മികവിന്റെ കേന്ദ്രങ്ങളിലേക്കുള്ള പ്രയാണം; 'ലൂമിനറി 2024' രാജപുരം കോളജിൽ ഉദ്ഘാടനം ചെയ്തു
Mail This Article
രാജപുരം∙ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് രാജപുരം കോളജിലെ 82 വിദ്യാർഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടിയതിൽ പ്രചോദനം ഉൾക്കൊണ്ട്, കോളജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷൻ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ 'ലൂമിനറി 2024' കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ. കെ. സാജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് ചടങ്ങിൽ പങ്കെടുത്തു. പ്രതികൂല സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം എന്നും, പ്രതിസന്ധികളെ അതിജീവിച്ച് എത്ര ദൂരം മുന്നോട്ടുപോകുന്നു എന്നതിനെ ആശ്രയിച്ച് കൂടുതൽ വിജയങ്ങൾ ഉണ്ടാകും എന്നും വൈസ് ചാൻസിലർ പറഞ്ഞു. സെന്റ് പയസ്സ് ടെന്ത് കോളജ് പ്രതിസന്ധികളെ അതിജീവിച്ച വിദ്യാർഥികളുടെ വിജയകഥയാണ് പറയുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ഐഐടികൾ, എൻഐടികൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ മികവിന്റെ കേന്ദ്രങ്ങളിൽ ആണ് 7 കോഴ്സുകളിൽ നിന്നായി 82 വിദ്യാർത്ഥികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്രവേശനം നേടിയത്.
ബികോം കോഴ്സ് 2024 വർഷത്തിൽ പഠിച്ചിറങ്ങിയ 25 വിദ്യാർഥികളും, കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് 52 ബിബിഎ വിദ്യാർഥികളും കൊണ്ടുവന്ന നേട്ടത്തിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ലൂമിനറി എന്ന പേരിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുന്നത് എന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 50 വിദ്യാർഥികൾ ഈ വർഷം മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടുവാൻ ലക്ഷ്യമിടുന്നതായി കോഡിനേറ്റർ നിഖിൽ മോഹൻ അറിയിച്ചു. .
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയായ അതിർത്തി ഗ്രാമമായ രാജപുരം കുടിയേറ്റ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും ചെറിയ എയ്ഡഡ് കോളേജുകളിൽ ഒന്നാണ് സെന്റ് പയസ് ടെന്ത് കോളേജ്. 7 ബിരുദ കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്സും മാത്രമുള്ള കോളജിൽ നിന്നും 82 വിദ്യാർഥികളുടെ നേട്ടം പ്രത്യേകതയുള്ളതാണ്. ബിരുദ കോഴ്സുകളോടൊപ്പം കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടി കോളജിൽ നടക്കുന്നതിനാൽ, അധ്യാപകരുടെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉന്നതങ്ങളിൽ എത്തുവാൻ വിദ്യാർഥികൾക്ക് കഴിയുന്നു.