ADVERTISEMENT

ചെറുവത്തൂർ∙ കടൽക്ഷോഭത്തിനും വറുതിക്കുമിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര. ട്രോളിങ് നിരോധന കാലത്താണ് പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്ക് ഈ ചാകരകൊയ്ത്ത്. ഇന്നലെ 500 മുതൽ 2000 കിലോ വരെ പൂവാലൻ ചെമ്മീനുമായാണ് അനേകം വള്ളങ്ങൾ മടക്കര മത്സ്യബന്ധന തുറമുഖത്ത് എത്തിയത്. ഒരിക്കൽ ചെമ്മീനുമായി എത്തിയ പല വള്ളങ്ങളും വീണ്ടും കടലിൽ പോയി ചെമ്മീനുമായി തിരിച്ചെത്തി. രാവിലെ കിലോയ്ക്ക് 140രൂപയ്ക്കും പിന്നീട് 110 മുതൽ 100വരെ രൂപയ്ക്കുമാണ് മത്സ്യ വ്യാപാരികൾ വള്ളക്കാരിൽ നിന്ന് ചെമ്മീൻ വാങ്ങിയത്.

ചെമ്മീൻ ചാകരയും വിലക്കുറവും സമൂഹ മാധ്യമങ്ങളും മറ്റും വഴി അറിഞ്ഞതോടെ ചെമ്മീൻ വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ വാഹനങ്ങളിലും മറ്റുമായി കൂട്ടത്തോടെ തുറമുഖത്ത് എത്തി. കടൽക്ഷോഭത്തിനു ശേഷം കടൽ ശാന്തമായാൽ സാധാരണ ചാകര കിട്ടാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വള്ളക്കാർക്ക് വലയും മനസ്സും നിറച്ച് ചെമ്മീൻ ലഭിച്ചതോടെ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങാൻ കാത്തിരിക്കുന്ന മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികൾ കടലോളം പ്രതീക്ഷയുമായാണ് നിൽക്കുന്നത്.

മടക്കര മീൻപിടിത്ത തുറമുഖത്ത് എത്തിയ വള്ളക്കാരിൽ നിന്ന് മത്സ്യവ്യാപാരി വാങ്ങി സംഭരിച്ച ചെമ്മീൻ.
മടക്കര മീൻപിടിത്ത തുറമുഖത്ത് എത്തിയ വള്ളക്കാരിൽ നിന്ന് മത്സ്യവ്യാപാരി വാങ്ങി സംഭരിച്ച ചെമ്മീൻ.

31ന് അർധരാത്രി ട്രോളിങ് നിരോധനം അവസാനിക്കും. എന്നാൽ കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ കടൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കിലോയ്ക്ക് 200 മതൽ 250വരെ വിലയുണ്ടായിരുന്ന പൂവാലൻ ചെമ്മീന് നേർപകുതി വിലയാകാൻ കാരണം ഇതാണെന്ന് പറയുന്നു. ഇതോടെ ഇന്ത്യൻ കടൽ ചെമ്മീൻ വിപണി നേരിടുന്ന പ്രതിസന്ധി ചർച്ചയാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com