ADVERTISEMENT

മഞ്ചേശ്വരം ∙ ജല അതോറിറ്റി മുഖേനയുള്ള ശുദ്ധജല വിതരണം മുടങ്ങിയതോടെ വീടുകളിൽ നിന്നു കുടുംബങ്ങൾ താമസം മാറിത്തുടങ്ങി. മഞ്ചേശ്വരം, വോർക്കാടി, കുമ്പള പഞ്ചായത്തുകളിലാണ് പുഴ മുഖേനയുള്ള ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയത്. എണ്ണായിരത്തിലേറെ കുടുംബങ്ങൾക്കുള്ള ജല അതോറിറ്റി ജല വിതരണം ഇനി വേനൽ മഴയെ ആശ്രയിച്ചാകും.

പഞ്ചായത്തുകൾ ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളമാകും അതു വരെ വിതരണം. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിനിടെ കുമ്പള പഞ്ചായത്തിൽ പല കുടുംബങ്ങളും വെള്ളം ഉള്ള വീട് തേടി താമസം മാറി. ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് തേടി പാർട്ടി പ്രവർത്തകർ ബായിക്കട്ടയിലെ അബ്ദുൽകരീമിനെ തേടി എത്തിയപ്പോൾ വീട് അടച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു.  ജല അതോറിറ്റി വെള്ളം മാത്രം ആശ്രയമായ ഈ കുടുംബം മറ്റൊരു ബദൽ സംവിധാനവും ഇല്ലാത്തതു കാരണം താമസം മാറാൻ തീരുമാനിക്കുകയായിരുന്നു. 

പഞ്ചായത്തിലെ 23 വാർഡുകളിലും ശുദ്ധജലക്ഷാമം അതിരൂക്ഷം ആണെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസുഫ്, പഞ്ചായത്ത് അംഗം യൂസഫ് ഉൾവാർ എന്നിവർ പറഞ്ഞു. അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗം ഇന്നു ചേരും. നാളെ മുതൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കിണറുകൾ ഭൂരിഭാഗവും വറ്റി. കഴിഞ്ഞ വർഷം കൊടുത്തതിന്റെ ഇരട്ടി വെള്ളം ലോറികളിൽ നൽകേണ്ടി വരും. 15,000 ലീറ്റർ വെള്ളം ദിവസവും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഷിറിയ പുഴയിൽ ജല അതോറിറ്റി കുടിവെള്ള പദ്ധതി സ്രോതസ്സിൽ ഉപ്പുരസം കൂടിയതുമൂലമാണ്  ജല അതോറിറ്റി പൈപ്പ് ലൈൻ മുഖേനയുള്ള വിതരണം മുടങ്ങിയത്. വീടുകൾ മാത്രമല്ല ഹോട്ടലുകളും അടച്ചിടേണ്ട സാഹചര്യമാണുള്ളതെന്ന് പറയുന്നു.വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉപ്പള പുഴ വറ്റിയതിനാൽ ജല അതോറിറ്റി പമ്പിങ് നിലച്ച സാഹചര്യത്തി‍ൽ ശുദ്ധജല വിതരണം മുടങ്ങിയ മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള നടപടികളിലാണ് പ‍ഞ്ചായത്ത് ഭരണ സമിതി. 

വോർക്കാടി പഞ്ചായത്തിൽ മേയ് 1 മുതൽ ടാങ്കർ ലോറികളിൽ വെള്ളം വിതരണം തുടങ്ങുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അബൂബക്കർ സിദ്ദിഖ് പറഞ്ഞു. 16 വാർഡുകളിൽ 15 വാർഡുകളിലും ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യും. തന്റെ പാവല വാ‍ർഡി( വാർഡ് 4)ൽ വെള്ളത്തിനു ക്ഷാമമില്ലെന്നും ഇവിടെ ആവശ്യത്തിനു കുടിവെള്ള പദ്ധതികൾ ഉണ്ടെന്നും പറ‍ഞ്ഞു. 

