ADVERTISEMENT

കാസർകോട് ∙ ‘എടാ മോനോ, ആവേശം. എടാ മോനോ ഹാപ്പി അല്ലേ എന്ന് അണികൾ’ പരസ്പരം. മുന്നണികളിൽ ‘ആവേശം’ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിന് സമാപനം.ഒന്നര മാസത്തോളം നീണ്ട മുന്നണികളുടെ തിര‍ഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ചു. പരസ്യ പ്രചാരണ കലാശക്കൊട്ട് നിറങ്ങളാൽ ആവേശമാക്കാൻ മുന്നണികൾ മത്സരിച്ചു. വിവിധ വലിപ്പത്തിലുള്ള പതാകകളും വർണക്കടലാസുകളും ബലൂണുകളും വാനിലേക്കുയർന്നു.  സ്ഥാനാർഥികൾ പങ്കെടുത്ത കലാശക്കൊട്ടിനു പുറമേ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പരിപാടികൾ ഒരുക്കിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ
മടക്കര മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികളോട് വോട്ട് തേടുന്നു.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ മടക്കര മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികളോട് വോട്ട് തേടുന്നു.

യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തും എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പയ്യന്നൂരിലും എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി കാസർകോട് ചന്ദ്രഗിരി ജംക്‌ഷനിലും കലാശക്കൊട്ടിൽ പങ്കെടുത്തു.കാസർകോട് ടൗണിൽ വൈകിട്ട് 3നു ശേഷം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. സ്ഥാനാർഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിൽ വീടുകളിലെത്തി വോട്ടു ചോദിക്കും.

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച്  എൽഡിഎഫ് പ്രവർത്തകർ പയ്യന്നൂരിൽ നടത്തിയ കലാശക്കൊട്ട്.
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് എൽഡിഎഫ് പ്രവർത്തകർ പയ്യന്നൂരിൽ നടത്തിയ കലാശക്കൊട്ട്.

∙യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ റോഡ് ഷോ വൈകിട്ട് മേൽപറമ്പിൽ നിന്നാരംഭിച്ച്  കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുറന്ന ജീപ്പിൽ യുഡിവൈഎഫിന്റെ പ്രവർത്തകർ കൊടികളുമായി റാലിയിൽ പങ്കാളികളായി. ഡിജെ മ്യൂസിക്കും ആകാശത്തേക്കുയർന്ന വർണക്കടലാസുകളും പരിപാടി കൊഴുപ്പിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചതിന് നിറക്കയടികളുയർന്നു.

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച്  ബിജെപി പ്രവർത്തകർ ചന്ദ്രഗിരി ജംക്ഷനിൽ നടത്തിയ കലാശക്കൊട്ട്. ചിത്രം: മനോരമ
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് ബിജെപി പ്രവർത്തകർ ചന്ദ്രഗിരി ജംക്ഷനിൽ നടത്തിയ കലാശക്കൊട്ട്. ചിത്രം: മനോരമ

കോൺഗ്രസ്, മു‌സ്‍‌ലിം ലീഗ്, കെഎസ്‌യു, എസ്ടിയു തുടങ്ങി വിവിധ സംഘടനകളുടെ പതാകകൾ പരിപാടി കൊഴുപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മു‌സ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, സി.ടി. അഹമ്മദലി, ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ. അഡ്വ.ഗോവിന്ദൻ നായർ, എ.ഗോവിന്ദൻ നായർ, എ.അബ്ദു റഹ്മാൻ, പി.എം.മുനീർ ഹാജി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കരിവെള്ളൂർ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മഞ്ചേശ്വരത്ത് വോട്ടഭ്യർഥിക്കുന്നു.
എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മഞ്ചേശ്വരത്ത് വോട്ടഭ്യർഥിക്കുന്നു.

