ജനങ്ങൾ ഭയക്കുന്നു.  ഇതെല്ലാം കാണുന്ന ബന്ധപ്പെട്ട അധികൃതർ ഈ അനധികൃത വാഹന പാർക്കിങ്ങിനെതിരെ നടപ‌ടി സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com