ADVERTISEMENT

കാസർകോട്∙കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഇന്നലെ രാത്രി 9.40വരെ പോളിങ് ശതമാനം 75.29. കഴിഞ്ഞ തവണ 80.65 ആയിരുന്നു പോളിങ്.  രാത്രി വൈകിയുമുള്ള പോളിങ് കണക്കുകൾ കൂടി ചേർക്കുമ്പോൾ ശതമാനം ഇനിയും കൂടും. എങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറയാനാണ് സാധ്യത. അത് ഏതു മുന്നണിയെയാണ് ബാധിക്കുക എന്നത് സ്ഥാനാർഥികൾക്ക് ആശങ്കയാണ്. ഏതു മുന്നണിയുടെ വോട്ടുകളാണ് പോൾ ചെയ്യാതെ പോയത് എന്നത് തിര‍ഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാവൂ.

∙മഞ്ചേശ്വരം –72.54%
മഞ്ചേശ്വരം മണ്ഡലത്തിൽ 2019ൽ 75.84% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ഇന്നലെ വൈകിയുള്ള കണക്കു പ്രകാരം 72.54 ശതമാനം. പോളിങ്ങിലെ കുറവ് ആരെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. യുഡിഎഫ്–എൻഡിഎ സ്വാധീന മണ്ഡലം ആയതിനാൽ പോളിങ് കുറവ് ഈ രണ്ടു മുന്നണികൾക്കാകും പ്രധാനമായും തിരിച്ചടിയാവുകയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാൾ 35421 വോട്ടിന്റെ ലീഡാണ് യുഡിഎഫിന്റെ രാജ്മോഹൻ ഉണ്ണിത്താന് ഈ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 

∙കാസർകോട്–71.65%
കഴിഞ്ഞ തവണ 76.30% പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ്–എൻഡിഎ സ്വാധീന മണ്ഡലത്തിലെ പോളിങ് കുറവ് ആശ്വാസം നൽകുന്നത് എൽഡിഎഫിനാണ്. 2019ൽ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിൽ നിർണായകമായതു കാസർകോട് മണ്ഡലത്തിൽ നേടിയ 41223 വോട്ടുകളുടെ ലീഡാണ്. ഇക്കുറിയും യുഡിഎഫ് പരമാവധി ലീഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ പ്രവർത്തിച്ചതും. 

∙ഉദുമ–74.55%
കഴി‍ഞ്ഞ തവണ 79.28 ശതമാനം ആയിരുന്നു പോളിങ്. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറഞ്ഞതു രണ്ടു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. നിയമസഭയിൽ എൽഡിഎഫിനൊപ്പം നിന്ന ഉദുമ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8937 വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് രാജ്മോഹൻ ഉണ്ണാത്താനു നൽകിയിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കുകയും ചെയ്തു. ഉദുമയിൽ ലീഡ് നേടാൻ രണ്ടുമുന്നണികളും ശക്തമായ പ്രചാരണങ്ങളാണ് ഇവിടെ നടത്തിയത്. എന്നിട്ടും വോട്ട് കുറഞ്ഞു.

∙കാഞ്ഞങ്ങാട്– 74.64%
കഴിഞ്ഞ വർഷം 81.09 ആയിരുന്നു പോളിങ്. ഇത്തവണ പോളിങ് കുറഞ്ഞു. എൽഡിഎഫ് സ്വാധീന മണ്ഡലമാണെങ്കിലും കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 2221 വോട്ടിന്റെ ലീഡ് മാത്രമേ എൽഡിഎഫിന് ലഭിച്ചിട്ടുള്ളു. വോട്ട് കുറഞ്ഞത് കൂടുതൽ ബാധിക്കുന്നത് എൽഡിഎഫിനെ തന്നെയാവുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് കൂടുതൽ വോട്ട് ഉയർത്താൻ ശ്രമിച്ച മണ്ഡലം കൂടിയാണിത്

∙തൃക്കരിപ്പൂർ  76.86%
കഴിഞ്ഞ തവണ 83.08 ആയിരുന്നു പോളിങ്. നിയമസഭാ തിര‍ഞെടുപ്പിൽ എൽഡിഎഫിന് വലിയ ഭൂരിപക്ഷം നൽകുമ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1899 വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിനുണ്ടായിരുന്നത്. പോളിങ് കുറഞ്ഞത് ഇരു മുന്നണികൾക്കും ആശങ്കയാണ്.

∙പയ്യന്നൂർ–80.30 %
കഴിഞ്ഞ തവണ 85.39 ആയിരുന്നു പോളിങ്. 26131 വോട്ടിന്റെ ലീഡ് ഇവിടെ എൽഡിഎഫിനുണ്ടായി. 5000ത്തോളം വോട്ടർമാർ ഇത്തവണ കുറഞ്ഞു. പയ്യന്നൂരിൽ നിന്ന് വലിയ ലീഡ് പ്രതീക്ഷിക്കുന്ന എൽഡിഎഫിന് ഇത് തിരിച്ചടിയാവാം.

∙കല്യാശ്ശേരി 77.48
കഴിഞ്ഞ തവണ 82.65 ആയിരുന്നു പോളിങ്. എൽഡിഎഫിന് 13694 വോട്ടിന്റെ ലീഡായിരുന്നു. ഇവിടെ എൽഡിഎഫിന്റെ വോട്ട് ആണോ കുറഞ്ഞത് അതോ യുഡിഎഫിന്റെ വോട്ടാണോ എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ. എൽഡിഎഫ് വോട്ടുകൾ ഇവിടെ കൃത്യമായി ചെയ്തു എന്നാണ് എൽഡിഎഫ് അവകാശവാദം.

ബൂത്തിനു മുന്നിൽ സംഘർഷം
മാവുങ്കാൽ ∙ രാംനഗർ സ്കൂളിലെ പോളിങ് ബൂത്തിനു മുൻപിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പോളിങ് അവസാനിച്ച് പ്രവർത്തകർ മടങ്ങുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർക്കുനേരെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ കോൺഗ്രസ് പ്രവർത്തകൻ നശിപ്പിച്ചതു സംബന്ധിച്ച് ചോദിച്ചതു മാത്രമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതും ബഹളത്തിനു കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com