∙എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പങ്കെടുത്ത പ്രകടനം പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രകടനം തുടങ്ങിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ എംപി പി.കരുണാകരൻ എന്നിവരെ തുറന്ന വാഹനത്തിൽ ആനയിച്ചു. നഗരത്തെ കൂടുതൽ ചുവപ്പു നിറത്തിൽ മുക്കിയ റാലിയിൽ ശിങ്കാരിമേളവും നാസിക് ബാൻഡും ബാൻഡ് മേളവും അകമ്പടിയായി. എൽഡിഎഫിലെ വിവിധ പാർട്ടികളുടെ കൊടികളും വർണ ബലൂണുകളും കളരി അഭ്യാസവും കൂറ്റൻ ചെങ്കൊടിയുമെല്ലാം റാലിക്ക് കൊഴുപ്പേകി.  

ടി.ഐ.മധുസൂദനൻ എംഎൽഎ, സി.കൃഷ്ണൻ, പി.സന്തോഷ്, പി.ശശിധരൻ, എം.രാമകൃഷ്ണൻ, പി.ജയൻ, പി.വി.ദാസൻ, ഇക്ബാൽ പോപ്പുലർ, പി.യു.രമേശൻ, കെ.ഹരിഹർ കുമാർ എന്നിവർ നേതൃത്വം നൽകി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപന യോഗം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി.ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. 

എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞടുപ്പ് പര്യടനം ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം
ചെയ്യുന്നു
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞടുപ്പ് പര്യടനം ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

∙എൻഡിഎ
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ കാസർകോട് ചന്ദ്രഗിരി ജംക്‌ഷനിലെ പ്രചാരണ കൊട്ടിക്കലാശത്തിൽ പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ഫോട്ടോകൾ പതിപ്പിച്ച ബോർഡുകളും ബാനറുകളും ടീ ഷർട്ടുകളും ധരിച്ച പ്രവർത്തകർ പങ്കെടുത്തു. സ്ഥാനാർഥി ക്രെയിനിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അശ്വിനിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും കയറി. തുടർന്ന് മലയാളം, കന്നഡ, തുളു ഭാഷകളിൽചുരുങ്ങിയ വാക്കുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നടത്തിയ വികസന നേട്ടങ്ങളും മുൻ കാലങ്ങളിൽ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ്–എൽഡിഎഫ് മുന്നണി സ്ഥാനാർഥികളുടെ പോരായ്മകൾ എണ്ണിപ്പറഞ്ഞും പ്രസംഗം. ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മനുലാൽ മേലത്ത്, കെ.സതീഷ്ചന്ദ്ര ഭണ്ഡാരി, പി.രമേശ്, പി.സുരേഷ്കുമാർഷെട്ടി, വി.രവീന്ദ്രൻ, പ്രമീള മജൽ, വിജയകുമാർറൈ, എം..ബൽരാജ്, എൻ.ബാബുരാജ്, കെ.സവിത എന്നിവർ 
നേതൃത്വം നൽകി.

തിരഞ്ഞെടുപ്പിന് ഒരുക്കമായി
കാസർകോട്∙ നാളെ നടക്കുന്ന  ലോക്സഭ തിരഞ്ഞെടുപ്പിനു ഒരുക്കങ്ങളായി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് തിരഞ്ഞെടുപ്പ്. 9 സ്ഥാനാർഥികളാണ്  മത്സര രംഗത്തുള്ളതെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

∙ പോളിങ് സാമഗ്രികളുടെ  വിതരണം  ഇന്ന്
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള സ്വീകരണ വിതരണ  കേന്ദ്രങ്ങളിൽ നടക്കും.

