ADVERTISEMENT

ചെറുവത്തൂർ∙ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവത്തൂർ, കയ്യൂർ -ചീമേനി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്‌ടം. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് പൂർണമായും തകർന്നു. മരങ്ങൾ വീണ് ഏഴോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്ന് റോഡിൽ വീണു. ഇതോടെ ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിലിക്കാട് വൈദ്യുതി സെക്‌ഷൻ പരിധിയിൽ പലയിടത്തായി 35 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 

എളേരിത്തട്ട് മങ്കത്തിലെ ആമ്പിലേരി വിജയന്റെ ഓട്ടോറിക്ഷ മരംവീണ് തകർന്നനിലയിൽ
എളേരിത്തട്ട് മങ്കത്തിലെ ആമ്പിലേരി വിജയന്റെ ഓട്ടോറിക്ഷ മരംവീണ് തകർന്നനിലയിൽ

കയ്യൂർ സെക്‌ഷൻ പരിധിയിൽ 27 പോസ്റ്റുകളാണ് തകർന്നത്. കയ്യൂർ - ചീമേനി പഞ്ചായത്തിൽ അനേകം വീടുകൾ മരങ്ങൾ വീണ് ഭാഗികമായി തകർന്നു. കാർഷിക വിളകളും കാറ്റിൽ നശിച്ചു. വൻമരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കൺവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ റോഡിലെ മരങ്ങൾ മുറിച്ചു മാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. ഇ.പി. രാഘവൻ, പി. പി. ശ്രീധരൻ, ടി. കണ്ണൻകുഞ്ഞി, ഇ.പി. കാരിച്ചി, പി. പി. ലളിത, ഇ. പി. കുമാരൻ, കെ. മഹേഷ്‌ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു.

ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപം ചെറുവത്തൂർ–മടക്കര റോഡിൽ വൈദ്യുത തൂൺ പൊട്ടിവീണ നിലയിൽ
ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപം ചെറുവത്തൂർ–മടക്കര റോഡിൽ വൈദ്യുത തൂൺ പൊട്ടിവീണ നിലയിൽ

ചീമേനി കരക്കാടെ പി. പി. യശോദ, വെളിച്ചംതോടിലെ സെബാസ്റ്റ്യൻ, പുക്കലിലെ പി.പി. സുജ, എ. ഗോവിന്ദൻ എന്നിവരുടെ വീടിന്‌ മുകളിൽ മരങ്ങൾ പൊട്ടി വീണ് കേടുപാടുകൾ സംഭവിച്ചു. വെളിച്ചംതോടിലെ ആർ. കെ. രാമകൃഷ്‌ണൻ, ചീയേയി എന്നിവരുടെ പറമ്പിലെ മുഴുവൻ മരങ്ങളും കാറ്റിൽ കടപുഴകി. പുക്കലിലെ ബാലകൃഷ്ണന്റെ മുന്നൂറോളം റബർ മരങ്ങളും നശിച്ചു. കൂടാതെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശവും സംഭവിച്ചു. ഞണ്ടാടിയിലെ ദിലീപ്‌ തങ്കച്ചന്റെ വീടിന്‌ മുകളിലും മരം പൊട്ടി വീണു. ചെറുവത്തൂരിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വ്യാപക നാശം സംഭവിച്ചു. കാവുഞ്ചിറ നെല്ലിക്കാലിലെ എം വി കാർത്യായനിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ അദ്‌ഭുതകരയി രക്ഷപ്പെടുകയായിരുന്നു.

