ADVERTISEMENT

കാഞ്ഞങ്ങാട് ∙ ട്രെയിൻ തട്ടി മൂന്നുപേരുടെ മരണം ഓണത്തിരക്കിലമർന്ന നഗരത്തെ ഞെട്ടിച്ചുകളഞ്ഞു. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിനു സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്.  ബസിറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോയി. പ്ലാറ്റ്ഫോം രണ്ടിലേക്കു പോയ ഇവരെ കൂടെയുണ്ടായിരുന്നവർ തിരികെവിളിച്ചു. മടങ്ങിവരുന്നതിനിടെയാണ് രണ്ടാമത്തെ പ്ലാറ്റ്ഫോം വഴി വന്ന കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചത്. 

ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചതറിഞ്ഞ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയ ജനം.
ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചതറിഞ്ഞ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയ ജനം.

നിലവിളിയും ബഹളവും കേട്ടു കൂടെയുണ്ടായിരുന്നവർ ഭയന്നു. ആരൊക്കെയാണ് അപകടത്തിൽപെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു. പിന്നീടാണ് സംഭവസ്ഥലത്തുനിന്നു 150 മീറ്റർ അപ്പുറത്തുനിന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. 

വിവാഹസംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മലബാർ എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങി. സംഭവത്തെത്തുടർന്നു മലബാർ എക്സ്പ്രസ് കോട്ടിക്കുളം സ്റ്റേഷനിൽ പിടിച്ചു. പിന്നീട് 8.15ന് ആണ് ട്രെയിൻ കാഞ്ഞങ്ങാട് എത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി.അജിത്കുമാർ എന്നിവർ സ്ഥലത്തെത്തി. 3 ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കലക്ടർ ഇടപെട്ട് രാത്രിതന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാനുള്ള നടപടി സ്വീകരിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയും കാഞ്ഞങ്ങാട്ടെത്തി. 

ചങ്കുതകർന്ന് ബിജു 
കാഞ്ഞങ്ങാട് ∙ മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണ് ബിജു ഏബ്രഹാം. ബിജുവിന്റെ മകളുടെ വിവാഹമാണ് ഇന്നലെ കള്ളാർ സെന്റ് തോമസ് പള്ളിയിൽ നടന്നത്. വിവാഹച്ചടങ്ങുകൾക്ക് ശേഷം മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്പോഴാണ് ദുരന്തം. വിവാഹസംഘത്തിലെ മറ്റുള്ളവരെ മലബാർ എക്സ്പ്രസിൽ കയറ്റിവിട്ട ശേഷം ബിജു തുടർനടപടികൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എങ്ങനെ തിരിച്ചുപോകുമെന്നു പറഞ്ഞ് ബിജു വിലപിച്ചപ്പോൾ ആർക്കും സമാധാനിപ്പിക്കാനായില്ല

English Summary:

A joyous occasion turned tragic in Kanhangad, Kerala, as a train accident claimed the lives of three individuals returning from wedding celebrations during the Onam festival. The accident occurred on the trolley path as the victims were heading towards the platform to board their train.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com