സ്വീകരണ– വിതരണ കേന്ദ്രങ്ങൾ ചുവടെ:
മഞ്ചേശ്വരം-ജിഎച്ച്എസ്എസ് കുമ്പള, 
കാസർകോട്- കാസർകോട് ഗവ: കോളജ്.
ഉദുമ- ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ.
കാഞ്ഞങ്ങാട്- ദുർഗ ഹയർസെക്കൻഡറി സ്കൂൾ.
തൃക്കരിപ്പൂർ- സ്വാമി നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ കാഞ്ഞങ്ങാട്, 
പയ്യന്നൂർ- എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ജിവിഎച്ച്എസ്എസ് പയ്യന്നൂർ,
കല്ല്യാശ്ശേരി- ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ മാടായി. 

∙ പോളിങ് ഡ്യൂട്ടിക്ക് 4561 പേർ
ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 4561   ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, സെക്കൻഡ് പോളിങ് ഓഫിസർ 983 വീതം സെക്ടറൽ ഓഫിസർ 90.മൈക്രോ ഒബ്സർവർമാർ 244, റിസർവായി–1278

∙ ശനിയാഴ്ച വരെ നിരോധനാജ്ഞ 
ജില്ലയിൽ ജില്ലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ്  ഓഫിസർ കൂടിയായ കലക്ടർ കെ.ഇമ്പശേഖർ 1973 ലെ സിആർപിസി സെക്‌ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് 6 മുതൽ 27 വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. പൊതു യോഗങ്ങൾക്കും അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏർപ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുത്.സ്ഥാനാർഥികളുടെ വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. അവശ്യ സർവീസുകളായ മെഡിക്കൽ എമർജൻസി, ക്രമസമാധാന പാലനം, അഗ്‌നിരക്ഷാ സേന, സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവ തടസ്സമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.

∙ കാസർകോട് മണ്ഡലം
ആകെ വോട്ടർമാർ 14,52,230
പുരുഷന്മാർ–7,01,475
സ്ത്രീകൾ–  7,50,741 
ട്രാൻസ്ജെൻഡർ–14
കന്നിവോട്ടർമാർ–32,827
പ്രവാസി വോട്ടർമാ‍ർ –4934
സർവീസ് വോട്ടർമാർ–3300
അവശ്യ സർവീസ് വോട്ടർമാർ–771
ആകെ ബൂത്ത് –1334 (ഓക‍്സിലറി ഉൾപ്പെടെ) 

∙മണ്ഡലം തിരിച്ചുള്ള ബൂത്തുകളുടെ എണ്ണം
മഞ്ചേശ്വരം- 205, കാസർകോട് -190, ഉദുമ- 198, കാഞ്ഞങ്ങാട്- 196, തൃക്കരിപ്പൂർ-194, പയ്യന്നൂർ 181,കല്ല്യാശ്ശേരി- 170

തിരഞ്ഞെടുപ്പ് ചെലവ് മൂന്നാംഘട്ടം; താരപ്രചാരകർക്ക്  കൂടുതൽ പണമിറക്കി എൽഡിഎഫ്
കാസർകോട് ∙ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ടത്തിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ചെലവഴിച്ചതിൽ മുന്നിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ. മണ്ഡലത്തിൽ താരപ്രചാരകർക്കായി കൂടുതൽ പണം മുടക്കിയതും ഇടതു മുന്നണി തന്നെ 7.56 ലക്ഷം. ഷാഡോ നിരീക്ഷണ റജിസ്റ്ററിലെ കണക്കുകളുമായി സ്ഥാനാർഥികൾ നൽകിയ കണക്കുകൾ ഇക്കുറിയും പൊരുത്തപ്പെടുന്നില്ല.

കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് സ്ഥാനാർഥികളോട് വിശദീകരണം തേടി നോട്ടിസയച്ചു. മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് ഷാഡോ നിരീക്ഷണ റജിസ്റ്റർ പ്രകാരം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ 53.11 ലക്ഷം രൂപയാണ് ചെലവഴിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 28.32 ലക്ഷവും എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി 26.75 ലക്ഷം രൂപയും ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 22 വരെയുള്ള കണക്കാണിത്. മൂന്നാം ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ 43.44 ലക്ഷം രൂപയും രാജ്മോഹൻ ഉണ്ണിത്താൻ 15.75 രൂപയും എം.എൽ.അശ്വിനി 10.45 രൂപയും മാത്രമാണ് കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലികൾക്കും പൊതുയോഗങ്ങൾക്കുമായി ഓരോ സ്ഥാനാർഥികളും ചെലവഴിച്ച തുക ഷാഡോ നിരീക്ഷകരുടെ കണക്കിൽ(സ്ഥാനാർഥികൾ നൽകിയ കണക്ക് ബ്രാക്കറ്റിൽ): എം.വി.ബാലകൃഷ്ണൻ –6.89 ലക്ഷം (5.96 ലക്ഷം), രാജ്മോഹൻ ഉണ്ണിത്താൻ –3.99 ലക്ഷം(2 ലക്ഷം), എം.എൽ.അശ്വിനി –1.68 ലക്ഷം (കണക്ക് നൽകിയിട്ടില്ല).

താരപ്രചാരകരുടെ യോഗങ്ങൾക്കുള്ള ചെലവ്: എം.വി.ബാലകൃഷ്ണൻ–7.56 ലക്ഷം(5.55 ലക്ഷം), രാജ്മോഹൻ ഉണ്ണിത്താൻ – 3.14 ലക്ഷം (1 ലക്ഷം), എം.എൽ.അശ്വിനി– 4.99 ലക്ഷം (17,480 രൂപ).

പ്രചാരണ സാമഗ്രികൾക്കുള്ള ചെലവ്: എം.വി.ബാലകൃഷ്ണൻ–31.91 ലക്ഷം (26.23 ലക്ഷം), രാജ്മോഹൻ ഉണ്ണിത്താൻ–16.98 ലക്ഷം (9.28 ലക്ഷം), എം.എൽ.അശ്വിനി–13.51 ലക്ഷം (9.76 ലക്ഷം).

പ്രചാരണ വാഹനങ്ങൾക്കായുള്ള ചെലവ്: എം.വി.ബാലകൃഷ്ണൻ –5.95 ലക്ഷം(4.25 ലക്ഷം), രാജ്മോഹൻ ഉണ്ണിത്താൻ –3.83 ലക്ഷം (2.38 ലക്ഷം), എം.എൽ.അശ്വിനി–5.28 ലക്ഷം(കണക്ക് നൽകിയിട്ടില്ല).

വനിതാ ലീഗ് പ്രവർത്തകരെ സമൂഹമാധ്യമത്തിൽ  ആക്ഷേപിച്ചുവെന്നു പരാതി
തൃക്കരിപ്പൂർ ∙ വനിതാ ലീഗ് പ്രവർത്തകരെ സമൂഹ മാധ്യമത്തിൽ ആക്ഷേപിച്ചുവെന്ന വലിയപറമ്പ് പടന്നക്കടപ്പുറത്തെ വനിതാ ലീഗ് പ്രവർത്തക പി.കെ.സബീനയുടെ പരാതിയിൽ വലിയപറമ്പ് പന്ത്രണ്ടിലെ അഹമ്മദ് അലി പറമ്പത്തിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 19 നു വലിയപറമ്പ് സി.എച്ച്.റോഡിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനു നൽകിയ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ ശബ്ദ സന്ദേശം എഡിറ്റ് ചെയ്ത് ചേർത്ത് സ്ത്രീകളുടെ അന്തസ്സിനു കോട്ടം വരുത്തുന്ന തരത്തിലും നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനും ഫേസ്ബുക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചുവെന്നാണ് 
പരാതിപ്പെട്ടത്.

എം.വി.ബാലകൃഷ്ണനെ  വിജയിപ്പിക്ണം: നാഷനൽ ലീഗ് 
കാസർകോട് ∙ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനു എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ നാഷനൽ ലീഗ് ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ മാളിക, ജനറൽ സെക്രട്ടറി എ.കെ. കമ്പാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എ.കുഞ്ഞബ്ദുല്ല, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാലിം ബേക്കൽ എന്നിവർ അഭ്യർഥിച്ചു.

