ഡോക്ടറില്ലാതെ നഗര ജനകീയ ആരോഗ്യകേന്ദ്രം
Mail This Article
കാഞ്ഞങ്ങാട് ∙ നഗരസഭയുടെ വാഴുന്നോറടിയിലെ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ല. നിലവിലുണ്ടായിരുന്ന ഡോക്ടർ മേയ് ഒന്നു മുതൽ അവധിയിൽ പോയതോടെയാണ് ആരോഗ്യ കേന്ദ്രം അനാഥമായത്. ദിവസവും നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തിയിരുന്നത്. ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ മടങ്ങി പോകേണ്ട സ്ഥിതിയാണ്.
ഡോക്ടർ ഒരു മാസമാണ് അവധിയെടുത്തത്. പകരം സംവിധാനം ഏർപ്പെടുത്താൻ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പകരം ഡോക്ടറെ നിയമിക്കാൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ ഇളവു തേടി കമ്മിഷനെ സമീപിക്കാനും നഗരസഭ തയാറായിട്ടില്ല.
ഡോക്ടർ അവധിയിൽ പോയതോടെ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റി. നിലവിൽ ജീവിതശൈലി രോഗപരിശോധന മാത്രമാണ് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്നത്. ഇതു തൊട്ടടുത്തുള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ നടക്കുന്നുണ്ടെന്നും ഇതിനുമാത്രമായി ആരോഗ്യ കേന്ദ്രത്തിന്റെ ആവശ്യമില്ലെന്നും നാട്ടുകാർ പറയുന്നു. 5 ജീവനക്കാരെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യകേന്ദ്രം വാഴുന്നോറടിയിൽ നഗരസഭയുടെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തത്. മുൻപ് നീലേശ്വരം താലൂക്ക് ആശുപത്രിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും ആശ്രയിച്ചിരുന്ന പ്രദേശവാസികൾക്ക് ആരോഗ്യകേന്ദ്രം വന്നത് ഏറെ ആശ്വാസമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടത്താൻ കോൺഗ്രസ് വാഴുന്നോറടി മേഖല കമ്മിറ്റി തീരുമാനിച്ചു.