‘ലൂമിനറി 2024’: കണ്ണൂർ സർവകലാശാല വിസി ഡോ. കെ.കെ.സാജു ഉദ്ഘാടനം ചെയ്യും
Mail This Article
കാസർകോട്∙ കഴിഞ്ഞ 5 വർഷത്തിനിടെ രാജപുരം കോളജിലെ 82 വിദ്യാർഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടിയതിൽ പ്രചോദനം ഉൾക്കൊണ്ട്, കോളജിലെ സ്റ്റുഡന്റ് പ്രോഗ്രഷൻ സെല്‍ ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ‘ലൂമിനറി 2024’ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. കെ.കെ.സാജു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല റജിസ്ട്രാർ ഡോ. ജോബി കെ. ജോസും ചടങ്ങിൽ പങ്കെടുക്കും.
ഐഐടി, ഐഐഐടി, എൻഐടി ഉൾപ്പെടെയുള്ള മികവിന്റെ കേന്ദ്രങ്ങളിലാണ് 7 കോഴ്സുകളിൽ നിന്നായി 82 വിദ്യാർഥികൾ പ്രവേശനം നേടിയത്. 2024ൽ ബികോം പഠിച്ചിറങ്ങിയ 25 വിദ്യാർഥികളും, കഴിഞ്ഞ 5 വർഷത്തിനിടെ 52 ബിബിഎ വിദ്യാർഥികളും കൊണ്ടുവന്ന നേട്ടത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ലൂമിനറി’ എന്ന പേരിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 50 വിദ്യാർഥികൾ ഈ വർഷം മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടാൻ ലക്ഷ്യമിടുന്നതായി കോഡിനേറ്റർ നിഖിൽ മോഹൻ പറഞ്ഞു.