വളർത്തുമീൻ കൂടുകൾ പുഴയിലേക്ക് മുക്കി കറുത്ത കല്ലുമ്മക്കായകൾ; കരിമീൻ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ മഴ
Mail This Article
ചെറുവത്തൂർ ∙ പുഴമീനുണ്ടോ..... എന്ന നീട്ടിയൊരു ചോദ്യം അടുക്കളയിലേക്കെറിഞ്ഞാൽ പല ഹോട്ടലുകൾക്കും അകത്തുനിന്ന് മസാലയിൽ പൊതിഞ്ഞ് സുന്ദരക്കുട്ടപ്പനായി പുറത്തേക്ക് ഒരാളെത്തും, വളർത്തുമീൻ. പുഴയിൽ മീനിന്റെ അളവുകുറഞ്ഞതോടെ പ്രിയമേറിയത് വളർത്തുമീനിനാണ്. പുഴയിലും കായലിലും കൂടുകൾ സ്ഥാപിച്ച് വളർത്താനുള്ള ശ്രമങ്ങളും തുടങ്ങിയതോടെ വളർത്തുമീനും പുഴമീനായി.
എന്നാൽ മീനിനെപ്പൊതിഞ്ഞെടുക്കുന്ന മസാലയേക്കാൾ എരിവാണ് അതിനെ വളർത്തുന്നവർ ഇപ്പോൾ രുചിക്കുന്നത്. മഴ തോന്നിയപോലെ പെയ്തപ്പോൾ പുഴയിലെയും കായലിലെയും പല മീൻകെട്ടുകളും ഒഴുകിപ്പോയി. തകരാതെ പിടിച്ചുനിന്നവയിലെ മീൻകുഞ്ഞുങ്ങൾ കുത്തൊഴുക്കിന്റെ ശക്തിയിൽ ചത്തു. സർക്കാർ പിന്തുണയോടെ ഈ മേഖലയിലേക്കെത്തിയ ഒട്ടേറെ കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
മീൻ വളർത്താൻ രീതികൾ പലത്
വീട്ടുവളപ്പിൽ തയാറാക്കിയ വലുതും ചെറുതുമായ കുളങ്ങളിലും, പുഴകളിലും കായലുകളിലും തയാറാക്കിയ കൂടുകളിലുമാണ് കർഷകർ മത്സ്യക്കൃഷി ചെയ്യുന്നത്. ചില കർഷകർ നൂതന രീതിയിലുള്ള ബയോഫ്ലോക് രീതിയിലുള്ള മത്സ്യക്കൃഷിയും ചെയ്തു വരുന്നുണ്ട്. കാളാഞ്ചി, കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, കാർപ്, നൈൽ തിലാപ്പിയ, അസം വാള തുടങ്ങിയവയാണ് പ്രധാനമായും വളർത്തി വരുന്നത്. മീൻ കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിലും അനുമതി പത്രങ്ങൾ വേഗത്തിൽ നൽകുന്നതിലുമടക്കം മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ മത്സ്യത്തൊഴിലാളികളും കർഷകരുമായ ഒട്ടേറെപ്പേരാണ് കൃഷിയിലേക്കെത്തിയത്.
കൂട് വെള്ളത്തിൽ മുക്കുന്ന കറുത്ത കല്ലുമ്മക്കായ
കായലിലും പുഴകളിലും കൂടുകൃഷി ചെയ്യുന്നവർക്ക് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നിരിക്കുന്നത് ഇവിടെ വ്യാപകമായി വളർന്നു വരുന്ന, ഉപയോഗത്തിന് പറ്റാത്ത കറുത്ത കല്ലുമ്മക്കായയാണ്. മത്സ്യം വളർത്തുന്ന കൂടുകളിലും, കൂടിന്റെ നാലു ഭാഗത്തുമുള്ള വലയിലും പറ്റിപ്പിടിക്കുന്നതിനാൽ കൂട് മുഴുവനായും വെള്ളത്തിൽ താഴ്ന്ന് ഇതിലെ വളർത്തു മത്സ്യങ്ങൾ പൂർണമായും നശിക്കുന്നു.
ഇതു കാരണം ലക്ഷങ്ങൾ നഷ്ടമായ കർഷകർ ജില്ലയിലുണ്ട്. കറുത്ത കല്ലുമ്മക്കായയുടെ ശല്യം പരാതിയായതിനെ തുടർന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ഇവിടെ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി മടങ്ങിയെങ്കിലും ഇതിന് പ്രതിവിധികൾ നിർദേശിക്കുകയോ മറ്റോ ഉണ്ടായില്ല.
കരിമീൻ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ മഴ
മത്സ്യക്കുഞ്ഞുങ്ങളെ വളർത്തു കേന്ദ്രങ്ങളിൽ നിക്ഷേപിച്ച ഉടനെ കാലം തെറ്റി പെയ്ത മഴയെ തുടർന്ന് പുഴയിലും കായലിലും വെള്ളം ക്രമാതീതമായി ഉയർന്നതും, പുഴയിലെ ശകതമായ ഒഴുക്കു കാരണം കരിമീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തുപോയത് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കി. മത്സ്യത്തീറ്റയ്ക്ക് വർഷത്തിൽ വില കൂടുമ്പോഴും മത്സ്യങ്ങൾക്ക് ഇതനസരിച്ചുള്ള വില കിട്ടാത്തതും കർഷകരെ കുഴക്കുന്നു.
കളാഞ്ചി എന്ന മത്സ്യത്തിന് തീറ്റയായി കൊടുക്കുന്നത് മത്സ്യത്തിനെ തന്നെയാണ്. ഇതിനായി മീൻപിടിത്ത തുറമുഖങ്ങളിലും, കേന്ദ്രങ്ങളിലും, മീൻ മാർക്കറ്റുകളിലും എത്തി മീൻ വാങ്ങുകയാണ് കർഷകർ ചെയ്യുന്നത്. എന്നാൽ അടുത്ത കാലത്ത് കടൽ മത്സ്യത്തിന് ക്ഷാമം നേരിട്ടപ്പോൾ ഉണ്ടായ ദുരിതം ചില്ലറയല്ല. ഇവയ്ക്ക് കൃത്യമായി തീറ്റ കിട്ടിയില്ലെങ്കിൽ വലിയ മീൻ ചെറിയവയെ തിന്നുതും വെല്ലുവിളിയാകുന്നു.
മീൻകള്ളന്മാരുടെ ശല്യവും നേരിടണം
രാത്രിയിൽ എത്തി മീൻ കട്ടു കൊണ്ടു പോകുന്ന മീൻകള്ളൻമാരെ ഭയന്ന് മീൻ വളർത്തു കേന്ദ്രങ്ങളിൽ നീരീക്ഷണ ക്യാമറ വച്ച് കഴിയുകയാണ് പല കർഷകരും. എങ്കിലും കൂടുകളിൽ നിന്ന് മീനിനെ നഷ്ടപ്പെടുമെന്ന് കർഷകർ പറയുന്നു. വളർത്തിയെടുക്കുന്ന മത്സ്യങ്ങൾക്ക് കൃത്യമായ മാർക്കറ്റ് ഇല്ലാത്തതിനാൽ ആവശ്യത്തിനെത്തുന്നവർ പറയുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. പല കാരണങ്ങൾ കൊണ്ടും പ്രതിസന്ധിയിലാണെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ് മത്സ്യ കർഷകർ.