നെല്ലിക്കാലിലെ വി വി ചിരുത, എ കണ്ണൻ, കാവുഞ്ചിറയിലെ ടി ബാലകൃഷ്ണൻ എന്നിവരുടെ വീട്ടിന്‌ മുകളിലും തെങ്ങ്‌ പൊട്ടി വീണ്‌ കേടുപാടുകൾ സംഭവിച്ചു. കാടങ്കോടെ അജയന്റെ വീടിന്റെ ഓട്‌ മേൽക്കൂര കാറ്റിൽ പറന്നുപോയി. മീൻപിടിത്ത തുറമുഖത്തെ മരങ്ങൾ കടപുഴകി. ചെറുവത്തൂർ സാമൂഹ്യരോഗ്യ കേന്ദ്രത്തിന്‌ മുകളിലേക്ക്‌ തൊട്ടടുത്തുള്ള മരം പൊട്ടി വീണ്‌ ജനലുകൾ, ഇരുമ്പ്‌ മേൽക്കൂരകൾ എന്നിവ തകർന്നു. തകർന്ന വീടുകൾ ജനപ്രതിനിധികൾ, വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ വളരെ വൈകിയും ജീവനക്കാർ ശ്രമം നടത്തുകയാണ്.

തൃക്കരിപ്പൂർ∙ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുത വിതരണം നിലച്ചു. കെഎസ്ഇബി തൃക്കരിപ്പൂർ സെക്‌ഷനിൽ 15 ഓളം വൈദ്യുത തൂണുകൾ തകർന്നു. പത്തിടങ്ങളിൽ കമ്പികൾ മുറിഞ്ഞു. പുലർച്ചെ ആരംഭിച്ച അറ്റകുറ്റപ്പണിയും മറ്റും കെഎസ്ഇബി ജീവനക്കാർ ഇന്നലെ വൈകിയും തുടരുന്നുണ്ട്. ആയിറ്റിയിൽ എൻ.സൈനുൽ ആബിദ്, കണ്ണൻ, ഇ.പവിത്രൻ, മാധവി, ലതീഷ്, സാഹിറ, ലോഹിതാക്ഷൻ, മണിയനൊടിയിൽ കെ.ആയിഷ, എ.ജി.ഫാറൂഖ്, എൻ.അബ്ദുൽ ഖാദർ തുടങ്ങിയവരുടെ വീടുകൾ തകർന്നു. 20ൽ പരം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടന്ന തെക്കെക്കാട്ടിൽ പി.കുഞ്ഞിമൊയ്തീൻ കുട്ടിയുടെ പശുത്തൊഴുത്തിന്റെ മേൽക്കൂര ദൂരേക്കു പറന്നു. ഇതോടു ചേർന്നുള്ള സ്റ്റോർ റൂമിന്റെ ഭിത്തിയും തകർന്നു വീണു.

കൊയങ്കരയിൽ അരിയിൽ ബാബുവിന്റെ വീട്ടിൽ നിർത്തിയിട്ട കാർ മരം വീണു തകർന്നു. കൂവാരത്ത് രാജൻ, മുട്ടത്ത് കോരൻ, ടി.വി.മധു, പി.അപ്പുനായർ, കാര്യത്ത് ശ്രീധരൻ എന്നിവരുടെ വീടുകളിൽ‌ നാശമുണ്ട്. പ്രകൃതിക്ഷോഭം മൂലം ഇന്നലെ നിർമാണ മേഖലയിൽ പലതും സ്തംഭിച്ചു. നാശം നേരിട്ടതിനു പുറമേ വൈദ്യുതവിതരണം നിലച്ചതു കൂടിയാണ് നിർമാണ മേഖലകളിലെ തൊഴിൽ സ്തംഭനത്തിനു കാരണം. അതേസമയം അമ്പതോളം സ്ഥലങ്ങളിൽ മുറിഞ്ഞുവീണ മരങ്ങളും തെങ്ങുകളും വൈദ്യുത ലൈനിൽ നിന്നു വെട്ടിനീക്കുന്നതിനും ഗതാഗത തടസ്സമുണ്ടാക്കി റോഡുകളിൽ വീണുകിടന്ന മരങ്ങളും നീക്കുന്നതിനും അഗ്നിരക്ഷാ സേനയ്ക്കും മരംമുറി തൊഴിലാളികൾക്കും പിടിപ്പത് പണിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com