‘തനി കാസർകോട്ടുകാരനായി’; 1,00,649 വോട്ടിന് രാജ്മോഹൻ ഉണ്ണിത്താന് മിന്നും ജയം
Mail This Article
കാസർകോട് ∙ നാവിൻതുമ്പിൽനിന്നു തടസ്സമില്ലാതെ പ്രവഹിക്കുന്ന വാക്കുകൾ, ഏതുതരം സദസ്സിനെയും പിടിച്ചിരുത്തുന്ന പ്രസംഗ ചാതുരി. പതിനഞ്ചാം വയസ്സിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ വാക്കുകളുടെ വല്യത്താനാണ്. മറ്റു പാർട്ടികളിലെയും സ്വന്തം പാർട്ടിക്കുള്ളിലെയും എതിരാളികൾക്കു നേരെ വാക്ശരം തൊടുക്കുമ്പോഴും, മറുചേരിയിലുള്ള നേതാക്കളെയും സാധാരണക്കാരെയുമെല്ലാം സ്വന്തം സൗഹൃദവലയത്തിലെത്തിക്കുന്നു. ഈ സൗഹൃദങ്ങളുടെ വലുപ്പം തന്നെയാണ് തുടർച്ചയായി രണ്ടാംതവണയും കാസർകോട്ടെ അങ്കത്തട്ടിൽ ഉണ്ണിത്താനെ തുണച്ചത്.
കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ 1953ൽ ജി.കുട്ടൻപിള്ളയുടെയും സരസ്വതിയുടെയും മകനായി ജനനം. ഹിന്ദി സാഹിത്യത്തിൽ ബിരുദധാരിയായ ഉണ്ണിത്താൻ കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിൽ അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, കെപിസിസി അംഗം, ജനറൽ സെക്രട്ടറി, വക്താവ്, സേവാദൾ ദേശീയ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ചെയർമാൻ, ജയ്ഹിന്ദ് ടിവി ഡയറക്ടർ, കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽനിന്നു കോടിയേരി ബാലകൃഷ്ണനെതി ശക്തമായ മത്സരം കാഴ്ചവച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ മത്സരിച്ചു. ഒട്ടേറെ പ്രഫഷനൽ, അമച്വർ നാടകങ്ങളിലും ഇരുപതോളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിലും സംവാദ വേദികളിലും കോൺഗ്രസിന്റെ ഉജ്വലപോരാളിയായി.
ഭാര്യ: സുധാകുമാരി. മക്കൾ: അമൽ, അഖിൽ, അതുൽ.
2019ൽ വടകരയിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കാസർകോട്ടേക്കു മത്സരത്തിനു നിയോഗിക്കുന്നത്. 2014ൽ 6921 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ച മണ്ഡലം. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉണ്ണിത്താൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒരു എംപിക്കു വേണ്ടിയുള്ള കാസർകോട്ടെ കോൺഗ്രസുകാരുടെ 35 വർഷത്തെ കാത്തിരിപ്പിനു വിരാമമായി. പിന്നീട് ഉണ്ണിത്താൻ തനി കാസർകോട്ടുകാരനായി. ഇത്തവണ രണ്ടാം വിജയത്തോടെ ആ ബന്ധം കൂടുതൽ ദൃഢമാകുന്നു.
കാസർകോട് വോട്ടുനില
രാജ്മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്): 4,90,659
എം.വി.ബാലകൃഷ്ണൻ (എൽഡിഎഫ്): 3,90,010
എം.എൽ.അശ്വിനി(ബിജെപി): 2,19,558
യുഡിഎഫ് ഭൂരിപക്ഷം: 1,00,649