ADVERTISEMENT

കാഞ്ഞങ്ങാട്∙ കാലവർഷം കനത്തതോടെ പകർച്ചവ്യാധികളും തലയുയർത്തി തുടങ്ങി. മഞ്ഞപ്പിത്തം, ‍ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവയാണ് പടരുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ഇന്നലെ ചീമേനിയിൽ ഒരാൾ മരിച്ചു. ജില്ലയിൽ ഈ വർഷം മാത്രം 93 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതിൽ 9 പേർക്ക് രോഗം പിടിപെട്ടത് ഈ മാസമാണ്. കഴിഞ്ഞ ദിവസം മാത്രം 2 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 7 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി. 

ഈ മാസം 10 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 47 പേർ ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തി. ഈ വർഷം ഇന്നലെ വരെ 92 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 330 പേരാണ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം 411 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം 2606 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

മഞ്ഞപ്പിത്തം വ്യാപിക്കും; ജാഗ്രത വേണം
കാലവർഷം ശക്തമാകുന്നതോടെ പനി ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ ജലജന്യരോഗമായ മഞ്ഞപ്പിത്തം പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്ചകൾക്ക് ശേഷമാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് സാധാരണയായി 2 മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കും.

മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
∙ഇരുണ്ട നിറമുള്ള മൂത്രം
∙കടുത്ത ക്ഷീണം
∙ഓക്കാനം
∙ഛർദി
∙വയറുവേദന, തലവേദന, പേശീവേദന, പനി
∙ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിക്കും.

പ്രതിരോധ മാർഗങ്ങൾ
∙മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം ചെയ്യുക
∙ആഹാരത്തിന് മുൻപും ശുചിമുറിയിൽ പോയതിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക
∙കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
∙മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com