കലാശക്കൊട്ടിനിടെ മലപ്പട്ടത്ത് സംഘർഷം, യുഡിഎഫ് ബൂത്ത് കൺവീനർക്ക് മർദനമേറ്റു
ഇരിക്കൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ മലപ്പട്ടത്ത് സംഘർഷം. യുഡിഎഫ് അഡുവാപ്പുറം 195ാം ബൂത്ത് കൺവീനർ പി.ആർ.സനീഷിന് (35) മർദനമേറ്റു.  മുഖത്തും തലയ്ക്കും പരുക്കേറ്റ സനീഷ് മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സിപിഎം പ്രവർത്തകർ  മർദിച്ചതായാണ് പരാതി.  വൈകിട്ട് 5.30ന് മലപ്പട്ടം സെന്ററിലായിരുന്നു സംഭവം. യുഡിഎഫ് പ്രവർത്തകരുടെ ബൈക്ക് റാലി അഡൂരിൽ പോയി മടങ്ങുന്നതിനിടെ സെന്ററിൽ വച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. റാലി അവസാനിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് സമീപം കാറിലെത്തിയ സനീഷിനെ മർദിച്ചതായാണ് പരാതി. കൊട്ടിക്കലാശ സമയത്ത് മയ്യിൽ പൊലീസ് 
സ്ഥലത്തുണ്ടായിരുന്നില്ല.

നഗരങ്ങളെ ഇളക്കി മറിച്ച് ‌കലാശക്കൊട്ട് ആവേശത്തിരയിൽ മൂന്നു മുന്നണികളും 
കാഞ്ഞങ്ങാട് ∙ നഗരത്തെ ഇളക്കി മറിച്ച് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ കൊട്ടിക്കലാശം ആണ് നഗരത്തെ ആവേശത്തിലാഴ്ത്തിയത്. നോർത്ത് കോട്ടച്ചേരിയിൽ നിന്നു എൻഡിഎയുടെ റാലിയാണ് ആദ്യം ആരംഭിച്ചത്. സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ കട്ടൗട്ടും ഡിജെ സംഗീത സംവിധാനങ്ങളും ഒരുക്കിയാണ് എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം ആഘോഷമാക്കിയത്. പുതിയകോട്ടയിലാണ് റാലി അവസാനിച്ചത്. 

ഇതിനിടെ പുതിയകോട്ടയിൽ നിന്നു ആരംഭിച്ച യുഡിഎഫിന്റെ റാലി കോട്ടച്ചേരിയിൽ എത്തി. ഈ സമയത്ത് എലൈറ്റ് ഹോട്ടലിന്റെ പരിസരത്ത് നിന്നു എൽഡിഎഫിന്റെ കലാശക്കൊട്ടിന് തുടക്കമായി. പാർട്ടി കൊടികളും ഡിജെ സംഗീത സംവിധാനവും പടക്കവും വർണ വിസ്മയവും നിറഞ്ഞതായിരുന്നു എൽഡിഎഫിന്റെ അവസാനഘട്ട പ്രചാരണം.

