ADVERTISEMENT

ചെറുവത്തൂർ ∙ നിയമം ലംഘിച്ച് ചെറിയ മത്സ്യങ്ങളെ പിടിച്ചെടുത്ത് വിൽപന വ്യാപകം. ചെറിയ അയലയുമായി മടക്കര മീൻപിടിത്ത തുറമുഖത്ത് എത്തിയ വള്ളം മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. ഇതിൽ 10 സെന്റിമീറ്ററോളം വലുപ്പമുള്ള 150ഓളം കിലോഗ്രാം ചെറിയ അയലയാണ് പിടികൂടിയത്. മത്സ്യം കടലിൽ ഒഴുക്കിയതിനു ശേഷം വള്ളം കസ്റ്റഡിയിലെടുത്തു. 14സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള അയല മാത്രമേ പിടിക്കാൻ പാടുള്ളൂ എന്ന ചട്ടം നിലനിൽക്കുമ്പോഴാണ് വലുപ്പമില്ലാത്ത മീൻ പിടിച്ചത്. ചെറിയ മത്തിയും ഇന്നലെ തുറമുഖത്ത് എത്തിയിരുന്നു. എന്നാൽ ഇത് അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്തിക്ക് 10 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പം വേണമെന്നാണ് നിയമം. 

എന്നാൽ ഇന്നലെ ഇവിടെ എത്തിയ മത്തിക്ക് നേർ പകുതി പോലും വലിപ്പമുണ്ടായിരുന്നില്ല. മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷൺമുഖൻ, റെസ്ക്യൂ ഗാർഡുമാരായ സേതു, ശിവൻ, ഡ്രൈവർമാരായ ഷൈജു, ബാദുഷ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റും കാരണം ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും ഇപ്പോൾ കടലിൽ ഇറങ്ങുന്നില്ല. അതു കൊണ്ടു തന്നെ ഈ ചെറുമീനിനു പോലും തീവിലയാണ്. ചെറിയ അയല, മത്തി എന്നിവയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് മാർക്കറ്റിൽ വില. മറ്റ് മത്സ്യങ്ങൾ ധാരാളമായി ലഭിക്കുമ്പോൾ ചെറിയ അയല കറിക്കു വേണ്ടി ഉപയോഗിക്കാറില്ല. 

ഈ സമയത്ത് ഇവ വളരെ ചെറിയ വിലയ്ക്ക് ഇവ വാങ്ങി ഉള്ളാളിലെ ഫിഷ് മില്ലിൽ പൊടിക്കുവാനാണ് കൊണ്ടുപോകുന്നത്. ഇവ പൊടിച്ച് വളവും കോഴിത്തീറ്റയും ഒക്കെ ഉണ്ടാക്കി വിൽപനയ്ക്കെത്തിക്കുന്നു. 10 ദിവസം മുൻപ് മടക്കര തുറമുഖത്ത് 2 വള്ളങ്ങളിലായി എത്തിയ ചെറിയ അയല അധികൃതർ പിടിച്ചെടുത്ത് 10,000രൂപ വീതം വള്ളത്തിന്റെ ഉടമസ്ഥനിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. പിടിച്ചെടുക്കാവുന്ന 58ഓളം മത്സ്യത്തിന്റെ നിയമാനുസൃതമായ കുറഞ്ഞ വലുപ്പം സംസ്ഥാന മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ച് ചെറിയ മത്സ്യം പിടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com