ADVERTISEMENT

ഇരിയണ്ണി ∙ ‌പുലിയുടെ ആക്രമണമെന്നു സംശയം; വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പട്ടിയെ വന്യജീവി കടിച്ചു കൊണ്ടുപോയി. കാൽപാടുകളും മറ്റു അടയാളങ്ങളും പരിശോധിച്ചു പുലിയാണെന്ന നിഗമനത്തിലാണ് വനപാലകരും നാട്ടുകാരും.

ബേപ്പ് തോണിപ്പള്ളത്തെ ബി.നാരായണന്റെ വളർത്തുനായയാണു തിങ്കളാഴ്ച പുലർച്ചെ നഷ്ടപ്പെട്ടത്. വീട്ടുമുറ്റത്ത് ഇരുമ്പ് കേബിളിലാണു നായയെ കെട്ടിയിട്ടിരുന്നത്. ഇതു പൊട്ടിച്ചാണ് നായയെ കൊണ്ടുപോയത്. ഇവിടെ വേറെ 2 നായകൾ കൂടി കൂട്ടിൽ ഉണ്ട്.

അവയുടെ നിർത്താതെയുള്ള കുരച്ചിൽ കേട്ട് നാരായണൻ ഉണർന്നു നോക്കിയപ്പോഴേക്കും കെട്ടിയിട്ട നായയെ കാണാനില്ലായിരുന്നു. നായയെയും കടിച്ച് ഒന്നര മീറ്ററോളം ഉയരത്തിലുള്ള മൺതിട്ട ചാടിക്കയറിയാണ് അതു പോയത്.

‌മൺതിട്ടയിൽ ഇതിന്റെ നഖപ്പാട് പതിഞ്ഞിട്ടുണ്ട്. സമീപത്തു കാൽപാടുകളും കാണാം. ഒരു വലിയ പശുവിന്റെ കുളമ്പിനോളം വലുപ്പമുള്ളതാണ് കാൽപാടുകൾ. വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം(ആർആർടി) ഫോറസ്റ്റ് ഓഫിസർ കെ.ജയകുമാരന്റെ നേതൃത്വത്തിൽ വനപാലകർ എത്തി സ്ഥലം പരിശോധിച്ചു. 

കാൽപാടുകളും പരിശോധിച്ചു. 20 കിലോയിലേറെ ഭാരമുള്ള നായയെ കൊണ്ടുപോകാൻ കഴിയണമെങ്കിൽ വലിയ പുലി ആയിരിക്കാമെന്നാണു സംശയം. സമീപത്തെ വനങ്ങളിൽ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചില്ല. 

സ്ഥലത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. മഞ്ചക്കൽ, കാട്ടിപ്പള്ളം, പേരടുക്കം, കുറ്റിയടുക്കം, കുട്ടിയാനം തുടങ്ങി പല സ്ഥലങ്ങളിലും നേരത്തെ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കാട്ടുപൂച്ച ആയിരിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതികരണം.

കുറ്റിയടുക്കത്ത് പുലിയിറങ്ങിയതിന്റെ വിഡിയോ രണ്ടാഴ്ച മുൻപു നാട്ടുകാരിൽ ആരോ പകർത്തിയിട്ടും വനംവകുപ്പിന്റെ മറുപടി പഴയതു തന്നെ ആയിരുന്നു. പക്ഷേ തോണിപ്പള്ളത്ത് ചെളിമണ്ണിൽ കാൽപാട് വ്യക്തമായി പതിഞ്ഞതോടെ പുലിയാണെന്ന നാട്ടുകാരുടെ സംശയം സ്ഥിരീകരിക്കപ്പെടുകയാണ്.

വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും  നിഷ്ഫലം
പാണ്ടി വനത്തിൽ പുലിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കാറഡുക്ക, മുളിയാർ വനങ്ങളിൽ ഇതുവരെ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇരിയണ്ണി–പേരടുക്കം റോഡിൽ പുലിയെ കണ്ടെന്നു യാത്രക്കാർ പറയുകയും പുലി കടിച്ചുകൊന്ന മുള്ളൻപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടർന്നു ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും അതിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പേരടുക്കം, ഇരിയണ്ണി, കുറ്റിയടുക്കം, മഞ്ചക്കൽ, കാട്ടിപ്പള്ളം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുലിയെ രാത്രി കണ്ടതായി യാത്രക്കാരിൽ പലരും വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 

പാറ പ്രദേശം ആയതിനാൽ കാൽപാടുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. പക്ഷേ ഈ സ്ഥലങ്ങളിൽ നിന്നൊക്കെ വളർത്തു നായകളെ കാണാതായതായി പരാതി ഉയരുകയും ചെയ്തു. അപ്പോഴും വനംവകുപ്പ് പറഞ്ഞതു കാട്ടുപൂച്ചയോ അതിനോടു സാമ്യമുളള മറ്റു ജീവികളോ ആയിരിക്കാമെന്നാണ്.

കണ്ടതു പുലിയെ തന്നെ
ആഴ്ചകൾക്കു മുൻപു ഇരിയണ്ണി– മിന്നംകുളം റോഡിലെ കുറ്റിയടുക്കത്ത് പുലിയെ കണ്ട മിന്നംകുളത്തെ എം.നാരായണൻ നായർ പറയുന്നു–‘രാത്രി 8 മണിക്ക് കാറിൽ വീട്ടിലേക്കു പോവുകയായിരുന്നു. കുറ്റിയടുക്കത്ത് എത്തിയപ്പോൾ എന്തോ ഒരു ജീവി റോഡിലേക്ക് നടന്നുവരുന്നതായി വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടു.

വേഗത കുറച്ചപ്പോഴേക്കും ഒരു പുള്ളിപ്പുലി കാറിന്റെ തൊട്ടടുത്തു കൂടി റോഡ് മുറിച്ചു കടന്നു കാട്ടിലേക്കു പോയി. ഒരു നായയേക്കാൾ വലുപ്പവും അതിനേക്കാൾ നീളവും ഉണ്ട്. വിവരം അപ്പോൾ തന്നെ വനംവകുപ്പിനെ അറിയിച്ചിരുന്നു. 2 ദിവസം കഴിഞ്ഞു അതേ സ്ഥലത്ത് ഒരു മുള്ളൻപന്നിയെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു’.

ജനങ്ങൾ ഭീതിയിൽ
കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും വാഴുന്ന കാസർകോട്ടെ വനത്തിലേക്ക് പുലി കൂടി എത്തുമ്പോൾ ജനങ്ങളുടെ ഭീതി ഒന്നുകൂടി വർധിക്കുന്നു. കാടായാൽ പുലി ഉണ്ടാകില്ലേ എന്നു എളുപ്പത്തിൽ ചോദിച്ചു തള്ളാവുന്നതല്ല കാസർകോട്ടെ സാഹചര്യം. 

കാടും നാടും ഇടകലർന്നു നിൽക്കുന്നതാണ് ഇവിടത്തെ ഭൂഘടന. അതുകൊണ്ട് പുലി കാട്ടിലായാലും നാട്ടിൽ സമാധാനത്തോടെ കഴിയാൻ സാധിക്കില്ല. കാടിന്റെ നടുവിലൂടെയാണ് ഗ്രാമപ്രദേശങ്ങളിലേക്കുള്ള റോഡും കാൽനട വഴികളും.

അതുകൊണ്ട് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതോടെ ഇവരുടെ ആശങ്കയും വർധിക്കുന്നു. ഒറ്റവാക്കിൽ നിസാരവൽകരിക്കാതെ, പുലിയെ കൂടുവച്ച് പിടികൂടുന്നത് അടക്കമുള്ള നടപടികളിലേക്ക് വനംവകുപ്പ് നീങ്ങണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com