മഞ്ചേശ്വരം പഞ്ചായത്തിൽ ടാങ്കർ ലോറികളിൽ വെള്ളം വിതരണത്തിനുള്ള ടെൻഡർ 23 നു തുറക്കും. 25 മുതൽ വെള്ളം നൽകാൻ കഴിയുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സിദ്ധിഖ് പറഞ്ഞു. 21 വാർഡുകളിലും വെള്ളം എത്തും. 3 ടാങ്കറുകളിലായി  3 തവണ വിതരണം ചെയ്യും. ദിവസേന ചുരുങ്ങിയത് 30,000 ലീറ്റർ വെള്ളം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗൽപാടി പഞ്ചായത്തിലെ നയാബസാർ പെരിങ്കടിയിലെ സ്വകാര്യ കിണറ്റിൽ നിന്നാണ് കഴിഞ്ഞ വർഷം വെള്ളം എത്തിച്ചത്. ഇത്തവണയും അവിടെ നിന്നായിരിക്കും വിതരണം.

അറ്റകുറ്റപ്പണി  നടത്താതെ പഞ്ചായത്ത് 
കുമ്പളയിലെ രാജീവ് ഗാന്ധി കുടിവെളള പദ്ധതി 4 വർഷമായി ഉപയോഗിക്കുന്നില്ല. 6 വർഷം മു‍ൻപ് 7 ലക്ഷത്തിലേറെ രൂപ ചെലവിട്ട് അൻപതോളം കുടുംബങ്ങൾക്കു ഉപയോഗിക്കാനായി ഒരുക്കിയതായിരുന്നു പദ്ധതി. മോട്ടർ, ടാങ്ക്, കെട്ടിടം, പൈപ്പ് ലൈൻ തുടങ്ങിയവ ഉണ്ട്. ഇത് കാഴ്ച വസ്തുവായി മാറി. അറ്റകുറ്റപ്പണി ചെയ്തു ഉപയോഗപ്പെടുത്താൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ  പഞ്ചായത്തിന് നിവേദനം നൽകിയിട്ടും അവഗണിച്ചുവെന്നാണ് പരാതി. ജല അതോറിറ്റി മുഖേനയുള്ള കുടിവെള്ളം മുടങ്ങിയ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്രയമാകുമായിരുന്നു.

1000 രൂപ വരെ വില  
ജല അതോറിറ്റി വെള്ളം മുടങ്ങിയ കുടുംബങ്ങൾ പലരും സ്വകാര്യ ജല വിതരണക്കാരെ ആശ്രയിക്കുകയാണ്. 600 മുതൽ 700 രൂപ വരെ ആണ് 1000 ലീറ്റർ വെള്ളം എത്തിക്കുന്നതിനു ഇവർ ഈടാക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. എന്നാൽ പ്രാദേശികമായി 1000 ലീറ്റർ വെള്ളത്തിനു 400 രൂപ ആണ് വാങ്ങുന്നതെന്ന് ബന്തിയോട് നിന്നു വെള്ളം എത്തിക്കുന്ന ഏജന്റ് പറ‍ഞ്ഞു.

ബദിയടുക്കയിൽ ജലവിതരണം 2 മണിക്കൂർ മാത്രം
ബദിയടുക്ക ∙ പള്ളത്തടുക്ക പുഴയിൽ ജലക്ഷാമം. 8 മണിക്കൂറുണ്ടായരുന്ന ജലവിതരണം കഴിഞ്ഞ ദിവസം മുതൽ  2 മണിക്കൂർ മാത്രമാക്കി. ബദിയടുക്ക പഞ്ചായത്തിലേക്ക് ജലജീവൻ മിഷൻ പദ്ധതി പ്രകാരം   പള്ളത്തടുക്ക പുഴയിലെ കുണ്ടാൽമൂല ജലസംഭരണിയിൽ നിന്നാണ് ജലവിതരണം ചെയ്യുന്നത്. 

പുഴയിൽ വെള്ളം കുറഞ്ഞതോടെ 2 മണിക്കൂർ ജലവിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണുള്ളത്. ഈ മാസം 17വരെ 8 മണിക്കൂർ ജലവിതരണം ചെയ്തിരുന്നു. ഇപ്പോൾ പുഴയുടെ പരിസരത്ത് മണ്ണ് നീക്കി ഇതിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പമ്പ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ വെള്ളം വറ്റിയിരുന്നു.കാടമനയിൽ 2 കുഴൽ കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനലിൽ ഇതും വറ്റുന്നു. ബദിയടുക്ക പഞ്ചായത്തിലെ 3 വില്ലേജുകളിൽ ബദിയടുക്ക,നീർച്ചാൽ വില്ലേജുകളിലേക്കാണ് ഇതിൽ നിന്നും വിതരണം ചെയ്യുന്നത്.