നഗരം ചുറ്റിയ എത്തിയ എൽഡിഎഫ് റാലി ഒടുവിൽ പെട്രോൾ പമ്പിന് മുൻപിൽ സമാപിച്ചു. കോട്ടച്ചേരിയിൽ എത്തിയ യുഡിഎഫിന്റെ റാലി പിന്നാലെ ബസ് സ്റ്റാൻഡ് പരിസരത്തെത്തി സമാപിച്ചു. ഇതിനിടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോഷിന്റെ നേതൃത്വത്തിൽ പുതിയകോട്ടയിൽ നിന്നു റോഡ് ഷോയും നടന്നു.
നീലേശ്വരം ∙ കനത്ത സുരക്ഷയിൽ മുന്നണികളുടെ കലാശക്കൊട്ട്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എൻഡിഎ യുടെയും നേതൃത്വത്തിൽ വിവിധ സമയങ്ങളിലായിട്ടാണ് നീലേശ്വരം നഗരത്തിൽ കൊട്ടിക്കലാശം നടന്നത്. മാർക്കറ്റ്  ജംഗ്ഷനിൽ നിന്ന് കോൺവെന്റ് ജംക്​ഷനിലേക്കാണ് എൻഡിഎയുടെ നേതൃത്വത്തിൽ കലാശക്കൊട്ടിന്റെ ഭാഗമായിടുള്ള പ്രകടനം നടന്നത്. 

നീലേശ്വരം രാജാസ് ഹയർസെക്കൻഡ റി സ്കൂളിൽ നിന്ന് മാർക്കറ്റ് ജംക്​ഷനിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നു. കോൺവെന്റ് ജംക്​ഷനിൽ നിന്ന് മാർക്കറ്റ് ജംക്​ഷനിലേക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ കലാശക്കൊട്ട്  നടത്തി. സിആർപിഎഫിന്റെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് മൂന്ന് പ്രകടനങ്ങളും നടന്നത്. നേരത്തെ തന്നെ പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന തീരുമാന പ്രകാരമാണ് കൊട്ടി കലാശം നടന്നത് അത് കൊണ്ട് തന്നെ സമാധാനപരമായിട്ടാണ് പരിപാടികൾ നടന്നത്
വെള്ളരിക്കുണ്ട്∙ യുഡിഎഫിന്റെയും, എൽഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ  പരപ്പ വെള്ളരിക്കുണ്ട്, ഭീമനടി, ടൗണുകളിൽ നടന്ന പ്രചാരണ കൊട്ടിക്കലാശം ആവേശമായി. നൂറുക്കണക്കിന് പ്രവർത്തകർ, ചെണ്ടമേളത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ബൈക്കുകളിലും വാഹനങ്ങളിലും റാലിയിൽ അണിനിരന്നു. 

വെള്ളരിക്കുണ്ടിൽ യുഡിഎഫ് പരിപാടിയിൽ രാജുകട്ടക്കയം,എ.സിഎ ലത്തീഫ് , ഹരീഷ്പി നായർ, വി.എം.ശിഹാബ്, പി.മാധവൻ നായർ, എം.രാധാമണി, ടി.അബ്ദുൽഖാദർ, എൻ.ഡി. വിൻസന്റ്, ഷോബി ജോസഫ്, മോൻസി ജോയി, പ്രിൻസ് പ്ലാക്കൽ നേതൃത്വം നൽകി. ഭീമനടിയിൽ ജോയിജോസഫ്, എം.എം.അബൂബക്കർ, ജാതിയിൽ അസിനാർ, എ.വി.ഭാസ്ക്കരൻ, പി.യു ബാബു, അന്നമ്മമാത്യു, മോളിക്കുട്ടിപോൾ, പി.ടി.ജോസഫ്, രാജേഷ് തമ്പാൻ നേതൃത്വം നൽകി.
തൃക്കരിപ്പൂർ ∙ ജില്ലയുടെ തെക്കനതിരായ തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ആവേശകരമായി. 3 മുന്നണികളും മത്സരിച്ചു പ്രചാരണ സമാപനം നടത്തി. യുഡിഎഫ് പ്രചാരണത്തിനു ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീർ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, യുഡിഎഫ് ചെയർമാൻ ടി.പി.അഹമ്മദ് ഹാജി, വി.വി.അബ്ദുല്ല ഹാജി, എം.രജീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഇടതുമുന്നണി പ്രചാരണത്തിനു സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.വി.ജനാർദ്ദനൻ, ആർജെഡി സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ, ഐഎൻഎൽ മണ്ഡലം സെക്രട്ടറി എ.ജി.ബഷീർ, എം.വി.സുകുമാരൻ, ടി.വി.കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.  എൻഡിഎ സമാപനത്തിനു ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, സെക്രട്ടറി കെ.ടി.വി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എം.ഭാസ്ക്കരൻ, ജില്ലാ കമ്മിറ്റി അംഗം ടി.കുഞ്ഞിരാമൻ, യു.രാജൻ, പി.വി.വിജയൻ, കെ.ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

