ആ കൈപിടിച്ച്, ചേർത്തുനിർത്തി ഉണ്ണിത്താൻ പറഞ്ഞു; ‘നമ്മൾ ജയിച്ചു’
Mail This Article
കാഞ്ഞങ്ങാട്∙ ചെറുപുഞ്ചിരിയോടെ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്ന രാജ്മോഹൻ ഉണ്ണിത്താനെ കാത്ത് വിജയച്ചിരിയോടെ മറ്റൊരാളുണ്ടായിരുന്നു, ഭാര്യ സുധാകുമാരി. പ്രചാരണ ബോർഡുകളിലെ, ഭർത്താവിന്റെ കയ്യുയർത്തിയുള്ള സ്ഥിരം പോസിൽ ഒരു അഭിവാദനം. ആ കൈപിടിച്ച്, ചേർത്തുനിർത്തി ഉണ്ണിത്താൻ പറഞ്ഞു ‘നമ്മൾ ജയിച്ചു’. ഐങ്ങോത്ത് ആയിരുന്നു ഇതുവരെ വീട്. കഴിഞ്ഞദിവസമാണ് മാതോത്തെ ഈ വീട്ടിലേക്ക് ഉണ്ണിത്താനും കുടുംബവും മാറിയത്. പുതിയ വീട്ടിലെ പുത്തൻ വിശേഷമായി തിരഞ്ഞെടുപ്പ് വിജയവും.
രാവിലെ മുതൽതന്നെ കുടുംബാംഗങ്ങൾ ടെലിവിഷന് മുന്നിലായിരുന്നു. മറ്റ് മണ്ഡലങ്ങളിലെ ലീഡുനില മാറി മറിയുമ്പോഴും കാസർകോട്ടെ വിവരങ്ങൾ ലഭിക്കാൻ വൈകിയത് എല്ലാവരെയും ആശങ്കയിലാഴ്ത്തി. തൃശൂരിലെ അപ്രതീക്ഷിത ബിജെപി കുതിപ്പിലുള്ള ആശങ്ക പങ്കുവച്ച സുധാകുമാരി, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ സുരേഷ്ഗോപി തന്റെ ബാച്ച്മേറ്റായിരുന്നുവെന്ന് ഓർത്തു. എക്സിറ്റ് പോൾ ഫലങ്ങളെ കാര്യമായി എടുത്തിരുന്നില്ലെങ്കിലും ബിജെപി സീറ്റ് നേടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന അവർ പറഞ്ഞു.
മൂന്ന് മക്കളിൽ അമലും അതുലും അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് വീട്ടിലെത്തിയിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് വിജയത്തിൽ അച്ഛനോടൊപ്പം ഇരുവരും പങ്കെടുക്കുകയും ചെയ്തു. അമൽ യുകെയിൽ ആരോഗ്യമേഖലയിലും അതുൽ കാക്കനാട് ഇൻഫോ പാർക്കിലുമാണ് ജോലി ചെയ്യുന്നത്. മറ്റൊരു മകനായ അഖിൽ യുകെയിലാണ്.