ADVERTISEMENT

കൊട്ടംകുഴി(കാറഡുക്ക)∙‘ദാ അവിടെ നിന്നാണു ഞാൻ അലർച്ച കേട്ടത്. നോക്കിയപ്പോൾ ഒരു ജീവി കാട്ടിനുള്ളിലേക്കു ഓടി മറയുന്നതു കണ്ടു. പുലിയുടെ ശബ്ദമാണെന്ന് ഉറപ്പായതോടെ പേടിച്ചുവിറച്ചു പോയി. കാലുകൾ മരവിച്ചു ഓടാൻ പോലും കഴിഞ്ഞില്ല’. ‌വീട്ടിലേക്കുള്ള വഴിയരികിൽ നിന്നു കാട്ടിലേക്കു വിരൽ ചൂണ്ടി സംഭവം വിവരിക്കുമ്പോൾ കൊട്ടംകുഴി ചെറിയ ഒയക്കോലിലെ കൃഷ്ണകുമാരിക്കു മണിക്കൂറുകൾക്കു ശേഷവും വാക്കുകൾ കിട്ടുന്നില്ല.

കൊട്ടംകുഴി ഒയക്കോലിലെ വിനോദിന്റെ വീട്ടിലെ വളർത്തുനായയെ ആക്രമിച്ച ജീവിയെ കണ്ടെത്താൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു കാത്തിരിക്കുന്നതിനിടയിലാണു ഇന്നലെ രാവിലെ ചെറിയ ഒയക്കോലിലേക്കു പുലിയെത്തിയത്. ക്യാമറ സ്ഥാപിച്ച സ്ഥലത്തു നിന്നു 500 മീറ്റർ അകലെ നിന്നാണ് പട്ടാപ്പകൽ കാട്ടിൽ നിന്നു അലർച്ച കേട്ടത്. രാവിലെ 8.40 നു മകളെ സ്കൂൾ വാഹനത്തിൽ കയറ്റി വീട്ടിലേക്കു തിരിച്ചുവരികയായിരുന്നു കൃഷ്ണകുമാരി. കാട്ടിലൂടെ 200 മീറ്ററോളം നടന്നാണ് വാഹനം എത്തുന്ന റോഡിലേക്കെത്തുന്നത്.

കുറെ നേരം അവിടെ തന്നെ നിന്ന ശേഷമാണ് മനസ്സാന്നിധ്യം വീണ്ടെടുത്തത്. നാട്ടുകാരിൽ പലരും ഈ ശബ്ദം കേട്ടിരുന്നു. തുടർന്നു വനംവകുപ്പിനെ വിവരം അറിയിക്കുകയും വനപാലകർ എത്തി പരിശോധന നടത്തുകയും ചെയ്തു.കാടിന്റെ അതിർത്തിയിലായതിനാൽ കാട്ടാനയെ പലതവണ കൃഷ്ണകുമാരി നേരിട്ടു കണ്ടിരുന്നു. കാട്ടു പോത്തിനെയും കണ്ടിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇല്ലാത്ത പേടിയാണ് ഇപ്പോഴുണ്ടായതെന്നു അവർ പറഞ്ഞു. 3 ആഴ്ച മുൻപും രാവിലെ കാട്ടിൽ നിന്നു ഇതേ അലർച്ച കേട്ടിരുന്നെങ്കിലും അതു കാര്യമാക്കിയിരുന്നില്ല. കുട്ടികൾ അടക്കമുള്ളവർ നടന്നുപോകുന്ന വഴിയുടെ അരികിൽ നിന്നാണു അലർച്ച കേട്ടത്. പട്ടിക്കു നേരെ ആക്രമണമുണ്ടായ വിനോദിന്റെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ ഇന്നലെ ദൃശ്യങ്ങൾ ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com