മടക്കരയിൽ ചെറിയ തോതിൽ സംഘർഷം
ചെറുവത്തൂർ ∙ മടക്കരയിൽ ചെറിയ തോതിൽ സംഘർഷം .മടക്കരയിൽ എൽഡിഎഫ് പ്രവർത്തകരെ ബൈക്കിൽ എത്തിയ ലീഗ് പ്രവർത്തകർ ആക്രമിച്ചു എന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റതായും പറഞ്ഞു. എന്നാൽ മടക്കരയിൽ പ്രശ്ന സാധ്യത ഭയന്ന് യുഡിഎഫ് ഇവിടെ കൊട്ടിക്കലാശം വേണ്ടെന്ന് വച്ചിരുന്നു.പടന്നയിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങിയ തുരുത്തിയിലെ ലീഗ് പ്രവർത്തകരെ മടക്കരയിൽ ഉണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകർ ആക്രമിച്ചു എന്നാണ് ലീഗ് നേതൃത്വത്തിന്റെ പരാതി.  ഇതിനിടയിൽ ഒരു ലീഗ് പ്രവർത്തകനെ കരുതൽ നടപടി എന്ന നിലയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചന്തേര പൊലീസ് ഇൻസ്പെക്ടർ ജി.പി.മനുരാജ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

വ്യാജപ്രചാരണം: നടപടിയെടുക്കും
കാസർകോട്∙ യുഎഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിന്റെ  പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ് ആപ്പ് ശബ്ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്നും വിവരം  തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും  പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു  കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ പ്രവാസി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടർമാരെ തെറ്റായി സ്വാധീനിക്കുമെന്നും   ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

കാരണം കാണിക്കൽ നോട്ടിസ് 
കാസർകോട്∙ വോട്ടർമാർക്ക് പോളിങ് സ്‌റ്റേഷനിൽ എത്തുന്നതിനായി സൗജന്യ വാഹനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചതിന്  1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123(5) പ്രകാരം സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്  കാരണം കാണിക്കൽ നോട്ടിസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫിസർ സൂഫിയാൻ അഹമ്മദാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ സ്ഥാനാർഥിയോട്  48 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യമായി വാഹനം ഏർപ്പെടുത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്ന് നോട്ടിസിൽ വ്യക്തമാക്കി.

കാസർകോട്∙ മെട്ടമ്മൽ ജുമാമസ്ജിദിൽ വിശ്വാസികളോട് ഒരു സ്ഥാനാർഥിക്കു വോട്ടു ചെയ്യാൻ പരസ്യ പ്രഖ്യാപനം നടത്തിയെന്ന പരാതിയിൽ തൃക്കരിപ്പൂർ എളമ്പച്ചി മെട്ടമ്മൽ ജുമാമസ്ജിദ് ഹാഫിസ് അയൂബ് ദാരിമിയ്ക്ക് സി വിജിൽ ആപ്ലിക്കേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നോഡൽ ഓഫിസർ സബ്  കലക്ടർ  സൂഫിയാൻ അഹമ്മദ് കാരണം കാണിക്കൽ നോട്ടിസ് നൽകി. തിരഞ‍െടുപ്പ് ആൻഡി  എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഡിയോ ക്ലിപ് സഹിതം തെളിവ് ഹാജരാക്കിയിരുന്നു മത സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കുന്നത് 
നിയമ ലംഘനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com