ADVERTISEMENT

കാസർകോട് ∙ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് സ്വീകരിച്ചത് കടുത്ത നടപടി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് സി.രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം മുൻ പ്രസിഡന്റുമാരായ ടി.രാമകൃഷ്ണൻ, പ്രമോദ് പെരിയ എന്നീ മുതിർന്ന നേതാക്കളിൽ നിന്ന് പാർട്ടി അംഗത്വം തന്നെ എടുത്തുകളഞ്ഞത്, പെരിയക്കേസിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന കോൺഗ്രസ് നിലപാട് ആഴത്തിൽ ഉറപ്പിക്കുന്നതുമായി.

നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്, കെപിസിസിക്ക് എതിരെ പെരിയയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം. കോൺഗ്രസ്‌ ഉദുമ ബ്ലോക്ക് സെക്രട്ടറി രാഗേഷ് പെരിയ, ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സുധീഷ് ബാബു, യൂത്ത് കോൺഗ്രസ്‌ ടൗൺ കമ്മിറ്റി സെക്രട്ടറി ടി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്, കെപിസിസിക്ക് എതിരെ പെരിയയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം. കോൺഗ്രസ്‌ ഉദുമ ബ്ലോക്ക് സെക്രട്ടറി രാഗേഷ് പെരിയ, ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സുധീഷ് ബാബു, യൂത്ത് കോൺഗ്രസ്‌ ടൗൺ കമ്മിറ്റി സെക്രട്ടറി ടി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

പ്രവർത്തകരും നേതാക്കളും കുറ്റാരോപിതരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന പുറത്താക്കൽ നടപടി സമീപകാല കോൺഗ്രസ് ചരിത്രത്തിൽ പുതുമയുള്ളതാണെങ്കിലും ജില്ലയിൽ തിരിച്ചടിയായി മാറിയേക്കാം എന്ന് വാദിക്കുന്നവരുമുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കാസർകോട് കോൺഗ്രസിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് എന്നിവരെ പ്രസിഡന്റ് കെ.സുധാകരൻ ചുമതലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 29ന് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയ ഇവർ കഴിഞ്ഞയാഴ്ച നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.  കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയയുടെ ജ്യേഷ്ഠസഹോദരനാണ് നടപടി നേരിട്ട ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജൻ പെരിയ. നിലവിൽ യുഡിഎഫ് ഉദുമ നിയോജക മണ്ഡലം ചെയർമാനാണ് രാജൻ. ഫോട്ടോ പുറത്തുവന്ന് പിറ്റേന്നുതന്നെ പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു. 

കോൺഗ്രസ് നിയന്ത്രണത്തിലുള്ള പെരിയ സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റാണ് ടി.രാമകൃഷ്ണൻ. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13–ാം പ്രതിയായ സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുകയും പ്രതിയായ സിപിഎം നേതാവിനൊപ്പം നിന്ന് നേതാക്കളിൽ ചിലർ ഫോട്ടോയെടുക്കുകയും ചെയ്തതാണ് വിവാദമായത്.

മേയ് 7നായിരുന്നു സംഭവം. സൽക്കാരം നടന്ന പെരിയ മൊയോലത്തെ ഓഡിറ്റോറിയം രാജൻ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നേതാക്കളുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ കടുത്ത ഭാഷയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചത്. സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനാണെങ്കിലും അവർ കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് ഉണ്ണിത്താൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനെതിരേ ബാലകൃഷ്ണൻ പെരിയയിട്ട കുറിപ്പ് മണിക്കൂറുകൾക്കകം പിൻവലിച്ചു.

വിവാദം കത്തിപ്പടർന്നതോടെ ഈ മാസം 13ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി ഭാരവാഹികൾ, വിവിധ പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ അറുപതോളം പേരാണു സമിതി മുൻപാകെ തെളിവു നൽകാനെത്തിയത്.

കല്യോട്ടെത്തിയ സമിതിയംഗങ്ങൾ ശരത്‌ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ, കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണൻ എന്നിവരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. പാർട്ടി നടപടി ഏകപക്ഷീയമാണെന്നും ഈ തീരുമാനത്തിന് പിന്നിൽ രാജ്മോഹൻ ഉണ്ണിത്താനോടുള്ള നേതൃത്വത്തിന്റെ ഭയമാണെന്നും പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.

 ‘പുറത്താക്കിയപ്പോൾ എല്ലാ പാർട്ടിക്കാരും ക്ഷണിച്ചു. ഞങ്ങളുടെ ജീവാത്മാവും പരമാത്മാവും കോൺഗ്രസാണ്. അതിൽനിന്ന് മാറിയുള്ള ചിന്തയില്ല.’– ബാലകൃഷ്ണൻ പെരിയ പറഞ്ഞു. 2019 ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയമായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്.

രാജൻ കെ.അരീക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
കാഞ്ഞങ്ങാട്∙പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാജൻ കെ.അരീക്കരയെ നിയമിച്ചതായി ഡിസിസി നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com