ഏണിയർപ്പ് രണ്ടാംഘട്ട പദ്ധതിപ്രവൃത്തി മന്ദഗതിയിൽ
ബേള വില്ലേജിലേക്ക് മുളിയാറിൽ നിന്നു  ജലവിതരണം ചെയ്യാനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ബാവിക്കരയിൽ നിന്നു മുളിയാറിലെ ജല സംഭരണിയിലേക്ക് എത്തിക്കുന്ന വെള്ളമാണ് അമ്മങ്കോട് വഴി 13 കിലോമീറ്റർ ദൂരത്ത് ബദിയടുക്ക പഞ്ചായത്തിലെ ഏണിയർപ്പിൽ നിർമിച്ച 12 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് വിതരണം ചെയ്യേണ്ടത്. 

ഇതിന്റെ ഒന്നാം ഘട്ട പദ്ധതിയിൽ ജലസംരണിയും ചില ഭാഗങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നിട്ടുണ്ട്.ഇതിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്.കരാറുകാരന് പണം ലഭിക്കാത്തതാണ് മന്ദഗതിയാവാൻകാരണം. ബേളയിൽ 4905 കണക്ഷനാണ് നൽകേണ്ടത്.ഇതിൽ 2000 കണക്ഷൻ നൽകിയിട്ടുണ്ട്.ജലവിതരണം തുടങ്ങിയിട്ടില്ല

‘വെള്ളം കൊടുക്കാതെ  ബില്ലുകൾ നൽകുന്നു’
ജലജീവൻമിഷൻ പദ്ധതി പ്രകാരം  പഞ്ചായത്തിലെ എല്ലാവാർഡുകളിലെയും വീടുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള പൈപ്പുലൈനുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.വാട്ടർ അതോറിറ്റിയുടെ വർഷങ്ങൾക്ക് മുൻപു പള്ളത്തടുക്ക പുഴയിൽ നിന്നുള്ള ജലവിതരണ ലൈനിൽ നിന്നാണ് ജലജീവൻ മിഷൻ പ്രകാരമുള്ള കണക്ഷൻ വീടുകൾക്ക് നൽകുന്നത്.നേരത്തെ കുറഞ്ഞ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്.

 കണക്ഷൻ കൂടിയതോടെ ചില വീടുകളിലേക്ക് വെള്ളം ലഭിക്കാതെ ബില്ലുകൾ ലഭിക്കുന്നുവെന്ന പരാതിയുയർന്നിട്ടുണ്ട്. ജസ്രോതസ്സുകൾ കണ്ടെത്താതെ കണക്ഷൻ നൽകുന്നത് കൊണ്ടാണ് സുഗമമായി ജലവിതരണം നടക്കാത്തതിനു കാരമമെന്നാണ് ആക്ഷേപം.താഴ്ഭാഗത്തുള്ള വീടുകളിലേക്ക് വെള്ളം ലഭിക്കുകയും ഉയർന്ന പ്രദേശത്ത് ലഭിക്കാതിരിക്കുകയും ലഭിക്കുന്നവരിൽ ചിലർ തോട്ടങ്ങളിലേക്കും ചെടികൾക്കും ജലസേചനം നടത്തി ഗാർഹിക ആവശ്യത്തിനുള്ള വെള്ളം ദുരുപയോഗം ചെയ്യുന്നതും ആത്യാവശ്യമുള്ള വീട്ടുകാർക്ക് പോലും ലഭിക്കാതിരിക്കുന്നതിനും കാരണമാവുന്നു.

മണ്ണു നീക്കംചെയ്യാൻ നടപടിയില്ല
ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിലെയും എൻമകജെ പഞ്ചായത്തിലെ അഡ്ക്കസ്ഥല പുഴയിലെയും പമ്പ് ഹൗസ് പരിസരത്ത് അടിഞ്ഞുകൂടിയ  മണ്ണു നീക്കംചെയ്യുന്നതിനു ജല അതോറിറ്റി ജലസേചന വകുപ്പിനു കത്ത് നൽകിയിട്ടും തുടർനടപടികളുണ്ടായിട്ടില്ല. മണ്ണ് നീക്കിയാൽ വെള്ളം ലഭിക്കും. മണ്ണ് നീക്കിയാൽ ഇത് നിക്ഷേപിക്കാൻ സ്ഥലമില്ല എന്ന പ്രശ്നമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com